s

പുതിയ ഓർഡിനൻസ് പിൻവലിക്കണമെന്ന് ആവശ്യം


ആലപ്പുഴ: മത്സ്യലേലവും വിപണനവും ഗുണനിലവാര പരിപാലനവും സംബന്ധിച്ച് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച ഓർഡിനൻസ് അംഗീകരിക്കില്ലെന്ന് മത്സ്യത്തൊഴിലാളി സംഘടനകൾ. ഇടനിലക്കാരിൽ നിന്ന് തൊഴിലാളികളെ രക്ഷിക്കുകയാണ് ഓർഡിനൻസിന്റെ ലക്ഷ്യമെങ്കിലും പിഴ ഉൾപ്പെടെയുള്ളവ ഒഴിവാക്കണമെന്നാണ് ആവശ്യം.

പുതിയ നിയമം നിലവിൽ വരുന്നതോടെ മത്സ്യത്തിന്റെ വില ഹാർബർ മാനേജ്മെന്റ് കമ്മിറ്റി തീരുമാനിക്കും. വള്ളങ്ങൾ തൊട്ടടുത്തുള്ള ഹാർബറുകളിൽ മാത്രമേ അടുപ്പിക്കാനാവൂ. യഥേഷ്ടം തീരത്ത് വള്ളമടുത്താൽ പിഴയടയ്ക്കേണ്ടി വരും. ആലപ്പുഴ ഭാഗത്തുള്ള പൊന്തുവള്ളമോ ചെറുവള്ളമോ അടുത്തുള്ള മത്സ്യബന്ധന തുറമുഖങ്ങളായ തോട്ടപ്പള്ളിയിലോ അർത്തുങ്കലോ എത്തണം. എൻജിൻ ഘടിപ്പിക്കാത്ത വള്ളങ്ങളായതിനാൽ 25 കലോമീറ്റർ തുഴഞ്ഞു വേണം ഇവിടങ്ങളിലെത്താൻ. ഇവടെ ഉദ്യോഗസ്ഥർ നിശ്ചയിക്കുന്ന വിലയ്ക്ക് മത്സ്യം വിറ്റ് മടങ്ങിയെത്തിയ ശേഷം വീണ്ടും മീൻപിടിക്കാൻ പോകാൻ കഴിയാത്തത് നഷ്ടമുണ്ടാക്കുമെന്നാണ് തൊഴിലാളികൾ പറയുന്നത്.

സംഘങ്ങൾ വഴി മത്സ്യഫെഡ് വായ്പ കൊടുത്ത ഗ്രൂപ്പുകളിൽ നിന്നാണ് തിരികെ ലേല കമ്മിഷൻ സ്വീകരിച്ചിരുന്നത്. ഇപ്പോൾ മുഴുവൻ മത്സ്യത്തൊഴിലാളി ഗ്രൂപ്പുകളിൽ നിന്നും ബോട്ടുടമകളിൽ നിന്നും ലേല കമ്മിഷൻ സ്വീകരിക്കുന്നുണ്ട്. നിലവിൽ മത്സ്യഫെഡ് വിതരണം ചെയ്യുന്ന വായ്പ തുകയ്ക്ക് മത്സ്യത്തൊഴിലാളി ഗ്രൂപ്പുകളിൽ നിന്ന് 5 ശതമാനം ലേല കമ്മിഷൻ സ്വീകരിച്ച് ഒന്നര രൂപ വീതം സംഘത്തിനും ലേലക്കാരനും മത്സ്യത്തൊഴിലാളികൾക്ക് ബോണസ് നൽകാനും 50 പൈസ മത്സ്യഫെഡിന് മത്സ്യത്തൊഴിലാളി ക്ഷേമ പ്രവർത്തനം നടത്താനുമാണ് ഉപയോഗിക്കുന്നത്.

കമ്മിഷൻ വ്യവസ്ഥ മാറും

ഓർഡിനൻസ് അനുസരിച്ച് മുഴുവൻ മത്സ്യബന്ധന വള്ളങ്ങളിലും നിന്ന് സ്വീകരിക്കുന്ന 5 ശതമാനം ലേല കമ്മിഷൻ സഹകരണ സംഘങ്ങൾക്കും ലേലക്കാരനും ഹാർബർ, ലാൻഡിംഗ് മാനേജ്മെന്റ് സൊസൈറ്റികൾക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുമാണ് നൽകുന്നത്. മത്സ്യത്തൊഴിലാളികൾക്കുള്ള ബോണസ് തുകയും മത്സ്യഫെഡിനുള്ള ക്ഷേമപ്രവർത്തന തുകയും ഒഴിവാക്കി. ഹാർബറുകളിലും ലാൻഡിംഗ് സെന്ററുകളിലും യൂസേഴ്‌സ് ഫീസ് പിരിക്കാൻ ഓർഡിനൻസിൽ വ്യവസ്ഥയുള്ള സാഹചര്യത്തിൽ ലേല കമ്മിഷൻ വിഹിതം എടുക്കുന്നതും യാതൊരു ബന്ധവുമില്ലാത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വിഹിതം നൽകുന്നതും മത്സ്യത്തൊഴിലാളി ദ്രോഹ നടപടിയെന്നാണ് ആക്ഷേപം.

....................................

 ജില്ലയിലെ മത്സ്യബന്ധന കടൽത്തീരം: 80 കി.മീ

 പരമ്പരാഗത തൊഴിലാളികൾ: 50,000

 വള്ളങ്ങളും പൊന്തുവള്ളങ്ങളം: 25,000

..................................

അപ്രായോഗികം

പിടിക്കുന്ന മത്സ്യത്തിന് രാവിലെ മുതൽ വൈകിട്ട് വരെ ഒരേ വില നൽകാമെന്ന നിർദേശം അപ്രായോഗികം. ചില അവസരങ്ങളിൽ മത്സ്യം ധാരാളം ലഭിക്കുമ്പൾ രാവിലെ ലഭിക്കുന്ന വില പിന്നീടുള്ള സമയങ്ങളിൽ ലഭിക്കാറില്ല. മത്സ്യം കൂടുതലായി എത്തുമ്പോൾ കച്ചവടക്കാരുടെ എണ്ണം കുറയുന്നതിനാൽ മീൻ വില കുറയുന്നതാണ് പതിവ്. കണക്കുകൂട്ടലുകൾ തെറ്റിയാൽ മത്സ്യം കടലിൽ കളയേണ്ടി വരുമെന്ന ആശങ്കയാണ് തൊഴിലാളികൾക്ക്.

മത്സ്യലേലവും വിപണനവും ഗുണനിലവാര പരിപാലനവും നടപ്പാക്കാൻ ഓർഡിനൻസ് പുറപ്പെടുവിച്ച ഫിഷറീസ് മന്ത്രി ആരുടെ പക്ഷത്താണെന്ന് വ്യക്തമാക്കണം. ഓർഡിനൻസ് പിൻവലിക്കാൻ മന്ത്രി തയ്യാറാകണം

വി.ദിനകരൻ, പ്രസിഡന്റ്, കേരള ഫിഷറീസ് ഫെഡറേഷൻ

ഇടനിലക്കാരെ ഒഴിവാക്കുന്ന ഓർഡിനൻസിനെ സ്വാഗതം ചെയ്യുന്നു. പിഴ അടയ്ക്കുന്നത് ഉൾപ്പെടെയുള്ള പോരായ്മ പരിഹരിക്കുന്ന കാര്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തും

ടി.ജെ.ആഞ്ചലോസ്, പ്രസിഡന്റ്, മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി)