കുട്ടനാട് : അച്ഛൻ ഓടിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ്, പിന്നിലിരുന്ന് സഞ്ചരിച്ച മകൾ മരിച്ചു. മുട്ടാർ പഞ്ചായത്ത് മുൻ പ്രസിഡന്റ് മിത്രക്കരി കളപ്പുരയ്ക്കൽ കെ.കെ.കൃഷ്ണൻകുട്ടിയുടെ മകൾ ആർദ്ര (14, അമ്മു)യാണ് മരിച്ചത്. കൃഷ്ണൻകുട്ടിക്ക് (60) ഗുരുതര പരിക്കേറ്റു.
ഇന്നലെ ഉച്ചയ്ക്ക് 12ഓടെ മാമ്പുഴക്കരി- മിത്രക്കരി റോഡിലായിരുന്നു അപകടം. കൃഷ്ണൻകുട്ടി ഓടിച്ച ബൈക്ക് നിയന്ത്രണം വിട്ട് കരുവേലിത്തറ ജംഗ്ഷനിൽ നിർത്തിയിട്ടിരുന്ന വാഹനത്തിന് പിന്നിൽ ഇടിച്ചു കയറി. ബൈക്കിൽ നിന്ന് റോഡിലേക്ക് തലയടിച്ച് വീണതാണ് ആർദ്രയുടെ മരണത്തിനിടയാക്കിയത്. അപകടം നടന്ന ഉടനെ തന്നെ ഇരുവരെയും നാട്ടുകാർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി ഒമ്പതോടെ ആർദ്ര മരിച്ചു. കാലിന് ഒന്നിലേറെ ഒടിവുള്ള കൃഷ്ണൻകുട്ടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.