ഓട്ടുപാത്ര നിർമ്മാണതൊഴിലാളികൾ പ്രതിസന്ധിയിൽ
ആലപ്പുഴ : കഷ്ടപ്പാടിനൊത്ത വരുമാനം ലഭിക്കാതായതോടെ, ഓട്ടു പാത്ര നിർമാണം കുലത്തൊഴിലായി സ്വീക
രിച്ചിരുന്ന കുടുംബങ്ങളിലെ അംഗങ്ങളിൽ പലരും ഈ മേഖലയിൽ നിന്ന് വിട്ടുപോകുന്നു. കൊവിഡ് കാലത്തെ കഷ്ടതകളും അസംസ്കൃത വസ്തുക്കളുടെ വിലയിലുണ്ടായ വർദ്ധനവുമാണ് ഇവരുടെ പ്രതിസന്ധി ഇരട്ടിപ്പിച്ചത്.
ജില്ലയിൽ മാന്നാറാണ് ഓട്ടുപാത്ര നിർമ്മാണകേന്ദ്രം.യന്ത്രങ്ങളുടെ കടന്നുവരവ് പരമ്പരാഗത തൊഴിലാളികൾക്ക് വെല്ലുവിളിയാണ്. അമ്പലമണികൾ,നിലവിളക്കുകൾ എന്നിവ വ്രതശുദ്ധിയോടെയാണ് പരമ്പരാഗത തൊഴിലാളികൾ നിർമ്മുക്കുന്നത്. കരു നിർമ്മിക്കുന്നതിനുള്ള കളിമണ്ണിനും തൊണ്ട്, ചിരട്ട, കരി, വിറക് എന്നിവയ്ക്കും വില വർദ്ധിച്ചു. മെഴുകിനൊപ്പം ചേർക്കേണ്ട കുന്തിരിക്കവും ചെഞ്ചല്യവും കിട്ടാൻ ബുദ്ധിമുട്ടാണ്. ചെമ്പ്, വെളുത്തീയം എന്നിവയും ആവശ്യത്തിന് ലഭിക്കുന്നില്ല.
നേരം വെളുത്ത് ആലയിൽ കയറുന്ന തൊഴിലാളികൾ സന്ധ്യമയങ്ങി പണി അവസാനിപ്പിച്ചിറങ്ങുമ്പോൾ ലഭിക്കുന്നത് തുച്ഛമായ വരുമാനം മാത്രമാണ്. യന്ത്രങ്ങൾ ഉപയോഗിച്ചു നിർമിക്കുന്ന ഓട്ടു പാത്രങ്ങൾക്ക് വിലക്കുറവാണ്.എന്നാൽ പരമ്പരാഗത രീതിയിൽ നിർമ്മിക്കുന്ന ഓട്ടുപാത്രങ്ങളുടെ ഗുണമേന്മയും ഭംഗിയും യന്ത്രങ്ങൾ ഉപയോഗിച്ചു നിർമിക്കുന്നവയ്ക്കുണ്ടാകില്ല. വിളക്കുകളുടെ പിരി പലപ്പോഴും ഇളകും.
പരമ്പരാഗത നിർമ്മാണം
ഓട്ടു പാത്രങ്ങളും മറ്റും നിർമിക്കാൻ ആദ്യം മൂശ പ്രത്യേകമായി തയ്യാറാക്കണം. തുടർന്ന് പശമണ്ണിൽ രൂപപ്പെടുത്തിയ കരുക്കൾക്കുമേൽ മെഴുക് ആവരണം ചെയ്ത് അതിൽമേൽ അരച്ച മണ്ണും ചാണകവും ചേർത്ത മിശ്രിതം തേച്ചു പിടിപ്പിക്കും. ശേഷം പൊട്ടിയ ചട്ടി മുറികൾ കൊണ്ട് തടകൾ വച്ചാണ് അച്ചുകൾ ഉണ്ടാക്കുന്നത്. നിർമ്മിക്കേണ്ട ഓട്ടു പാത്രത്തിന്റെ ആകൃതി മണ്ണും മെഴുകും ഉപയോഗിച്ചു രൂപപ്പെടുത്തി ചൂടാക്കിയ ശേഷം ഇതിലേക്ക് ഉരുക്കിയ ഓട് ഒഴിച്ചാണു പാത്രങ്ങൾ നിർമിക്കുന്നത്.
ഓർഡർ കുറഞ്ഞു
വിളക്കുകൾ, മണികൾ, തിടമ്പുകൾ, കിണ്ടി, മൊന്ത, കിണ്ണം, ഉരുളി, വാർപ്പുകൾ, വിഗ്രഹങ്ങൾ എന്നിവയ്ക്ക് മുൻകൂർ ബുക്കിംഗാണ്. മുമ്പ് തൊഴിലാളികൾക്ക് നേരിട്ട് ഓർഡർ ലഭ്യമായിരുന്നു. ഇപ്പോൾ കടകളിലേക്കാണ് ഇവയുടെ ഓർഡറുകൾ പോകുന്നത്. അദ്ധ്വാനത്തിനൊത്ത വില തൊഴിലാളികൾക്ക് നൽകാൻ കച്ചവടക്കാരിൽ പലർക്കും മടിയാണ്. കൊവിഡിൽ ഉത്സവം,വിവാഹം,പാലുകാച്ചൽ എന്നീ ചടങ്ങുകൾ കുറഞ്ഞതും ഈ മേഖലയ്ക്ക് തിരിച്ചടിയായി. സർക്കാരിൽ നിന്ന് ഇതുവരെ ആനൂകൂല്യങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് ഓട്ടു പാത്ര നിർമാണ തൊഴിലാളികൾ പറയുന്നു.
" പരമ്പരാഗത തൊഴിലാളികൾ ഏറെ കഷ്ടപ്പെട്ടാണ് ഈ തൊഴിൽ മുന്നോട്ട് കൊണ്ടുപോകുന്നത്. .യന്ത്രങ്ങളുടെ കടന്ന് വരവ് ഓട്ടുപാത്ര നിർമ്മാണ മേഖലയെ ഉലച്ചു. സർക്കാരിൽ നിന്ന് ആനുകൂല്യങ്ങൾ ലഭിച്ചില്ലെങ്കിൽ കുടുംബം പട്ടിണിയിലാകും.
(മുരുകൻ ആചാരി,മാന്നാർ)