ആലപ്പുഴ:കാലപ്പഴക്കത്താലും സ്ഥലപരിമിതിയാലും നിലവിലെ ജയിൽ അന്തരീക്ഷത്തിൽ തടവുകാർ നേരിടുന്ന വീർപ്പുമുട്ടൽ ഒഴിവാക്കുന്നതാണ് പുതിയ ജയിൽ മന്ദിരത്തിലെ സൗകര്യങ്ങൾ.
മൂന്നു നിലകളിലായാണ് കെട്ടിടം പണിതിരിക്കുന്നത്. താഴത്തെ നിലയിൽ സൂപ്രണ്ടിന്റെ മുറി, വാർഡന്റെ മുറി, ജനറൽ ഓഫീസ്, ഡോക്ട്‌ടേഴ്‌സ് റൂം , ഇന്റർവ്യൂ റൂം, വെയിറ്റിംഗ് റൂം ,മീറ്റിംഗ് സ്‌പേസ് കോമൺ സെല്ലുകൾ ,സിംഗിൾ സെല്ലുകൾഎന്നിങ്ങനെ നിരവധി റൂമുകളാണ് ക്രമീകരിച്ചിട്ടുള്ളത്. . ഒന്നാം നിലയിൽ കോൺഫറൻസ് ഹാൾ , കോമൺ സെല്ലുകൾ , ഓഫീസ് റൂം , വെൽഫെയർ ഓഫീസറുടെ റൂം തുടങ്ങിയവയുമാണ്. 142 മീറ്ററിൽ ചുറ്റുമതിൽ ,ഫെൻസിംഗ് എന്നിവയുടെ നിർമ്മാണവും പൂര്‍ത്തീകരിച്ചു .
ശിലാഫലകത്തിൽ ചെയർമാന്റെ പേരില്ല
ജില്ലാ ജയിൽ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സ്ഥാപിച്ച ശിലാഫലകത്തിൽ ആലപ്പുഴ നഗരസഭ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോന്റെ പേര് ഉൾപ്പെടുത്താൻ വിട്ടുപോയത് വിവാദമായി. ഇത് പ്രോട്ടോക്കോൾ ലംഘനമാണെന്ന് ചിലർ ചൂണ്ടിക്കാട്ടി.
എന്നാൽ സമയബന്ധിതമായി ചടങ്ങ് സംഘടിപ്പിക്കാനുള്ള തിരക്കിനിടിൽ പറ്റിയ വീഴ്ചയാണ് ഇതെന്ന് ചെയർമാനെ വിളിച്ചറിയിച്ച സംഘാടകർ ഖേദപ്രകടനവും നടത്തി.ചെയർമാന്റെ പേരുൾപ്പെടുത്തി പുതിയ ഫലകം സ്ഥാപിക്കുമെന്നും അവർ അറിയിച്ചു. ഉത്തരവാദിത്വപ്പെട്ടവർ ക്ഷമാപണം നടത്തിയ സാഹചര്യത്തിൽ ഇതൊരു വിവാദമാക്കാനില്ലെന്ന് നഗരസഭാ ചെയർമാനും വ്യക്തമാക്കി.