ഹോംകോയിൽ മരുന്നുത്പാദനത്തിനുപയോഗിക്കുന്ന പാറ്റകൾ ഉത്തരേന്ത്യയിൽ നിന്ന്
ആലപ്പുഴ:ആസ്‌ത്‌മാ ബാധിതർക്ക് നൽകുന്ന ഹോമിയോ മരുന്നായ ബ്ലാറ്റാ ഓറിയന്റാലിസിന്റെ പ്രധാന ചേരുവയായ ഇന്ത്യൻ പാറ്റകൾക്ക് ക്ഷാമം.
ഉത്തരേന്ത്യൻ ഔഷധസസ്യ വിതരണക്കാരിൽ നിന്ന് പാറ്റയെ വാങ്ങിയാണ് ആലപ്പുഴയിലെ കേരള സ്റ്റേറ്റ് ഹോമിയോപ്പതിക് കോ ഓപ്പറേറ്റിവ് ഫാർമസി (ഹോംകോ) മരുന്ന് ഉത്പാദിപ്പിക്കുന്നത്. മരുന്നിന് ആവശ്യമായ 'ബ്ലാറ്റാ ഓറിയന്റാലിസ്' വിഭാഗത്തിൽപ്പെട്ട പാറ്റകൾ കേരളത്തിൽ അപൂർവ്വമാണെന്നതും, ഇവയ്ക്ക് ദക്ഷിണേന്ത്യയിൽ വിതരണക്കാരില്ലാത്തതുമാണ് പ്രതിസന്ധിക്ക് കാരണം. 'പെരിപ്ലാനറ്റാ അമേരിക്കാനാ' എന്ന വർഗത്തിൽപ്പെട്ട ചുവന്ന പാറ്റകളാണ് കേരളത്തിലധികമുള്ളത്. പ്രതിവർഷം ആയിരം കിലോ പാറ്റ വേണ്ട സ്ഥാനത്ത് പരമാവധി 500 കിലോവരെയാണ് ലഭ്യമാകുന്നതെന്ന് ഹോംകോ അധികൃതർ പറയുന്നു.
വർഷം തോറും ടെണ്ടർ ക്ഷണിച്ച്, സാമ്പിളുകൾ പരിശോധിച്ച് മരുന്നിന് യോജിച്ചവ എന്ന് ഉറപ്പാക്കിയ ശേഷമാണ് വിതരണക്കാർക്ക് ഓർഡർ നൽകാറുള്ളത്. പാറ്റകളെ ആവശ്യമുണ്ടെന്ന് കേട്ടറിഞ്ഞ് കേരളത്തിൽ നിന്ന് പലരും ഹോംകോയിൽ ബന്ധപ്പെട്ടിരുന്നെങ്കിലും, ഇവയെ ലഭ്യമാക്കാനുള്ള പ്രയാസം മൂലം ആരും മുന്നോട്ടുപോയില്ല. ഒരു കിലോ ഉണങ്ങിയ പാറ്റ ആയിരം രൂപ നിരക്കിലാണ് ഹോംകോ വാങ്ങുന്നത്. ഇവ കൂടാതെ വലിയ തേനീച്ച, സ്പാനിഷ് ഫ്ലൈ തുടങ്ങിയ പ്രാണികളെയും മരുന്നുത്പാദനത്തിന് ഉപയോഗിച്ചുവരുന്നു. പ്രതിവർഷം 300 കിലോഗ്രാം തേനീച്ചകളും 500 കിലോ സ്പാനിഷ് ഫ്ലൈയുമാണ് ആവശ്യം. തേനീച്ചകൾ കേരളത്തിൽ ലഭ്യമാകാറുണ്ട്. സ്പാനിഷ് ഫ്ലൈ ഇറക്കുമതി ചെയ്യുകയാണ്.
മരുന്ന് ഉത്പാദനം
കറുത്ത നിറമുള്ള ബ്ലാറ്റാ ഓറിയന്റാലിസ് വിഭാഗത്തിലുള്ള ഉണങ്ങിയ പാറ്റകളാണ് മരുന്നിന് ആവശ്യം. വെള്ളവും, ആൽക്കഹോളും നിശ്ചിത അനുപാതത്തിലെടുത്ത്, ഇതിലേക്ക് ഉണങ്ങിയ പാറ്റകളെ പതിനാല് ദിവസം മുക്കിവെയ്ക്കും. അതിന് ശേഷം സ്റ്റെറിലൈസ് ചെയ്ത് അരിച്ചെടുക്കുന്ന ലായനിയാണ് മരുന്ന് ഉത്പാദനത്തിന് ഉപയോഗിക്കുന്നത്. പൊതുവേ തടിച്ച ശരീരപ്രകൃതിയുള്ള ആസ്‌ത്‌മ രോഗികൾക്കാണ് ബ്ലാറ്റാ ഓറിയന്റാലിസ് എന്ന മരുന്ന് നിർദ്ദേശിക്കാറുള്ളത്. പ്രത്യേക ലക്ഷണങ്ങളുള്ള ചുമയ്ക്കും ഇതേ മരുന്ന് നൽകുന്നു. പാറ്റയുടെ വർഗനാമം തന്നെയാണ് മരുന്നിനും നൽകിയിരിക്കുന്നത്.
പ്രാണികളും മരുന്നും
പാറ്റ - ആസ്‌ത്‌മയ്ക്കുള്ള മരുന്ന് തയാറാക്കുന്നതിന്
തേനീച്ച - പ്രാണികളുടെ കുത്തേൽക്കുമ്പോൾ വരുന്ന നീര് മാറ്റുന്നതിനുള്ള മരുന്ന് തയാറാക്കുന്നതിന്
സ്പാനിഷ് ഫ്ലൈ - തീപ്പൊള്ളലേൽക്കുമ്പോൾ രൂപപ്പെടുന്ന കുമിള പൊട്ടാതെ, മുറിവുണക്കുന്ന മരുന്ന് തയാറാക്കുന്നതിന്
വിപണി വില
പാറ്റ - ഒരു കിലോയ്ക്ക് 1000 രൂപ
..............................
ഹോംകോയിൽ ഉത്പാദിപ്പിക്കുന്ന മൂവായിരം മരുന്നുകളിൽ ഒന്നിന് മാത്രമാണ് പാറ്റ ചേരുവയാകുന്നത്. കേരളത്തിൽ ലഭ്യമല്ലാത്തതിനാൽ ഉത്തർപ്രദേശ്, ഡൽഹി, കൊൽക്കത്ത തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള വിതരണക്കാരിൽ നിന്നാണ് വാങ്ങുന്നത്. പൊതുവേ ഇവ ലഭിക്കാൻ ക്ഷാമമുണ്ട്.
- ഡോ.പി.ജോയ്, മാനേജിംഗ് ഡയറക്ടർ, ഹോംകോ
പ്രതിവർഷം ആയിരം കിലോ പാറ്റയാണ് മരുന്ന് ഉത്പാദനത്തിന് വേണ്ടത്. അത്രയും ലഭിക്കാറില്ല. വിപണിയിൽ മികച്ച വിലയുണ്ടെങ്കിലും ഇവയെ ലഭിക്കാനുള്ള പ്രയാസം മൂലം കേരളത്തിൽ ആരും മുന്നോട്ട് വരുന്നില്ല. സാമ്പിളുകൾ പരിശോധിച്ച് ഗുണമേന്മ ഉറപ്പ് വരുത്തിയ ശേഷമേ ഓർഡർ നൽകാറുള്ളൂ
- വാസുദേവൻ ആചാരി, അനലിറ്റിക്കൽ കെമിസ്റ്റ്, ഹോംകോ