സിലിക്കയടങ്ങിയ മണ്ണിന് പുതിയ വിലയിടുന്നില്ല
ലീഡിംഗ് ചാനൽ ആഴം കൂട്ടുന്നത് നിലച്ചു
ആലപ്പുഴ: വീയപുരം മുതൽ തോട്ടപ്പള്ളി വരെയുള്ള ലീഡിംഗ് ചാനലിലെ (പുത്തനാർ) മണൽ 'പൊൻമുട്ടയിടുന്ന താറാവാ'ണെന്ന് മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് അറിയിച്ചതോടെ, മണൽ നീക്കാൻ കരാറെടുത്തയാളെ വട്ടംനിന്നു തടഞ്ഞ ജലസേചന വകുപ്പിന് തുടർനടപടി സംബന്ധിച്ച അറിയിപ്പ് ലഭിക്കാത്തതിനാൽ ആഴംകൂട്ടൽ നിലച്ചു. പ്രളയത്തിൽ നിന്ന് അപ്പർ കുട്ടനാടൻ മേലകളെ രക്ഷിക്കാനാണ് ലീഡിംഗ് ചാനലിലെ ആഴം കൂട്ടാൻ തീരുമാനിച്ചത്.
സാദാ മണലെന്ന ധാരണയിൽ ക്യുബിക് മീറ്ററിന് 362 രൂപ നിരക്കിൽ മണൽ നീക്കാൻ, പദ്ധതിയുടെ ചുമതലയുള്ള ജലസേചന വകുപ്പ് എറണാകുളത്തെ കമ്പനിയുമായിട്ടാണ് കരാർ ഉറപ്പിച്ചത്. മൊത്തം 3.12 ലക്ഷം ക്യുബിക് മീറ്റർ മണലും ചെളിയുമാണ് നീക്കേണ്ടത്. ഇതനുസരിച്ച് 11.29 കോടി രൂപ കരാറുകാരൻ ജലസേചന വകുപ്പിൽ കെട്ടിവച്ചു. മണൽ ഖനനം തുടങ്ങിയ ശേഷമാണ് മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് രംഗത്തെത്തുന്നത്. മണൽ പരിശോധിച്ചപ്പോൾ സിലിക്കയുടെ അളവ് 97 ശതമാനം വരെയുണ്ടെന്ന് ബോദ്ധ്യമായി. ഗ്ളാസ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന വിലയേറിയ അസംസ്കൃത വസ്തുവാണ് സിലിക്ക. ഇതോടെ ക്യുബിക് മീറ്ററിന് 1200 രൂപ ഈടാക്കിയാൽ മാത്രമേ പാസ് നൽകാനാവൂ എന്ന് ജിയോളജി വകുപ്പ് നിലപാടെടുത്തു. ഇതോടെ മണലെടുപ്പ് നിറുത്തി. വില പുനർനിർണ്ണയിക്കണമെന്ന് ജലസേചന വകുപ്പ് സർക്കാരിനെ അറിയിച്ചെങ്കിലും ഇതുവരെ മറുപടി ലഭിച്ചില്ല. ജിയോളജി വകുപ്പ് നിശ്ചയിച്ച വിലയനുസരിച്ച് മണലെടുക്കാൻ കരാറുകാരൻ തയ്യാറാവുമോ എന്നതും സംശയം.
................................
11 കി.മീ: ലീഡിംഗ് ചാനലിൽ ആഴം കൂട്ടേണ്ട ദൈർഘ്യം
10,000 ക്യുബിക് മീറ്റർ: ഇതുവരെ നീക്കം ചെയ്ത മണൽ
..........................................
പ്രളയത്തിൽ ആഴം കുറഞ്ഞു
കഴിഞ്ഞ മേയിലാണ് യുദ്ധകാലാടിസ്ഥാനത്തിൽ ആഴം വർദ്ധിപ്പിക്കൽ ആരംഭിച്ചത്. വീയപുരം മുതൽ ടി.എസ് കനാൽ വരെയാണ് ലീഡിംഗ് ചാനൽ. കഴിഞ്ഞ രണ്ട് പ്രളയത്തിൽ അടിഞ്ഞ മണലും എക്കലും കൊണ്ട് ആഴം കുറഞ്ഞതിനെ തുടർന്നാണ് അടിയന്തര പ്രാധാന്യത്തോടെ ഡ്രഡ്ജിംഗ് ആരംഭിച്ചത്. വീയപുരം പാണ്ടി ഭാഗത്തായിരുന്നു തുടക്കം. ഇവിടെ നിന്നു ലഭിച്ച മണലിലാണ് സിലിക്കയുടെ അടവ് കൂടുതലെന്ന് കണ്ടെത്തിയത്. ഇതിന് പുറമേ സ്പിൽവേ പാലത്തിനും ടി.എസ് കനാലിനും ഇടയിലുള്ള ജലാശയത്തിലെ ആഴം വർദ്ധിപ്പിക്കൽ പുനരാംഭിച്ചു. ഈ ഭാഗത്ത് നിന്ന് നീക്കം ചെയ്യുന്ന മണൽ ശേഖരിക്കാനുള്ള ഇടമില്ലാത്തതാണ് മണൽ നീക്കം ഇഴയാൻ കാരണം.
തോട്ടപ്പള്ളിയിലും മണൽ നീക്കണം
തോട്ടപ്പള്ളി സ്പിൽവേ പാലത്തിനും പൊഴിമുഖത്തിനും ഇടയിലുള്ള ജലാശയത്തിലെ മണലും നീക്കേണ്ടതുണ്ട്. 5.12 ലക്ഷം എം ക്യൂബ് മണൽ നീക്കം ചെയ്യുന്ന പദ്ധതി ഇറിഗേഷൻ വകുപ്പാണ് നടപ്പാക്കുന്നത്. പാലത്തിനു കിഴക്ക് ഭാഗത്തെ മണലും ചെളിയും നീക്കം ചെയ്യാൻ സ്വകാര്യ വ്യക്തിക്കും ധാതുമണലുള്ള പൊഴിമുഖത്തെ ആഴം വർദ്ധിപ്പിക്കാൻ ചവറ കെ.എം.എം.എല്ലിനുമാണ് കരാർ നൽകിയിട്ടുള്ളത്.
.......................................
ലീഡിംഗ് ചാനലിലെ മണൽ നീക്കം ചെയ്ത് ആഴം വർദ്ധിപ്പിക്കുന്ന ജോലികൾ ഉടൻ പുനരാംഭിക്കും. മണലിന്റെ വില പുനർ നിർണ്ണയം സംബന്ധിച്ച തടസം ഈ ആഴ്ച പരിഹരിക്കും
സജീവ്, എക്‌സിക്യൂട്ടിവ് എൻജിനിയർ, ഇറിഗേഷൻ വകുപ്പ്, ആലപ്പുഴ