മാന്നാർ: വിശേഷദിവസം ഏതുമായിക്കോട്ടെ, മൂന്നാംക്ളാസുകാരി അസ്ന അൻഷാദ് തിരക്കിലായിരിക്കും. വേറൊന്നും കൊണ്ടല്ല, ആ ദിവസത്തെ ഓർമ്മിപ്പിക്കുന്ന ഒരു കുഞ്ഞു ചിത്രം വരച്ചില്ലെങ്കിൽ അസ്നയ്ക്ക് അന്ന് ഉറക്കം വരില്ല.
മാദ്ധ്യമ പ്രവർത്തകനും സാമൂഹ്യ പ്രവർത്തകനുമായ മാന്നാർ കുരട്ടിക്കാട് അൻഷാദ് മൻസിൽ അൻഷാദിന്റെയും റെജി മോളുടെയും ഏക മകളാണ് അസ്ന. ചിത്രരചനയോട് വല്ലാത്ത ഇഷ്ടമാണ് കക്ഷിക്ക്.
വിശേഷ ദിവസങ്ങളിൽ രാവിലെ തന്നെ ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ഓൺലൈനിൽ നോക്കി തന്നെക്കൊണ്ട് കഴിയുന്ന രീതിയിൽ പേപ്പറിൽ വരച്ചെടുക്കും.പിന്നീട് നിറം കൊടുത്ത് മനോഹരമാക്കിയ ശേഷം
സ്‌കൂൾ ഗ്രൂപ്പിലേക്ക് പോസ്റ്റ് ചെയ്യും. കൂട്ടുകാരെയും അദ്ധ്യാപകരെയും നേരിട്ട് കാണിക്കാൻ കഴിയാത്തതിനാൽ സ്കൂൾ ഗ്രൂപ്പാണ് ആശ്രയം.
മകളുടെ കലാഭിരുചിക്ക് എല്ലാ പിന്തുണയുമായി മാതാപിതാക്കളും ഒപ്പമുണ്ട്. ഓണം, ക്രിസ്മസ്, വിഷു, സ്വാതന്ത്ര്യദിനം, കേരളപ്പിറവി തുടങ്ങിയ വിശേഷ ദിവസങ്ങളുമായി ബന്ധപ്പെട്ട് അസ്ന ചിത്രങ്ങൾ വരച്ച് തന്റെ ശേഖരത്തിൽ സൂക്ഷിച്ചിട്ടുണ്ട്. കൊറോണയുമായി ബന്ധപ്പെട്ട് മാന്നാർ ഗ്രാമ പഞ്ചായത്ത് സഘടിപ്പിച്ച ചിത്ര രചന മത്സരത്തിൽ അസ്നക്കായിരുന്നു രണ്ടാം സ്ഥാനം. പരുമല സിൻഡസ്‌മോസ് പബ്ലിക് സ്‌കൂൾ വിദ്യാർത്ഥിനിയാണ്. സ്‌കൂളിൽ നിന്നു വലിയ പിന്തുണയാണ് അസ്നയ്ക്ക് ലഭിക്കുന്നത്.