ആലപ്പുഴ: തീരദേശ മേഖലയിലെ വികസന പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ ഇടപെടൽ നടത്താൻ സർക്കാരിന് കഴിഞ്ഞതായി മന്ത്രി തോമസ് ഐസക്ക് പറഞ്ഞു. ഈ വർഷത്തെ ബഡ്ജറ്റിൽ 2000 കോടി രൂപയാണ് ജില്ലയിലെ തീരദേശത്തിനായി മാറ്റി വച്ചത്. വരും വർഷത്തിലും തീരദേശ വികസനത്തിനും കടൽഭിത്തി നിർമാണത്തിനുമായി നല്ലൊരു തുക ബഡ്ജറ്റിൽ ഉൾപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.

മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാര വിതരണവും കടൽ സുരക്ഷാ സ്‌ക്വാഡ് അംഗങ്ങൾക്ക് യൂണിഫോം വിതരണവും ജില്ലാ പഞ്ചായത്ത് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജില്ലയിൽ 2018 മുതൽ രൂക്ഷമായ കടലാക്രമണത്തിൽ മത്സ്യബന്ധന യാനങ്ങളും വലകളും എഞ്ചിനുകളുമുൾപ്പെടെ ഉപകരണങ്ങൾ പൂർണമായി നഷ്ടപെട്ട 5 പേർക്കും ഭാഗികമായി നാശനഷ്ടം സംഭവിച്ച 17 പേർക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്യാസ നിധിയിൽ നിന്നും 22,22,622 രൂപ നഷ്ടപരിഹാരമായി വിതരണം ചെയ്തു.
മത്സ്യഫെഡ് ചെയർമാൻ പി. ചിത്തരഞ്ജൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. കെ. ടി. മാത്യു, ഫാദർ സേവ്യർ കുടിയാംശ്ശേരി, എസ്.ആ. രമേശ് ശശിധരൻ എന്നിവർ പങ്കെടുത്തു.