ആലപ്പുഴ: ടെക്സ്റ്റൈൽസ് മേഖലയിൽ വികസന മുന്നേറ്റവും വൈവിദ്ധ്യവത്കരണ പ്രവർത്തനങ്ങളുമാണ് സർക്കാർ നടപ്പാക്കുന്നതെന്ന് മന്ത്രി ഇ.പി.ജയരാജൻ പറഞ്ഞു. കോമളപുരം സ്പിന്നിംഗ് ആൻഡ് വീവിംഗ് മിൽസിലെ നോൺ വോവൺ ഫാബ്രിക് നിർമ്മാണ യൂണിറ്റിന്റെ ശിലാസ്ഥാപനവും രണ്ടാംഘട്ട പ്രവർത്തന പൂർത്തീകരണ പ്രഖ്യാപനവും നിർവ്വഹിക്കുകയായിരുന്നു മന്ത്രി.
കഴിഞ്ഞ നാലര വർഷത്തിനിടെ കേരളത്തിലെ സ്പിന്നിംഗ് മിൽ മേഖലയിൽ വലിയ മാറ്റമാണ് ഉണ്ടായിട്ടുള്ളത്.ടെക്സ്റ്റൈൽസ് മേഖലയിൽ കൂടുതൽ വികസന പ്രവർത്തനങ്ങളും വൈവിദ്ധ്യവത്കരണ പ്രവർത്തനങ്ങളും വ്യവസായവകുപ്പ് നടപ്പാക്കുന്നു. കടുത്ത തകർച്ചയിലും അവഗണനയിലും കെടുകാര്യസ്ഥതയിൽ നിന്ന് സ്പിന്നിംഗ് മില്ലുകളെ മുന്നോട്ട് നയിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചു. സംസ്ഥാനത്ത് പൊതുമേഖലയിൽ ഒൻപതും സഹകരണമേഖലയിൽ എട്ടും സ്പിന്നിംഗ് മില്ലുകളുണ്ട്.
സ്പിന്നിംഗ് മില്ലുകൾ പൂട്ടിയിടുന്നതിന് പകരം തുറന്നു പ്രവർത്തിപ്പിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.
മന്ത്രി ഡോ.ടി.എം. തോമസ് ഐസക് അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.ടി.സി പുതുതായി നിർമ്മിക്കുന്ന സുരക്ഷാ മാസ്‌കിന്റെ പ്രകാശനവും മന്ത്രി തോമസ് ഐസക് നിർവഹിച്ചു. 20 തവണ കഴുകി ഉപയോഗിക്കാൻ കഴിയുന്ന മാസ്‌ക്, ആശുപത്രികളിൽ ഉപയോഗിക്കുന്ന കോട്ടൺ ബെഡ് ഷീറ്റുകൾ, ഡോക്ടർമാർ ഉപയോഗിക്കുന്ന കോട്ടുകൾ എന്നിവ മന്ത്രി പ്രകാശനം ചെയ്തു. മന്ത്രി പി.തിലോത്തമൻ, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീന സനൽകുമാർ, ജില്ലാ പഞ്ചായത്തംഗം ജുമൈലത്ത്, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ്.സന്തോഷ്, റിയാബ് ചെയർമാൻ എൻ.ശശിധരൻ നായർ, കൈത്തറി ടെക്സ്റ്റൈൽസ് ഡയറക്ടർ കെ.സുധീർ, കേരള സ്റ്റേറ്റ് ടെക്സ്റ്റൈൽസ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ കെ.ടി.ജയരാജൻ തുടങ്ങിയവർ പങ്കെടുത്തു.