t

60 വയസ് പിന്നിട്ടവർ കൊവിഡ് കുരുക്കിൽ

ആലപ്പുഴ: കൊവിഡ് നിയന്ത്രണങ്ങളിലൊന്നായ റിവേഴ്സ് ക്വാറന്റൈൻ മൂലം, അറുപതു വയസ് പിന്നിട്ടവർ വീട്ടിൽ കുടുങ്ങിയിട്ട് എട്ടുമാസം പിന്നിടുന്നു. ചെറിയ ഇളവുകളുടെ പേരിൽ പലരും പുറത്തിറങ്ങാറുണ്ടെങ്കിലും റിവേഴ്സ് ക്വാറന്റൈൻ ഇതുവരെ പിൻവലിച്ചിട്ടില്ല.

സ്വകാര്യ സ്ഥാപനങ്ങളിലും കലാരംഗത്തും പ്രവർത്തിച്ചിരുന്ന ധാരാളം പേർക്ക് ഇനിയും വരുമാനത്തിനുള്ള വഴി തെളിഞ്ഞിട്ടില്ല. കൊവിഡ് വ്യാപനം കുതിക്കുന്നതിനാൽ അടുത്തെങ്ങും ജോലിയിൽ തിരികെ പ്രവേശിക്കാമെന്ന പ്രതീക്ഷയും ഇവർക്കില്ല. സംസ്ഥാനമൊട്ടാകെ തൊഴിലുറപ്പ് ജോലികൾ പുനരാരംഭിച്ചെങ്കിലും അവിടെയും 60 പിന്നിട്ടവർക്ക് വിലക്കുണ്ട്. ക്ഷേത്ര ചടങ്ങുകളുടെ ഭാഗമായുള്ള ചെണ്ടമേളം അരങ്ങേറുമ്പോഴും മുതിർന്ന മേളക്കാരെ ഇക്കുറി ഒഴിവാക്കും. സ്വകാര്യ സ്ഥാപനങ്ങളിൽ കണക്കെഴുത്ത് മുതൽ സെയിൽസ്മാനായി വരെ ജോലി ചെയ്തിരുന്ന വയോധികരും കടന്നു പോകുന്നത് വരുമാനരഹിത കാലത്തിലൂടെയാണ്.

60 പിന്നിട്ടവരെ ജോലിക്ക് നിയോഗിക്കരുതെന്ന് ആരോഗ്യ വിഭാഗത്തിന്റെ നിർദ്ദേശമുണ്ടെങ്കിലും വ്യാപാര സ്ഥാപനങ്ങൾക്ക് കാവലായി നിരവധി വയോധികരാണ് ജോലി ചെയ്യുന്നത്. രാത്രിയിൽ ഉറക്കമിളച്ച് കാവലിരിക്കാൻ പകരക്കാരെ കിട്ടാത്തതുകൊണ്ടു മാത്രമാണ് പലർക്കും തൊഴിൽ നഷ്ടപ്പെടാതിരിക്കുന്നത്. സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിക്കുന്നവരിൽ കൂടുതൽപേരും അറുപത് പിന്നിട്ടവരാണ്. അതിനാൽ തന്നെ ഇളവുകൾ ഉടനെങ്ങും പ്രതീക്ഷിക്കാനുമാവില്ല. തദ്ദേശ സ്ഥാപനങ്ങളുടെ കാലാവധി അവസാനിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കേ, അതിവേഗം മുന്നേറുന്ന നിർമ്മാണ പ്രവൃത്തികളിൽ നിന്നു അറുപത് പിന്നിട്ടവരെ ഒഴിവാക്കിയിട്ടുണ്ട്.

പെൻഷൻ വീട്ടിലെത്തും

ചെയ്തു കൊണ്ടിരുന്ന തൊഴിലിന് പോകാൻ നിർവാഹമില്ലെങ്കിലും വയോജനങ്ങൾക്കുള്ള സേവനം വീട്ടുപടിക്കലെത്തുന്നുണ്ട്. ക്ഷേമപെൻഷനുകൾ എ.ടി.എമ്മിൽ പോയി എടുക്കാൻ സാധിക്കാത്തവർക്ക് വീടുകളിൽ എത്തിക്കുന്നുണ്ട്. 65 പിന്നിട്ടവരുടെ ആരോഗ്യ സംരക്ഷണത്തിനുള്ള വയോമിത്രം പദ്ധതിയും കൊവിഡ് കാലത്ത് മുടക്കമില്ലാതെ തുടരുന്നുണ്ട്. സൗജന്യ പരിശോധന, മരുന്ന് എന്നിവ ഇതിലൂടെ ഉറപ്പ് വരുത്താം. വയോജനങ്ങൾക്ക് വേണ്ടിയുള്ള ഹെൽപ്പ് ഡെസ്കുകളും പ്രവർത്തിക്കുന്നുണ്ട്.

രാത്രി ജോലിക്ക് പകരക്കാരെ ലഭിക്കാത്തത് കൊണ്ടു മാത്രമാണ് അറുപത് വയസ് പിന്നിട്ടിട്ടും തൊഴിൽ നഷ്ടമാകാതിരുന്നത്. ചെലവുകൾ വർദ്ധിക്കുന്ന കാലത്ത് ക്ഷേമപെൻഷൻ കൊണ്ടു മാത്രം ജീവിതം മുന്നോട്ട് കൊണ്ടുപോകാനാവില്ല

കാർത്തികേയൻ, സെക്യൂരിറ്റി ജീവനക്കാരൻ

എല്ലാ വർഷവും മേളം പരിപാടികൾക്ക് പോകുന്നതാണ്. ഇത്തവണ സാധിക്കില്ല. പരിപാടിക്ക് പോയാൽ ദിവസം കുറഞ്ഞത് 400 രൂപയെങ്കിലും ലഭിക്കുമായിരുന്നു

പ്രകാശൻ, ചെണ്ടമേളം കലാകാരൻ