s

അഞ്ചു കോടിയുടെ പദ്ധതിക്ക് ഭരണാനുമതി

ആലപ്പുഴ: ആലപ്പുഴ മെഡി. ആശുപത്രിയിൽ പേ വാർഡ് (പണം കൊടുത്ത് ഉപയോഗിക്കാൻ പറ്റുന്ന മുറികളുള്ള വാർഡ്) നിർമ്മിക്കാൻ പൊതുമരാമത്ത് വകുപ്പ് സമർപ്പിച്ച അഞ്ചു കോടിയുടെ പദ്ധതിക്ക് ഭരണാനുമതി. ഉടൻ ടെണ്ടർ നടപടി പൂർത്തീകരിച്ച് നിർമ്മാണം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.

മോർച്ചറി കെട്ടിടത്തിന് പടിഞ്ഞാറുഭാഗത്ത് 30 കോടി ചെലവഴിച്ച് കുട്ടികൾക്കും സ്ത്രീകൾക്കും വേണ്ടി നിർമ്മിക്കുന്ന പുതിയ ബ്ളോക്കിന് മുന്നിലാണ് പേവാർഡ് കെട്ടിടത്തിന് സ്ഥലം കണ്ടെത്തിയിട്ടുള്ളത്. മണ്ണ് പരിശോധന പൂർത്തിയായി. മൊത്തം അഞ്ച് നിലയാണെങ്കിലും ആദ്യഘട്ടത്തിൽ മൂന്ന് നിലയാണ് നിർമ്മിക്കുന്നത്. നിലവിൽ, വി.ഐ.പികൾ ഉൾപ്പെടെയുള്ളവർ അടിയന്തരഘട്ടത്തിൽ എത്തിയാൽ ചികിത്സ നൽകാൻ കഴിയുന്ന സിക്ക്റൂം പോലും ഇല്ലാത്ത അവസ്ഥയാണ്. പൊതുമരാമത്ത് വകുപ്പിന് പുറമേ ഹൗസിംഗ് ബോർഡിന്റെ നേതൃത്വത്തിൽ മറ്റൊരു പേവാർഡ് ബ്ളോക്ക് നിർമ്മിക്കാനുള്ള നടപടിയും ആരംഭിച്ചു. പി.ജി ക്വാർട്ടേഴ്സിന് സമീപത്താണ് ഹൗസിംഗ് ബോർഡ് പേവാർഡ് നിർമ്മിക്കുന്നത്.

പേ വാർഡ് സാദാ വാർഡായി

2009ൽ ആലപ്പുഴ നഗരത്തിൽ നിന്ന് ആശുപത്രിയുടെ പ്രവർത്തനം പൂർണ്ണമായും വണ്ടാനത്തേക്ക് മാറ്റിയപ്പോൾ പേവാർഡിനായി തയ്യാറാക്കിയ മുറികൾ അസ്ഥി, നേത്രരോഗ വിഭാഗങ്ങൾക്കു വേണ്ടി പരിവർത്തനം ചെയ്തു. ജെ വൺ, ജെ ടു, ജെ ത്രീ ബ്ളോക്കുകളിലെ മൂന്നും നാലും നിലകളിലാണ് പേവാർഡ് സംവിധാനം ഒരുക്കാൻ തീരുമാനിച്ചിരുന്നത്. ഇതിന് അനുയോജ്യമായ മുറികളാണ് ഇവിടെ നിർമ്മിച്ചിരുന്നതും. മൂന്ന് ഐ.പി ബ്ളോക്കുകളിൽ ഒന്നുമാത്രമേ പൂർത്തീകരിച്ചിരുന്നുള്ളു. പേ വാർഡിനായി നീക്കിവച്ച മൂന്നാം നില നേത്രരോഗ വിഭാഗത്തിനും (വാർഡ്-11), നാലാം നില അസ്ഥിരോഗ വിഭാഗത്തിനും (വാർഡ്-12) വിട്ടുകൊടുത്തു. ഇപ്പോൾ നേത്രരോഗ വിഭാഗം കൊവിഡ് രോഗികൾക്കും അസ്ഥിരോഗ വിഭാഗം കൊവിഡ് ഡ്യൂട്ടി കഴിഞ്ഞ ജീവനക്കാർക്ക് ക്വാറന്റൈനും ജീവനക്കാരായ കൊവിഡ് രോഗികൾക്കു വേണ്ടിയും മാറ്റി.

വേറെ പദ്ധതികൾ

 പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ 54 കോടിയുടെ രണ്ട് ബ്ളോക്കുകൾ

 30 കോടി ചെലവഴിച്ച് അഞ്ചു നിലകളിലായി പുതിയൊരു ബ്ളോക്ക്

 ഇതിന്റെ കോൺക്രീറ്റ് ജോലികൾ അന്തിമഘട്ടത്തിൽ

 ട്രോമാകെയർ യൂണിറ്റിനായി 24 കോടി ചെലവഴിച്ച് പുതിയ 5 നില കെട്ടിടം

..............................

പേവാർഡിന്റെ നിർമ്മാണം വേഗത്തിൽ ആരംഭിക്കാനുള്ള ശ്രമത്തിലാണ്. മോർച്ചറിക്ക് പടിഞ്ഞാറു ഭാഗത്താണ് പൊതുമരാമത്ത് നിർമ്മിക്കുന്ന പേവാർഡിനുള്ള സ്ഥലം കണ്ടെത്തിയത്

ഡോ. ആർ.വി. രാംലാൽ, സൂപ്രണ്ട്, മെഡിക്കൽ കോളേജ് ആശുപത്രി