ആലപ്പുഴ: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിലെ ഒന്നു മുതൽ നാലു വരെയുള്ള പ്രതികൾ സ്വാഭാവിക ജാമ്യത്തിനായി ആലപ്പുഴ അഡിഷണൽ സെഷൻസ് കോടതി മൂന്നിൽ സമർപ്പിച്ച ജാമ്യാപേക്ഷ ജഡ്ജി പി.എൻ. സീത തള്ളി. ഇതിന് പുറമേ മുൻകൂർ ജാമ്യത്തിനായി സമർപ്പിച്ച അപേക്ഷ പരിഗണിച്ചെങ്കിലും പ്രോസിക്യൂഷന്റെ എതിർപ്പിന് തുടർന്ന് ജാമ്യം അനുവദിക്കാതെ കോടതി പൊലീസ് റിപ്പോർട്ടിനായി അഞ്ചിലേക്കു മാറ്റി.

കഴിഞ്ഞ 30ന് ആണ് പ്രതികൾ ജാമ്യത്തിനായി അപേക്ഷ സമർപ്പിച്ചത്. കോടതി വാദം കേട്ടെങ്കിലും കേസുകളുടെ സ്വഭാവം കണക്കിലെടുത്ത് അപേക്ഷ തള്ളി.മുൻകൂർ ജാമ്യത്തിനുള്ള അപേക്ഷയിൽ ഏത് കേസ് എന്ന് വ്യക്തമാക്കിയിരുന്നില്ല. പൊലീസ് റിപ്പോർട്ട് ലഭിക്കുന്നതുവരെ നിലവിലുള്ളതും ഇനി രജിസ്റ്റർ ചെയ്യാൻ സാദ്ധ്യതയുള്ളതുമായ കേസുകളിൽ അറസ്റ്റ് പാടില്ലെന്നായിരുന്നു പ്രതികളുടെ ആവശ്യം.എന്നാൽ പ്രോസിക്യൂഷൻ എതിർത്തു. ഇനിയും നിരവധി കേസുകൾ രജിസ്റ്റർ ചെയ്യാൻ സാദ്ധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ ബോധിപ്പിച്ചു.

പാലക്കാട് നോർത്ത്, സൗത്ത്, തൃശൂർ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ അറസ്റ്റ് രേഖപ്പെടുത്താൻ കോടതി പൊലീസിന് അനുമതി നൽകി. പോപ്പുലർ ഫിനാൻസ് ഉടമ റോയ് ഡാനിയേൽ, ഭാര്യ പ്രഭ ഡാനിയേൽ, മക്കളായ റിനു മറിയം തോമസ്, റീബ മറിയം തോമസ് എന്നിവരാണ് അഭിഭാഷകനായ മനു മുഖേന കോടതിയെ സമീപിച്ചത്. കഴിഞ്ഞ ഏപ്രിൽ 20ന് കോന്നി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യാപേക്ഷ നൽകിയത്. പ്രതികൾ ഹൈക്കോടതിയെ സമീപിച്ചെങ്കിലും കേസ് രജിസ്റ്റർ ചെയ്ത് 60 ദിവസം കഴിഞ്ഞതിനാൽ സ്വാഭാവിക ജാമ്യത്തിന് ബന്ധപ്പെട്ട സെഷൻസ് കോടതിയെ സമീപിക്കാൻ നിർദേശിച്ചിരുന്നു.

എറണാകുളം, കോട്ടയം ജില്ലകളിൽ നിന്നു നിരവധി നിക്ഷേപകർ വാദം കേൾക്കാൻ കോടതിയിൽ എത്തിയിരുന്നു.

പ്രോസിക്യൂഷന് വേണ്ടി അഡിഷണൽ പബ്ളിക് പ്രോസിക്യൂട്ടർ പി.പി.ഗീത, അഡ്വ. പി.പി.ബൈജു എന്നിവർ ഹാജരായി.