s

നാളെ കരിദിനാചരണം

ആലപ്പുഴ: സിവിൽ സപ്ളൈസ് വകുപ്പ് നേരിട്ട് നടത്തുന്ന ആദ്യ പൊതുവിതരണ കേന്ദ്രത്തിന്റെ ഉദ്ഘാടനം നടക്കുന്ന നാളെ റേഷൻ വ്യാപാരികൾ കരിദിനം ആചരിക്കും. തിരുവനന്തപുരം പുളിമൂട്ടിൽ ആരംഭിക്കുന്ന റേഷൻ കടയുടെ ഉദ്ഘാടനം ഉച്ചയ്ക്ക് 2.30ന് മന്ത്രി പി. തിലോത്തമൻ വീഡിയോ കോൺഫറൻസ് വഴിയാണ് നടത്തുന്നത്.

ആറ് പതിറ്റാണ്ടുകളായി പൊതുവിതരണ രംഗത്ത് തുച്ഛമായ വരുമാനം കൊണ്ട് ഉപജീവനം നടത്തുന്ന റേഷൻ വ്യാപാരികളെ ഒഴിവാക്കുന്ന നിലയിൽ സർക്കാർ റേഷൻ കടകൾ നേരിട്ട് നടത്തുന്നത് പ്രതിഷേധാർഹമാണെന്ന് റേഷൻ വ്യാപാരികൾ ആരോപിക്കുന്നു. വ്യാപാരികളോട് കൂടിയാലോചിക്കാതെയാണ് സർക്കാർ ഇത്തരമൊരു നീക്കം നടത്തിയത്. ഇത് നിലവിലുള്ള റേഷനിംഗ് ഓർഡറിന് വിരുദ്ധമാണെന്നും അവർ പറയുന്നു.

രണ്ട് സ്ലാബുകളായാണ് നിലവിൽ വ്യാപാരികൾക്ക് വരുമാനം ലഭിക്കുന്നത്. 45 ക്വിൻറൽ റേഷൻ വിൽക്കുന്നയാൾക്ക് സർക്കാർ നൽക്കുന്ന 8500 രൂപയും, വിൽക്കുന്ന ഓരോ ക്വിൻറലിനും 220 രൂപ വീതവും ലഭിക്കും. 45 ക്വിന്റലിന് മുകളിൽ വിൽക്കുന്നവർക്ക് 18,000 രൂപ അടിസ്ഥാഥാന ശമ്പളവും, ഓരോ ക്വിൻറലിനും 180 രൂപ വീതവും ലഭിക്കും. ഈ മേഖലയെ സർക്കാർ പൂർണമായും ഏറ്റെടുക്കുന്ന സമീപനം സ്വീകരിച്ചാൽ പതിനായിരക്കണക്കിന് വ്യാപാരികളും കുടുംബവും പട്ടിണിയിലാകുമെന്ന് വ്യാപാരികൾ ഭയക്കുന്നു. നാളെ സംയുക്ത വ്യാപാരികളുടെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുന്നതോടൊപ്പം ഉച്ചകഴിഞ്ഞു റേഷൻ കടകൾ അടച്ചിട്ട് പ്രതിഷേധിക്കും.

പണിമുടക്ക് പാളും

റേഷൻ കടകൾ നിലവിൽ സിവിൽ സപ്ളൈസിനു കീഴിലാണെങ്കിലും സ്വകാര്യ വ്യക്തികൾക്കും സഹകരണ സ്ഥാപനങ്ങൾക്കും ലൈസൻസ് നേടി റേഷൻകടകൾ നടത്താം. സിവിൽ സപ്ളൈസ് വകുപ്പ് നേരിട്ട് റേഷൻ കടകൾ നടത്തുമ്പോൾ വകുപ്പിനു കീഴിലുള്ള ജീവനക്കാരാവും കടയിലെ ജീവനക്കാർ. സമരങ്ങളുടെ പേരിലും സംഘടനകളുടെ സമ്മേളന ദിവസങ്ങളിലും റേഷൻ കടകൾ അടച്ചിടാറുണ്ട്. വകുപ്പ് നേരിട്ട് നടത്തുന്ന റേഷൻ കടകളിൽ ഇത്തരം സമരങ്ങൾ ഏശുകയില്ല. ഏതു റേഷൻകടയിൽ നിന്നും കാർഡ് ഉടമകൾക്ക് സാധനങ്ങൾ വാങ്ങാമെന്നിരിക്കെ, പുതിയ കടകൾ നിലവിലെ റേഷൻ കടക്കാർക്ക് വെല്ലുവിളിയാവും.

................................................

രാജ്യത്തിന് ആകെ മാതൃകയായ കേരളത്തിലെ റേഷൻ മേഖലയെ മൊത്തത്തിൽ നശിപ്പിക്കുന്നതാണ് ഈ തീരുമാനം. ഇതിൽ നിന്ന് സർക്കാർ പിന്മാറണം. റേഷൻ മേഖലയെ ആശ്രയിച്ചു കഴിയുന്ന ആയിരക്കണക്കിന് കുടുംബങ്ങൾ ഇതോടെ വഴിയാധാരമാകും

എം. ഷിജീർ, റേഷൻ ഡീലേഴ്സ് കോ ഓർഡിനേഷൻ കമ്മിറ്റി

..................................

1 242: ജില്ലയിലെ ആകെ റേഷൻ കടകൾ