
അമ്പലപ്പുഴ: തങ്ങളുടെ ആവശ്യത്തിനു മുന്നിൽ ചെറുവിരലനക്കാതെ നിന്ന അധികൃതരോട്, സ്വന്തമായി പാലം പണിത് നാട്ടുകാരുടെ മധുരപ്രതികാരം. തകഴി പഞ്ചായത്തിലെ മൂന്നാം വാർഡിനെയും അഞ്ചാം വാർഡിനെയും ബന്ധിപ്പിക്കുന അങ്കണവാടി പാലമാണ് ജനകീയ പങ്കാളിത്തത്തോടെ പൂർത്തീകരിച്ചത്. 25 ദിവസം കൊണ്ട് രണ്ടര ലക്ഷം രൂപ ചിലവിൽ പ്രദേശവാസികളുടെയും അഭ്യുദയകാംക്ഷികളുടെയും സഹായത്താലായിരുന്നു പാലം നിർമ്മാണം.
നേരെത്തെ സ്ഥിതി ചെയ്തിരുന്ന പാലം ജീർണാവസ്ഥയിലായതോടെയാണ് പുതിയ പാലമെന്ന ആവശ്യവുമായി നാട്ടുകാർ പഞ്ചായത്തിനും മറ്റ് ജനപ്രതിനിധികൾക്കും മുന്നിലെത്തിയത്. 107-ാം നമ്പർ അങ്കണവാടി ,ചെമ്പകശ്ശേരി ക്ഷേത്രം ,796-ാം നമ്പർ എൻ .എസ്.എസ് കരയോഗം , തകഴി ഗവ.സ്കൂൾ ,ചിറയകം ,തെന്നടി എന്നിവിടങ്ങളിലേക്ക് ദിനംപ്രതി നൂറ് കണക്കിന് ആളുകൾ ഈ പാലം വഴിയാണ് യാത്ര ചെയ്തിരുന്നത് . രോഗികളെ കൊണ്ടുപോകാൻ വാഹന സൗകര്യമില്ലാത്തതിനാൽ മരണം വരെ സംഭവിച്ചിട്ടുണ്ട് . വാഹനങ്ങൾ പാലത്തിൽ കയറ്റിക്കൊണ്ടുപോകാൻ സാധിക്കാത്തതിനാൽ രോഗികളെയും വൃദ്ധ ജനങ്ങളെയും എടുത്താണ് റോഡിൽ എത്തിച്ചിരുന്നത്. പഞ്ചായത്തുമായി ബന്ധപ്പെട്ടപ്പോൾ ഇടത്തോടുകളുമായി ബന്ധിപ്പിക്കുന്നതിനുള്ള പാലത്തിന് തുക അനുവദിക്കാൻ കാലതാമസം ഉണ്ടെന്നാണ് അറിയിച്ചത്. തുടർന്ന് നാട്ടുകാർ മുന്നിട്ടിറങ്ങുകയായിരുന്നു.
ഏഴംഗകമ്മിറ്റി,ഒറ്റത്തീരുമാനം
ജീർണാവസ്ഥയിലുള്ള പാലത്തിലൂടെ സഞ്ചരിക്കാൻ യാതൊരു നിവൃത്തിയുമില്ലാതെ വന്നതോടെയാണ് അങ്കണവാടി പാലം ജനകീയ പങ്കാളിത്തത്തോടെ പുനർനിർമ്മിക്കാനുള്ള തീരുമാനം പ്രദേശവാസികൾ കൈക്കൊണ്ടത് .ഇതിനായി ഏഴംഗങ്ങൾ ഉൾപ്പെടുന്ന ഒരു കമ്മിറ്റി രൂപീകരിച്ചു. ജനകീയ പങ്കാളിത്തത്തോടെ പാലം പുനർനിർമ്മിക്കുന്നതിനുള്ള തീരുമാനം പഞ്ചായത്തിനെ അറിയിച്ചശേഷം പണിതുടങ്ങി. മൂന്നേകാൽ മീറ്റർ വീതിയിൽ എട്ട് ഇഞ്ച് ഘനത്തിൽ ഒരു ആംബുലൻസ് കടന്നുപോകുന്ന രീതിയിലാണ് പാലം നിർമ്മിച്ചത്.
തുക തികയാഞ്ഞപ്പോൾ കടം വാങ്ങി
കൊല്ലംമുക്ക് ജംഗ്ഷനിൽ നിലനിന്നിരുന്ന പഴയ വലിയ പാലം പൊളിച്ച് കല്ലുകൾ എടുക്കുന്നതിന് പഞ്ചായത്തിൽ അപേക്ഷ നൽകി. ഭരണാനുമതി ലഭിച്ചതിനെത്തുടർന്ന് , ഈ കല്ലുകൾ ഉപയോഗിച്ചാണ് പുതുതായി നിർമ്മിച്ച അങ്കണവാടി പാലത്തിന്റെ പിച്ചിംഗ് കെട്ടിയത് . വേണ്ടത്ര തുക ലഭിക്കാത്തതിനാൽ 50,000 രൂപ കടം എടുത്താണ് പാലം പണി പൂർത്തീകരിച്ചത് . കടം തീർക്കുന്നതിനായി കൈത്താങ്ങ് എന്ന് നിലയിൽ പഞ്ചായത്തിൽ നിന്നും ഒരു തുക ലഭിക്കും എന്ന പ്രതീക്ഷയിലാണ് കമ്മിറ്റിക്കാർ . പാലത്തിന് വേണ്ടി സഹകരിച്ച എല്ലാ പ്രദേശവാസികൾക്കും കമ്മിറ്റി പ്രസിഡന്റ് സനൽ കുമാർ ,സെക്രട്ടറി മധുസുദനൻ നായർ , ബിനീഷ് എന്നിവർ നന്ദി അറിയിച്ചു.