ആലപ്പുഴ: കൊവിഡ് ഉണ്ടോ ഇല്ലയോ എന്ന് കൃത്യമാക്കാനാവുന്ന ആർ.ടി.പി.സി.ആർ പരിശോധനയുടെ ഫലം ജില്ലയിൽ വൈകുന്നുവെന്ന് പരാതി. സ്രവം നൽകി അഞ്ച് ദിവസം വരെ പിന്നിട്ടാണ് പോസിറ്റീവ് രോഗികളെ പോലും ആരോഗ്യ വിഭാഗം ഫലം വിളിച്ചറിയിക്കുന്നത്.

സ്വകാര്യ ലാബുകളിൽ ആർ.ടി.പി.സി.ആർ ഫലം പിറ്റേ ദിവസം തന്നെ അറിയാൻ സാധിക്കും. 2150 രൂപയാണ് ചെലവ്. ഇതിനാൽ പണം മുടക്കാൻ ശേഷിയില്ലാത്തവർ സർക്കാർ സംവിധാനങ്ങളെയാണ് ആശ്രയിക്കുന്നത്. സ്വകാര്യ ലാബുകളിൽ 620 രൂപ ചെലവുള്ള ആന്റിജൻ ടെസ്റ്റ് നടത്താമെങ്കിലും ഫലം പോസിറ്റീവ് ആണെങ്കിൽ മാത്രമേ പൂർണമായി വിശ്വസിക്കാനാവൂ എന്ന് ആരോഗ്യ വിദഗ്ദ്ധർ വ്യക്തമാക്കുന്നു. ആശുപത്രികളിലും സി.എഫ്.എൽ.ടി.സികളിലും, വിവിധ ക്യാമ്പുകളിലുമാണ് ആരോഗ്യ വകുപ്പ് സ്രവം ശേഖരിക്കുന്നത്. ഇവ പരിശോധനയ്ക്ക് വേണ്ടി ആലപ്പുഴ മെഡി. ആശുപത്രിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജി, മൈക്രോ ബയോളജി ലാബ് എന്നിവിടങ്ങളിലേക്ക് അയയ്ക്കും.

ഫലം ലഭിക്കാനുണ്ടാകുന്ന കാലതാമസം വീണ്ടും സമ്പർക്ക വ്യാപനത്തിലേക്കാണ് നയിക്കുന്നത്. ലക്ഷണങ്ങളില്ലാത്തവർ പുറത്തിറങ്ങുകയും, ജോലിക്ക് പോവുകയും ചെയ്യും. സ്രവം പരിശോധനയ്ക്ക് നൽകിയാൽ, ഫലം ലഭിക്കും വരെ നിരീക്ഷണത്തിൽ കഴിയണമെന്നാണ് നിർദ്ദേശം. എന്നാൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ കാലത്ത് രോഗം സ്ഥിരീകരിക്കാനുണ്ടാകുന്ന കാലതാമസം മൂലം ജോലി നഷ്ടപ്പെടുത്താൻ പലരും തയ്യാറല്ല. പോസിറ്റീവ് രോഗികൾ നിരീക്ഷണ കാലയളവിന് ശേഷമുള്ള പുനർ പരിശോധനയിലും നെഗറ്റീവ് ആകാത്ത കേസുകൾ വ്യാപകമാണ്.

............................

ഒരിക്കൽ പോസിറ്റീവായ വ്യക്തിയിൽ 12 ആഴ്ച വരെ സാർസ് - കൊവി 2 ആർ.എൻ.എ ശ്വാസകോശത്തിൽ കണ്ടെത്തിയ കേസുകളുണ്ട്. ഇതിനർത്ഥം ഇയാൾക്ക് മറ്റുള്ളവരിലേക്ക് രോഗം പകർത്താൻ കഴിയുമെന്നല്ല. എന്നിരുന്നാലും ജാഗ്രതയും സാമൂഹിക അകലവും പാലിക്കണം

ആരോഗ്യ വിദഗ്ദ്ധർ