photo

ചേർത്തല:സാമ്പത്തിക സംവരണത്തിനെതിരെ യോജിച്ച പോരാട്ടത്തിന് തയ്യാറുള്ളവർ ജനങ്ങളുടെ വിശ്വാസമാർജ്ജിച്ച് പ്രവർത്തിക്കാൻ മുന്നിട്ടിറങ്ങിയാൽ എസ്.എൻ.ഡി.പി യോഗം പിന്തുണയ്ക്കുമെന്ന് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കണിച്ചുകുളങ്ങര യൂണിയനിൽ ഡോ.പല്പുവിന്റെ ജന്മദിനാഘോഷവും ഈഴവ മെമ്മോറിയൽ ശതോത്തര ജൂബിലി സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് 70 ശതമാനവും സംവരണ വിഭാഗങ്ങളിൽ ഉൾപ്പെടുന്നവരാണ്. 30 ശതമാനം മാത്രമാണ് സാമ്പത്തിക സംവരണത്തിലുള്ളവർ.വിദ്യാഭ്യാസ മേഖലയിൽ സാമ്പത്തിക സംവരണം ആദ്യം നടപ്പാക്കിയത് യു.ഡി.എഫാണ്.സാമ്പത്തിക സംവരണത്തെ അനുകൂലിക്കുന്ന യു.ഡി.എഫിന് ഒപ്പം നിൽക്കുന്ന മുസ്ലിം ലീഗ് സാമുദായിക സംവരണത്തെ എതിർക്കുന്നത് ഇരട്ടത്താപ്പാണ്.ഇത് അവരുടെ പാർലമെന്ററി മോഹമാണ് വെളിവാക്കുന്നത്. സമരം നടത്താൻ ലീഗ് സ്വയം തീരുമാനിച്ചതാണ്. ആലോചിച്ച് യോജിച്ച് തീരുമാനമെടുക്കണം.രണ്ട് വള്ളത്തിൽ സഞ്ചരിക്കുന്ന രാഷ്ട്രീയ അടവ് നയം വിലപ്പോകില്ല.കാര്യം കഴിയുമ്പോൾ കരിമ്പിൻ ചണ്ടി പോലെ തള്ളിക്കളയാനാണ് നീക്കമെങ്കിൽ ഒപ്പം ഉണ്ടാകില്ല.

ഇടതു-വലതു കക്ഷികൾക്ക് അധികാരത്തിലേറാൻ ഭൂരിപക്ഷം വരുന്ന പിന്നാക്കക്കാരന്റെ പിന്തുണ വേണം.എന്നാൽ അധികാരത്തിലെത്തിക്കഴിഞ്ഞാൽ പിന്നാക്കക്കാരൻ അവരുടെ മനസിൽ നിന്ന് മാഞ്ഞു പോകുന്ന രീതിയാണ്.മനസിൽ ഇടം കിട്ടണമെങ്കിൽ അടുത്ത തിരഞ്ഞെടുപ്പു വരെ കാത്തിരിക്കണം.ഇത് കാലങ്ങളായി തുടരുന്ന രീതിയാണ്.ഇതിന് മാറ്റം വരണം.പരസ്പര വിശ്വാസത്തോടെ വേണം പ്രവർത്തിക്കാൻ.സംവരണ വിഭാഗത്തിലെ 70 ശതമാനം ജനങ്ങളെയും ഒന്നിച്ച് നിറുത്തി മൂന്നാം മുന്നണി രൂപീകരിച്ച് വേണം പോരാടാൻ. പിന്നാക്ക സമുദായങ്ങളെ നയിക്കുന്ന നേതാക്കൾ ഇതിന് തയ്യാറാകണം.നിയമങ്ങൾ അട്ടിമറിച്ച് സവർണ വിഭാഗങ്ങൾ അധികാരം കൈയാളുകയാണ്. ഭരണക്കാർ ഇവരെ പിന്തുണയ്ക്കുന്നു. ജനാധിപത്യം നിലവിൽ വന്നിട്ടും മതാധിപത്യത്തിനാണ് പ്രാധാന്യം. ഈഴവരുടെ കണ്ണീര് കുടിക്കുന്ന രാഷ്ട്രീയക്കാരെ തിരിച്ചറിയണം.

സാമ്പത്തിക സംവരണം ചതിക്കുഴിയാണ്. സാമ്പത്തിക സംവരണത്തെ എതിർക്കുന്നവർ ഇരുപക്ഷത്തുമുണ്ട്. മുന്നണികളെ തള്ളിപ്പറയാൻ ഇവർ തയ്യാറാകണം.സമുദായം തിരിച്ചറിവിന്റെ പാതയിലാണെന്നും രാഷ്ട്രീയ വ്യത്യാസങ്ങൾ മറന്ന് പിന്നാക്കക്കാർ ഒന്നിച്ചു നിന്ന് പോരാടുന്ന ഘട്ടമെത്തിയാലേ സാമ്പത്തിക സംവരണത്തെ തൂത്തെറിയാൻ കഴിയുകയുള്ളവെന്നും അദ്ദേഹം പറഞ്ഞു. വി.എം. പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.കെ.ധനേശൻ,യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ കെ.കെ.പുരുഷോത്തമൻ, യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് അനിലാൽ കൊച്ചുകുട്ടൻ, വനിതാസംഘം പ്രസിഡന്റ് പുരുഷാമണി എന്നിവർ സംസാരിച്ചു.സെക്രട്ടറി ഇൻചാർജ്ജ് പി.എസ്.എൻ. ബാബു സ്വാഗതവും കൗൺസിലർ കെ.സോമൻ നന്ദിയും പറഞ്ഞു.