ആലപ്പുഴ:ആലപ്പുഴ പട്ടണത്തെ പുനരുജ്ജീവിപ്പിക്കാനും ആലപ്പുഴയുടെ സുവർണ്ണകാലം വീണ്ടെടുക്കാനും ആരംഭിച്ച പൈതൃക പദ്ധതിയിൽ പൂർത്തീകരിച്ച പ്രവൃത്തികളുടെ സമർപ്പണവും പുതിയ പദ്ധതികളുടെ ആരംഭവും നാളെ വൈകിട്ട് 3.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്യും.

മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, പി .തിലോത്തമൻ, കെ. കൃഷ്ണൻകുട്ടി എന്നിവർ പങ്കെടുക്കും.

ആലപ്പുഴ പോർട്ട് മ്യൂസിയത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രിമാരായ ഡോ ടി. എം. തോമസ് ഐസക്ക്, ജി .സുധാകരൻ, എ. എം. ആരിഫ് എം.പി എന്നിവർ മുഖ്യാതിഥികളാകും.

സർക്കാരിന്റെ100 ദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തി 5.88 കോടി ചിലവിൽ നിർമ്മിക്കുന്ന പോർട്ട് മ്യൂസിയത്തിന്റെ നിർമ്മാണം, പൂർത്തീകരിച്ച മ്യൂസിയം കെട്ടിടങ്ങളുടെ ഉദ്ഘാടനം, മിയോവാക്കി വനം,ബീച്ച് സൗന്ദര്യവത്കരണ പ്രവർത്തികളുടെ തറക്കല്ലിടീൽ, 15.2 കോടി ചിലവിൽ പുനർനിർമ്മിക്കുന്ന കടൽപ്പാലത്തിന്റെ നിർമാണോദ്ഘാടനം,മാരിടൈം സിഗ്നൽ മ്യൂസിയം,ഗാന്ധി പൈതൃകകേന്ദ്രം,ഗാന്ധി മ്യൂസിയം എന്നിവയുടെ പ്രവർത്തനോദ്ഘാടനം, കനാൽ നവീകരണം ഒന്നാം ഘട്ടം പൂർത്തികരണ ഉദ്ഘാടനം രണ്ടാം ഘട്ട പ്രവൃത്തികളുടെ ആരംഭ ഉദ്ഘാടനം എന്നിങ്ങനെ 12 ഇന പദ്ധതികളുമായി ബന്ധപ്പെട്ട ചടങ്ങാണ് നടക്കുക.