s

ആലപ്പുഴ : ചെയ്തു വന്നിരുന്ന തൊഴിലിന് ലോക്ക് ഡൗണിൽ ബ്രേക്കു വീണതോടെ പുതിയ മേഖലകൾ തേടിയിറങ്ങിയവരിൽ ആശ്വാസതീരമണഞ്ഞവരാണ് അലങ്കാര മത്സ്യക്കച്ചവടത്തിനിറങ്ങിയവർ. മുൻ പരിചയമില്ലാതെയാണ് ഇറങ്ങിയതെങ്കിലും തെറ്റില്ലാത്ത വരുമാനം ഇതിലൂടെ ലഭിക്കുന്നുണ്ടെന്ന് ഇവർ സാക്ഷ്യപ്പെടുത്തുന്നു.

ലോക്ക് ഡൗണിൽ വീട്ടിൽ ചിലവഴിക്കാൻ കൂടുതൽ സമയം കിട്ടിയതോടെ കുട്ടികൾ മുതൽ മുതിർന്നവർ വരെ അലങ്കാര മത്സ്യകൃഷിയിലും അക്വേറിയങ്ങൾ ഒരുക്കുന്നതിലും വ്യാപൃതരായി. ഇതാണ് വഴിയോരങ്ങളിൽ അലങ്കാര മത്സ്യവില്പനയുമായെത്തിയവർക്ക് തുണയായത്.

ഇത്രയും ആവശ്യക്കാർ എത്തുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് കച്ചവടക്കാർ പറയുന്നു. ജില്ലയിൽ ഏതു റോഡിലോ ടൗണിലോ പോയാലും ഒന്നിലേറെ സ്ഥലത്തു കടകളിലും വഴിയോരത്തുമായി അലങ്കാര മത്സ്യങ്ങൾ വിൽപനയ്ക്കുണ്ടാകും. ദേശീയ പാതയോരത്താണ് വിൽപനക്കാർ കൂടുതൽ. മേശ നിരത്തി അതിന്മേൽ ബൗളുകളിലും അക്വേറിയങ്ങളിലും മീനുകളെ നിറച്ചാണ് വിൽപ്പന. കാറുകളും വാനുകളും വഴിയരികിൽ നിറുത്തി അതിനുള്ളിൽ ചെറിയ പെറ്റ് ഷോപ്പ് തന്നെ സെറ്റ് ചെയ്തവരും ഏറെ. ആലപ്പുഴ ടൗണിലാണ് അലങ്കാര മത്സ്യവിൽപ്പനക്കാർ കൂടുതൽ.

സ്‌കൂൾ, കോളേജ് ക്ലാസുകൾ ഓൺലൈൻ വഴിയായതോടെ ഒഴിവു സമയങ്ങളിൽ വരുമാനം നേടാൻ വിദ്യാർത്ഥികളും അലങ്കാര മത്സ്യങ്ങളുടെ വിൽപന നടത്തുന്നുണ്ട്.

ഗപ്പിയാണ് താരം

ഗപ്പിയും ഫൈറ്ററുമാണ് വഴിയോര കച്ചവടക്കാരുടെ കൈയിൽ വിൽപ്പനയ്ക്ക് സൂക്ഷിച്ചിട്ടുള്ള അലങ്കാര മത്സ്യ ഇനങ്ങൾ. ആവശ്യക്കാർ കൂടുതൽ ഗപ്പിക്കാണ്. ഇവയുടെ പ്രജ്ജനം വളരെ എളുപ്പത്തിലാണ്. കൂടാതെ കൊതുകളെ നശിപ്പിക്കാനും ഗപ്പി വളർത്തുന്നവരുണ്ട്. 5 രൂപ മുതൽ വി​ലയുള്ള ഗപ്പികൾ വഴിയോര കച്ചവടക്കാരുടെ പക്കലുണ്ട്. ഒരു ദിവസം ശരാശരി 2000 രൂപയുടെ വില്പന നടക്കുന്നുണ്ടെന്ന് കച്ചവടക്കാർ പറയുന്നു.

കൊറിയർ വഴിയും മീൻ

മറ്റ് ജില്ലകളി​ലെ ആവശ്യക്കാർക്ക് കൊറിയർ മുഖേന അലങ്കാര മത്സ്യങ്ങളെ അയച്ചു കൊടുത്ത് പുതിയ മേഖല തുറന്നിരിക്കുകയാണ് കച്ചവടക്കാർ. ആവശ്യക്കാർ വിൽപ്പനക്കാരുമായി ബന്ധപ്പെട്ടാൽ മതി. ഉടൻ തന്നെ കവറിൽ ഓക്സിജൻ നിറച്ച് മീനുകളെ കൊറിയർ ചെയ്ത് നൽകും. ചില ദിവസങ്ങളിൽ നേരിട്ടുള്ള വിൽപ്പനയെക്കാൾ കൊറിയർ വഴിയുള്ള ഓർഡറുകളാണ് ലഭിക്കുന്നതെന്ന് കച്ചവടക്കാർ പറയുന്നു.

''കൊവിഡ് കാലത്ത് ഉപജീവനമാർഗമായാണ് പാതയോര അലങ്കര മത്സ്യ വിൽപ്പന ആരംഭിച്ചത്. 22 ഇനം മത്സ്യങ്ങൾ വിൽപ്പനയ്ക്ക് എത്തിച്ചിട്ടുണ്ട്. മറ്റ് ജില്ലകളിലെ ആവശ്യക്കാർക്ക് കൊറിയർ വഴിയും മത്സ്യങ്ങളെ എത്തിക്കും.

(ഷെഹീർ, അലങ്കര മത്സ്യവിൽപ്പനക്കാരൻ,കല്ലുപാലം, ആലപ്പുഴ)