s

ഇക്കുറി ഉത്സവസീസൺ നഷ്ടമാകുമോയെന്ന് ആശങ്ക

ആലപ്പുഴ: മുച്ചൂടും മുടിച്ച് മുന്നേറുന്ന കൊവിഡ് ഇത്തവണത്തെ ഉത്സവങ്ങൾക്കും വിനയാവുമോ എന്ന് ആശങ്ക.

ക്ഷേത്രോത്സവങ്ങൾക്കു പുറമേ ക്രിസ്മസ്, പുതുവത്സരം തുടങ്ങിയ ആഘോഷങ്ങളും അടുത്തെത്താൻ കാത്തിരിക്കുകയാണ് ജനം. വരുംനാളുകളിൽ കൊവിഡ് വ്യാപനം വർദ്ധിച്ചാൽ സകല പ്രതീക്ഷകളും അസ്ഥാനത്താകും.

വൃശ്ചികമാസം ആരംഭിക്കുന്ന നവംബർ പകുതി മുതൽ വിഷുക്കാലമായ ഏപ്രിൽ വരെ കേരളത്തിൽ ഉത്സവകാലമാണ്. ആലപ്പുഴ നഗരത്തെ ഒന്നാകെ ഇളക്കിമറിക്കുന്ന മുല്ലയ്ക്കൽ - കിടങ്ങാoപറമ്പ് മഹോത്സവത്തിന് കൊടി ഉയരാൻ ഒരു മാസം മാത്രമാണ് അവശേഷിക്കുന്നത്. പിന്നാലെ ബീച്ച് ഫെസ്റ്റിനും പുതുവത്സര ആഘോഷങ്ങൾക്കും അരങ്ങുണരേണ്ട സമയമാകും. ആയിരക്കണക്കിന് ആളുകൾ ഒത്തുചേരുന്ന ഈ ആഘോഷങ്ങൾ കൊവിഡ് പശ്ചാത്തലത്തിൽ പരിമിതപ്പെടുത്താനാണ് സാദ്ധ്യത. പല ക്ഷേത്രങ്ങളിലും ഉത്സവ തീയതികൾ തീരുമാനിച്ചിട്ടുണ്ട്. ക്ഷേത്രാചാര പ്രകാരം ഉത്സവങ്ങൾ ഒഴിവാക്കാനാവില്ല. ആഘോഷ പരിപാടികൾ ഒഴിവാക്കി പൂജാക്രമങ്ങൾ മാത്രമായി നടത്താനാണ് ഭരണസമിതികളുടെ തീരുമാനം. ഒരേസമയം ക്ഷേത്രത്തിൽ പ്രവേശിക്കാവുന്ന ഭക്തരുടെ എണ്ണവും നിജപ്പെടുത്തും. ആഘോഷങ്ങൾ ഇല്ലാതാവുന്നതോടെ, കഴിഞ്ഞ വർഷം പ്രളയത്തെത്തുടർന്ന് സീസൺ നഷ്ടമായ ഗാനമേള, നാടകം, നൃത്തം ട്രൂപ്പുകളുടെ കാര്യം ഇക്കുറിയും തഥൈവ.

ആലപ്പുഴയിൽ ചിറപ്പ് ഉത്സവങ്ങളോടനുബന്ധിച്ച് നൂറുകണക്കിന് കച്ചവടക്കാരാണ് വിവിധ സ്ഥലങ്ങളിൽ തമ്പടിച്ചിരുന്നത്. തമിഴ്നാട്ടുകാരും ഉത്തരേന്ത്യക്കാരുമായിരുന്നു കൂടുതൽ. ആചാരങ്ങളുടെ ഭാഗമായി ചെണ്ടമേളത്തിന് അനുമതി നൽകിയാലും 60 വയസിന് മുകളിലുള്ള കലാകാരൻമാർക്ക് നിയന്ത്രണമുണ്ടാക്കും. പത്ത് ദിവസത്തെ ഉത്സവമെന്നാൽ പത്ത് കലാ ട്രൂപ്പുകൾക്ക് അവസരം ലഭിക്കുന്ന കാലം കൂടിയായിരുന്നു.

ആലപ്പുഴയിൽ ചിറപ്പ് കാലവും ബീച്ച് ഫെസ്റ്റും കച്ചവക്കാരുടെ കൊയ്ത്ത് കാലമാണ്. പക്ഷേ ഇത്തവണ എന്താകുമെന്ന അങ്കലാപ്പുണ്ട്. സാധനങ്ങൾ കൊണ്ടു വെച്ചിട്ട് വാങ്ങാൻ ആളില്ലെങ്കിൽ നഷ്ടം കനത്തതാകും

അഷറഫ്, വ്യാപാരി

നവംബർ: മണ്ഡലകാലം

ഡിസംബർ: ക്രിസ്മസ്, ചിറപ്പ്‌, ബീച്ച് ഫെസ്റ്റ്

ജനുവരി: പുതുവത്സരാഘോഷം

ഫെബ്രുവരി, മാർച്ച് - ക്ഷേത്രോത്സവ സീസൺ

ഏപ്രിൽ:വിഷു