അമ്പലപ്പുഴ: കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പുന്നപ്ര വടക്ക് സഹകരണ എൻജിനീയറിംഗ് കോളേജ് ഹോസ്റ്റലിൽ പ്രവർത്തിക്കുന്ന ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെന്ററിൽ പ്രവേശിപ്പിച്ചിരുന്ന പുളിങ്കുന്ന് പഞ്ചായത്ത് മൂന്നാം വാർഡ് കണ്ണാടി ലക്ഷംവീട് കോളനി അറയ്ക്കൽ വീട്ടിൽ ബൈജു (48) ചികിത്സ കിട്ടാതെ മരിച്ചെന്നു പരാതി.
കഴിഞ്ഞ 28ന് ആണ് ഇവിടെ പ്രവേശിപ്പിച്ചത്. ഷുഗർ രോഗി ആയിരുന്ന ബൈജുവിന് 2 ദിവസമായി കടുത്ത ശ്വാസംമുട്ടലും അനുഭവപ്പെട്ടിരുന്നു.രണ്ടാം നിലയിലെ 12-ാം നമ്പർ മുറിയിൽ കഴിഞ്ഞിരുന്ന ബൈജു താഴെ എത്തി ഭക്ഷണം വാങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. കൂടെ മുറിയിൽ കഴിഞ്ഞിരുന്നവരാണ് ഭക്ഷണം എത്തിച്ചത്. ശ്വാസംമുട്ടൽ കടുത്തതോടെ ഭക്ഷണം കഴിക്കാൻ പോലും പറ്റാത്ത അവസ്ഥയായി. അത്യാവശ്യ ഘട്ടത്തിൽ വിളിക്കേണ്ട ഫോൺ നമ്പരിൽ കൂടെ ഉണ്ടായിരുന്നവർ വിളിച്ചിട്ടും ആരും എത്തിയില്ലത്രെ. ഇന്നലെ രാവിലെ നില വഷളായതോടെ മുറിയിലുള്ളവരും അടുത്ത മുറിയിലുള്ളവരും ഫോൺ ചെയ്തിട്ടും പരിശോധിക്കാൻ ആരും എത്തിയില്ല. 8.30 ഓടെ ബൈജു മരിച്ചു.
അരമണിക്കൂർ കഴിഞ്ഞ് ഓക്സിജൻ സിലിണ്ടറുമായി രണ്ടു ആരോഗ്യ പ്രവർത്തകർ മുറിയിലെത്തി. ഇതോടെ നീരീക്ഷണത്തിൽ കഴിയുന്നവരും ആരോഗ്യ പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി.പിന്നീട് മൃതദേഹം ആലപ്പുഴ മെഡി. ആശുപത്രിയിലേക്കു മാറ്റാൻ ആംബുലൻസ് വരുത്തി. ആംബുലൻസിൽ ബൈജുവിന്റെ മൃതദേഹം കിടത്തിയ ശേഷം ഓക്സിജൻ സിലിണ്ടർ ഘടിപ്പിച്ചതും സംഘാർഷാവസ്ഥ സൃഷ്ടിച്ചു. സമയത്ത് വേണ്ട ചികിത്സ നൽകാതിരുന്നതിനെ തുടർന്നാണ് ബൈജു മരിച്ചതെന്നാണ് കൂടെ ചികിത്സയിലുണ്ടായിരുന്നവർ പറയുന്നു.
മൃതദേഹം ആലപ്പുഴ മെഡി.ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. കണ്ണാടി സ്കൂൾ ജംഗ്ഷനിൽ ചായക്കട നടത്തുകയായിരുന്നു ബൈജുവും ഭാര്യ ഷൈനിയും. റീ- ബിൽഡിൽ ഉൾപ്പെടുത്തിയ വീടിന്റെ നിർമ്മാണം പാതിവഴിയിലാണ്. മൂത്ത മകൻ അനന്തു ഓട്ടിസം ബാധിതനാണ്. അരുൺ, അഖിൽ, അമ്പാടി എന്നിവർ ബധിരരുമാണ്.
സംഭവത്തെപ്പറ്റി പ്രതികരിക്കാൻ ട്രീറ്റ്മെന്റ് സെന്റർ ചുമതലയുള്ളവർ തയ്യാറായില്ല.