പിൻസീറ്റ് യാത്രികർക്കും ഹെൽമെറ്റ് നിർബന്ധം
ആലപ്പുഴ: കൊവിഡ് കാരണം പൊലീസും മോട്ടോർ വാഹന വകുപ്പും 'തൊടാൻ' മടിക്കുമെന്ന ധൈര്യത്തിൽ ഹെൽമെറ്റ് ധരിക്കാതെ പുറത്തിറങ്ങിയിരുന്നവർക്ക് ഇരട്ട പ്രഹരവുമായി പരിശോധനാ സംഘങ്ങൾ നിരത്തിലിറങ്ങി. ഹെൽമെറ്റും മാസ്കും നിർബന്ധമാക്കിയതു കൂടാതെ പിൻസീറ്റിൽ ഇരിക്കുന്നവർക്കും ഇനി ഹെൽമെറ്റ് നിർബന്ധം. ഈ നിയമം നേരത്തെ നിലവിലുണ്ടായിരുന്നെങ്കിലും അത്ര കർശനമായി നടപ്പാക്കിയിരുന്നില്ല.
കൊവിഡ് വ്യാപിച്ചതോടെ ഇരുചക്ര വാഹന യാത്രക്കാർ അവഗണിച്ച ഒന്നായിരുന്നു ഹെൽമെറ്റ്. എന്നാൽ മാസ്‌ക് മാത്രം പോരാ ഹെൽമറ്റും വേണമെന്ന് കർശന നിർദ്ദേശവുമായി മോട്ടോർ വാഹന വകുപ്പ് എത്തിയിരിക്കുകയാണ്. ജില്ലയിൽ നിലവിൽ ഹെൽമെറ്റില്ലാത്ത പിൻസീറ്റ് യാത്രക്കാരിൽ നിന്ന് കർശനമായി പിഴ ഈടാക്കുന്നില്ല. ആദ്യപടിയായി ബോധവത്കരണം നൽകും. ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നവരുടെ ഡ്രൈവിംഗ് ലൈസൻസ് സസ്‌പെൻഡ് ചെയ്യാനുള്ള നിയമം പ്രാബല്യത്തിലായി. പിഴ കൂടാതെ മൂന്ന് മാസത്തെ സസ്‌പെൻഷൻ നേരിടേണ്ടി വരും. അടുത്ത ദിവസങ്ങളിൽ പരിശോധന ശക്തമാക്കാനാണ് മോട്ടോർ വാഹനവകുപ്പിന്റെ തീരുമാനം. സ്വയരക്ഷ കണക്കിലെടുത്ത് നിയമം പാലിക്കണമെന്നാണ് അധികൃതരുടെ നിർദ്ദേശം.
നിയമലംഘനം കൂടി
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വീണുകിട്ടിയ ഇളവുകളുടെ പേരിൽ നിരത്തിലെ നിയമലംഘനങ്ങൾ കൂടുന്നുവെന്നാണ് അധികൃതരുടെ നിഗമനം. ഹെൽമെറ്റിനോട് വിമുഖത കാട്ടുന്ന ഇരുചക്ര വാഹന യാത്രികരുടെ എണ്ണം കൂടിയെന്നാണു വിലയിരുത്തൽ. ഹെൽമെറ്റ് ഇല്ലാതെ യാത്ര ചെയ്തതിന് ജില്ലയിൽ കഴിഞ്ഞ മാസം 400 പേരാണ് പിടിയിലായത്. ഇതിൽ 50 പേർ പിൻസീറ്റ് യാത്രികരാണ്. ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്താൽ 500 രൂപയാണ് പിഴ.
നിലവിൽ ആദ്യ ദിനങ്ങളിൽ പിഴ ഈടാക്കാതെ ബോധവത്കരണമാണ് നടത്തുന്നത്. വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കും. 60 ശതമാനം ഇരുചക്ര യാത്രികർ നിയമം കൃത്യമായി പാലിക്കുന്നുണ്ട്
(സുമേഷ്,ആർ.ടി.ഒ, ആലപ്പുഴ)