uyj

 ഹരിപ്പാട് മാധവൻ വക്കീലിന്റെ 70-ാം ചരമവാർഷികം ഇന്ന്

ജനഹൃദയങ്ങളിൽ ഇന്നും ജ്വലിച്ചുനിൽക്കുകയാണ് ഹരിപ്പാട് മാധവൻ വക്കീൽ. വക്കീലിന്റെ 70-ാം ചരമവാർഷികം ഇന്ന് കാർത്തികപ്പള്ളി യൂണിയൻ ആചരിക്കുന്നു.

തീണ്ടലും തൊടീലും നിലനിന്ന കാലത്ത് വക്കീൽ പരീക്ഷ പാസായി ഹരിപ്പാട് കോടതിയിൽ എത്തിയപ്പോൾ അനുഭവിക്കേണ്ടിവന്ന യാതനകൾ ശ്രീനാരായണ ഗുരുദേവനുമായി പങ്കുവച്ചപ്പോൾ കിട്ടിയ ആർജ്ജവം വക്കീലിന്റെ തുടർന്നുള്ള സാമൂഹ്യപരിഷ്‌കരണ പ്രവർത്തനങ്ങൾക്ക് തുണയായി. മാധവൻ വക്കീൽ കോടതിയിലെത്തിയ നിമിഷം തന്നെ അന്നത്തെ മുൻസിഫും വക്കീലൻമാരും കോടതി നടപടികളെല്ലാം നിറുത്തിവച്ച് പുറത്തുപോയി. കേസുകൾ അവധിക്കു മാറ്റി. കോടതിക്ക് അവധിയും പ്രഖ്യാപിച്ചു. കോടതിയിൽ നടന്ന സംഭവങ്ങൾ ഏൽപ്പിച്ച മുറിപ്പാടുമായി വക്കീൽ നേരെ പോയത് ശിവഗിരിക്കുന്നിലേക്ക്. 1903 ഇടവത്തിൽ വക്കീൽ ഗുരുവിനെ ദർശിച്ചു. നൊമ്പരപ്പാടുകളുമായി ഗുരുദേവനെ സമീപിച്ച വക്കീൽ അവിടെ നിന്നിറങ്ങിയത് ശക്തമായ മനസിന്റെ ഉടമയായിട്ടാണ്. എടുക്കുന്ന തീരുമാനങ്ങളെല്ലാം നടപ്പാക്കണമെന്ന ഗുരുവിന്റെ ആഹ്വാനം പ്രതിസന്ധികളെ മറികടക്കാൻ താങ്ങായി.

പിന്നീട് കോടതിയിലെത്തിയ മാധവൻ വക്കീലിനെ തൊട്ടുരുമ്മി ഇരിക്കാതെ വക്കീലൻമാരെല്ലാം പുറത്തിറങ്ങി. തുടർന്ന് ദിവസങ്ങളോളം കോടതി കൂടിയത് പുറത്തെ പുളിഞ്ചുവട്ടിലാണ്. ശ്രീനാരായണ ഗുരുദേവൻ നിറച്ച കരുത്ത് മാധവൻ വക്കീലിന്റെ നിശ്ചയദാർഢ്യത്തിന് മിഴിവേകിക്കൊണ്ടിരുന്നു. അദ്ദേഹം തന്റെ വക്കീൽ ഓഫീസ് ഒരു മിനി കോടതിയാക്കി മാറ്റി. ഹരിപ്പാടിന്റെ സമീപപ്രദേശങ്ങളായ തോട്ടപ്പള്ളി, കരുവാറ്റ, കുമാരപുരം, പല്ലന, പിലാപ്പുഴ തുടങ്ങിയ പ്രദേശങ്ങളിലെ ഈഴവരുടേയും മറ്റ് പിന്നാക്ക വിഭാഗക്കാരുടേയും വഴക്കുകളും കുടുംബ പ്രശ്‌നങ്ങളും പറഞ്ഞുതീർക്കാൻ മാധവൻ വക്കീലിന്റെ മിനി കോടതി വേദിയായി. സ്റ്റേറ്റ് കോൺഗ്രസിന്റെ ഉത്ഭവം മുതൽ യോജിച്ച് പ്രവർത്തിച്ചിരുന്ന വക്കീൽ 1921 ജൂണിൽ കൂടിയ സമ്മേളനത്തിൽ അയിത്തോച്ചാടനം, ക്ഷേത്രപ്രവേശനം, മദ്യവർജ്ജനം എന്നീ പരിപാടികൾ പ്രധാന ലക്ഷ്യങ്ങളാക്കി തീരുമാനമെടുപ്പിച്ചു. വൈക്കം സത്യാഗ്രഹത്തിൽ മുന്നണിപ്പോരാളിയായി മാധവൻ വക്കീൽ നിലകൊണ്ടു. ക്ഷേത്രപ്രവേശന വിളംബര കാലത്ത് ഹരിപ്പാടിന് തെക്ക് നങ്ങ്യാർകുളങ്ങര ജംഗ്ഷനടുത്ത് ഏഴ് ആനപ്പുറത്ത് എഴുന്നള്ളത്തും പൊതുസമ്മേളനവും വക്കീൽ മുൻകൈയെടുത്ത് സംഘടിപ്പിച്ചു. എം.കെ. കേശവനെ യോഗത്തിൽ ക്ഷണിക്കാൻ ആദ്യം വിട്ടുപോയെങ്കിലും വക്കീൽ അദ്ദേഹത്തെ നേരിൽ പോയിക്കണ്ട് ക്ഷമാപണം നടത്തി കൂട്ടിക്കൊണ്ടുവന്ന് അദ്ധ്യക്ഷനാക്കി. മദ്യവർജ്ജന പ്രക്ഷോഭത്തിന് വക്കീൽ മുൻനിരയിൽ ഉണ്ടായിരുന്നു. അമേരിക്കയിൽ മദ്യത്തിനെതിരെ സമരം നയിച്ച ഫുസിഫുഡ് ജോൺസന്റെ പ്രവർത്തനങ്ങളെ സാമ്യപ്പെടുത്തിക്കൊണ്ടാണ് അന്നത്തെ പത്രങ്ങൾ മാധവൻ വക്കീലിനേയും ടി.കെ. മാധവനേയും വാഴ്ത്തിയത്.

 നിബന്ധന വഴിമാറി

വക്കീലിന്റെ വ്യക്തിപ്രഭാവം സമുദായ സംഘടനയുടെ നിബന്ധനകളെ നിഷ്പ്രഭമാക്കിയ ചരിത്രവുമുണ്ട്. എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡിൽ യൂണിയൻ സെക്രട്ടറിമാർ അംഗമാവരുതെന്നാണ് നിബന്ധന. എന്നാൽ വക്കീലിന് ഇത് ബാധകമായില്ല. രണ്ടു സ്ഥാനങ്ങളും ഒരേ സമയം വഹിക്കാൻ വക്കീലിന് അനുവാദമുണ്ടായിരുന്നു. നിയമസഭയിലേക്കുള്ള ഈഴവ പ്രാതിനിധ്യം, സർക്കാർ ജോലികളിൽ സംവരണം, പ്രായപൂർത്തി വോട്ടവകാശം എന്നീ വിഷയങ്ങളിൽ നടത്തിയ പ്രക്ഷോഭങ്ങളിലും മാധവൻ വക്കീൽ മുന്നിൽത്തന്നെയായിരുന്നു. തിരുവിതാംകൂറിൽ മദ്യത്തിനെതിരെ വക്കീൽ സമരംനടത്തി.ഷാപ്പുകൾക്കു മുന്നിൽ എട്ടും പത്തും ആൾക്കാരുമായി ആരംഭിച്ച സമരത്തിൽ പിന്നീട് നിരവധി ആളുകൾ പങ്കെടുത്തു. 1098 തുലാം 24ന് വക്കീൽ അറസ്റ്റ് വരിച്ചു. കുടുംബക്ഷേത്രമായ ഹരിപ്പാട് കോളാത്ത് ദേവീക്ഷേത്രത്തിൽ ജന്തുഹിംസ നിരോധിക്കുന്നതിന് മുൻകൈയെടുത്ത് പ്രവർത്തിച്ചതും വക്കീലാണ്.

 ശ്രീനാരായണീയർക്ക് ഭൂമി

ഹരിപ്പാട് തേവലപ്പുറത്ത് വീട്ടിൽ ജനിച്ച മാധവൻ വക്കീൽ ആലപ്പുഴ ലിയോ തേർട്ടീന്ത് സ്‌കൂളിൽ നിന്നാണ് മൂന്നാം ഫോറം പാസായത്. സെന്റ് അലോഷ്യസ് സ്‌കൂളിൽ നിന്ന് സ്‌കൂൾ ഫൈനൽ വിജയിച്ചു. തിരുവനന്തപുരം ലാ കോളേജിൽ നിന്ന് നിയമബിരുദം നേടി. 1933 മുതൽ 38 വരെ എസ്.എൻ.ഡി.പി യോഗം കാർത്തികപ്പള്ളി യൂണിയൻ സെക്രട്ടറിയായിരുന്നു. അദ്ദേഹത്തിന്റെ ത്യാഗോജ്വലമായ പ്രവർത്തനത്തിലൂടെയാണ് ഹരിപ്പാടിന്റെ ഹൃദയഭാഗത്ത് ശ്രീനാരായണീയർക്ക് ഭൂമി ലഭിച്ചത്. നിലവിലുള്ള ഭരണസമിതി അധികാരത്തിൽ വന്ന ശേഷം ഇപ്പോൾ പൂർത്തീകരിച്ചിട്ടുള്ള ബഹുനില കെട്ടിടം മാധവൻ വക്കീലിന്റെയും സമുദായ സ്‌നേഹികളുടേയും ചിരകാല സ്വപ്നത്തിന്റെ പൂർത്തീകരണമാണ്. 1941 ലെ മണ്ണാറശാല ആയില്യം ഉത്സവനാളിലാണ് വക്കീലിന്റെ ഭാര്യ കാർത്ത്യായനി അമ്മ അന്തരിച്ചത്. 1950ലെ ആയില്യം നാളിൽ മാധവൻ വക്കീലും വിട പറഞ്ഞു. ഏക മകൾ കമലാഭായി, ഇൻകംടാക്‌സ് ഓഫീസറായി ജോലി നേടിയ കേരളത്തിലെ ആദ്യ വനിതയായിരുന്നു.

(കെ. അശോകപ്പണിക്കർ (പ്രസിഡന്റ്, എസ്.എൻ.ഡി.പി യോഗം കാർത്തികപ്പള്ളി യൂണിയൻ)