bsb

ഹരിപ്പാട്: അശാസ്ത്രീയമായ സാമ്പത്തിക സംവരണത്തിനെതിരെ എസ്.എൻ.ഡി.പി. യോഗം ആഹ്വാനം ചെയ്ത സമര പരിപാടിക്ക് തുടക്കം കുറിച്ച് നങ്ങ്യാർകുളങ്ങരയിൽ നടന്ന ധർണ യൂണിയൻ പ്രസിഡന്റ് എസ്.സലികുമാർ ഉദ്ഘാടനം ചെയ്തു. പിന്നാക്ക, അധ:സ്ഥിത വിഭാഗത്തിന് ഭരണത്തിൽ പങ്കാളിത്തം നൽകുക എന്ന ലക്ഷ്യത്തോടെ ഭരണഘടനയിൽ വിഭാവനം ചെയ്ത സംവരണത്തിന്റെ അടിസ്ഥാനതത്വത്തിന് വിരുദ്ധമാണ് സാമ്പത്തിക സംവരണമെന്ന് പ്രസിഡന്റ് പറഞ്ഞു. ദരിദ്രരെ സഹായിക്കുന്നതിന് എസ്.എൻ.ഡി.പി.യോഗം എതിരല്ല. അത് വ്യക്തമായ സാമൂഹികപഠനത്തിന് ശേഷം ആകണമെന്ന് യോഗം ജനറൽ സെക്രട്ടറി വ്യക്തമാക്കിയിട്ടുള്ളതാണ്. ഇപ്പോഴത്തെ സാമ്പത്തികസംവരണം പിന്നാക്ക, അധ:സ്ഥിത വിഭാഗത്തെ കൂടുതൽ പിന്നോക്കമാക്കുന്നതിന് മാത്രമേ ഉപകരിക്കൂ. അതുകൊണ്ട് സാമ്പത്തിക സംവരണം നടപ്പിലാക്കാനുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ തീരുമാനത്തിൽ നിന്ന് പിന്മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ധർണയ്ക്ക് ശേഷം നിലവിലുള്ള സംവരണം എന്തുവിലകൊടുത്തും സംരക്ഷിക്കുമെന്ന് പ്രവർത്തകർ പ്രതിഞ്ജ എടുത്തു. യൂണിയൻ സെക്രട്ടറി എൻ.അശോകൻ സത്യപ്രതിഞ്ജാവാചകം ചൊല്ലി കൊടുത്തു. വൈ.പ്രസിഡന്റ് ഡി.കാശിനാഥൻ, ഡയറക്ടർബോർഡ് അംഗങ്ങളായ എം.കെ.ശ്രീനിവാസൻ, ഡി.ധർമ്മരാജൻ, യൂണിയൻ കൗൺസിൽ അംഗങ്ങളായ എസ്.ജയറാം, ജെ.ബിജുകുമാർ, ബി.രഘുനാഥ്, പഞ്ചായത്ത് കമ്മ​റ്റി അംഗമായ എൻ.ചിത്രാംഗദൻ, വനിതാസംഘം വൈ.പ്രസിഡന്റ് പ്രസീത, യൂണിയൻ യൂത്ത്മൂവ്‌മെന്റ് ഭാരവാഹികളായ ജിതിൻ ചന്ദ്രൻ, ദിനിൽ എന്നിവർ പ്രതിഷേധയോഗത്തിൽ പങ്കെടുത്തു.