പൂച്ചാക്കൽ: കാലടി ശ്രീ ശങ്കര യൂണിവേഴ്സിറ്റിയിൽ നിന്നു ബി.എ സംസ്കൃത സാഹിത്യത്തിൽ ഒന്നാം റാങ്ക് നേടി നാടിന് അഭിമാനമായിരിക്കുകയാണ് പ്രവീണ.
പാണാവള്ളി നാൽപ്പത്തെണ്ണീശ്വരം വടക്കേ മന്നംകാട് വീട്ടിൽ പരേതനായ പുരുഷോത്തമന്റെയും രാജമ്മയുടെയും മകളായ പ്രവീണ ജീവിതത്തിലെ പ്രതിസന്ധികളോട് മല്ലിട്ടാണ് സുവർണ നേട്ടം കൈപ്പിടിയിലൊതുക്കിയത്. വർഷങ്ങൾക്ക് മുമ്പേ അച്ഛൻ മരിച്ചു. പ്രവീൺ, പ്രജ്യോതിക എന്നീ രണ്ടു സഹോദരങ്ങൾ കൂടിയുണ്ട്. സാമ്പത്തികമായി ഏറെ പിന്നാക്കം നിൽക്കുന്ന കുടുംബമാണ്. ചെമ്മീൻപീലിംഗ് ഷെഡിൽ ജോലി ചെയ്താണ് അമ്മ മൂന്നു മക്കളെ പഠിപ്പിക്കുന്നത്. എം.എ എൻട്രസ് പരീക്ഷയിൽ നാലാം റാങ്ക് നേടിയ പ്രവീണയ്ക്ക് അദ്ധ്യാപിക ആകാനാണ് ആഗ്രഹം.
എസ്.എൻ.ഡി.പി യോഗം 574-ാം നമ്പർ പാണാവള്ളി ശാഖ പ്രവർത്തകർ പ്രവീണയെ ആദരിച്ചു. ഡയറക്ടർ ബോർഡ് അംഗം ബൈജു അറുകുഴി, ശാഖ പ്രസിഡന്റ് എൻ.കെ.വിജയൻ, സെക്രട്ടറി ഷബിൻസൺ കാവളത്ത്, എ.കെ.ഭാസ്കരൻ, ഒ.കെ. സിദ്ധാർത്ഥൻ ഓണേഴത്ത്, പി.പി.ശശിധരൻ, എം.വി.ഷാജി, വിജീഷ്, പ്രസാദ്, സുരേഷ്, ഉദയ, രജി അനി തുടങ്ങിയവർ പങ്കെടുത്തു.