ഹരിപ്പാട്: ഭരണഘടനയിൽ ഇല്ലാത്ത സാമ്പത്തിക സംവരണം നടപ്പിലാക്കി പിന്നാക്കക്കാരെ ദ്രോഹിക്കുവാൻ ശ്രമിക്കുന്നതിനെതിരെ എസ്. എൻ.ഡി.പി യോഗം കാർത്തികപ്പള്ളി യൂണിയൻ പ്രതിഷേധിച്ചു. ചെറിയ ശതമാനം വരുന്ന മുന്നോക്കകാർ നിലവിലെ വലിയ ശതമാനം ഉദ്യോഗങ്ങൾ കൈവശം വച്ചിരിക്കുന്ന സാഹചര്യത്തിൽ, ഇവർക്ക് വീണ്ടും 10 ശതമാനം കൂടി നൽകുന്നത് കടുത്ത അനീതിയാണ്. വോട്ടുബാങ്കായി നിൽക്കുന്ന ന്യൂനപക്ഷം കേന്ദ്ര സംസ്ഥാന സർക്കാരുകളെ ഭീഷണിപ്പെടുത്തി നേടുവാൻ ശ്രമിക്കുന്ന കാഴ്ചയാണ് കാണുന്നത്. സാമ്പത്തിക സംവരണത്തിനെതിരെ സുപ്രീം കോടതിയിൽ നിലനിൽക്കുന്ന കേസിന് തീർപ്പുകൽപിക്കും വരെ എല്ലാ സാമ്പത്തിക സംവരണ നടപടികളും നിർത്തിവയ്ക്കണമെന്ന് കാർത്തികപ്പള്ളി യൂണിയൻ ആവശ്യപ്പെട്ടു. കാർത്തികപ്പള്ളി യൂണിയൻ ആസ്ഥാനത്ത് നടന്ന നിൽപു സമരം കാർത്തികപ്പള്ളി യൂണിയൻ പ്രസിഡന്റ് കെ.അശോകപ്പണിക്കർ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി അഡ്വ.ആർ.രാജേഷ്ചന്ദ്രൻ, യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ സി.സുഭാഷ്, യോഗം ഡയറക്ടർ ബോർഡ് മെമ്പർ പ്രൊഫ. സി.എം.ലോഹിതൻ, യൂണിയൻ കൗൺസിലർമാരായ പൂപ്പള്ളി മുരളി, പി.ശ്രീധരൻ, ഡി.ഷിബു, പി.എസ്.അശോക് കുമാർ എന്നിവർ പങ്കെടുത്തു.