പദ്ധതി​ ച്ചെലവ് 2.84 കോടി രൂപ

കായംകുളം: കായംകുളം താലൂക്ക് ആശുപത്രിയുടെ പുതിയ 12 ഡയാലിസിസ് യൂണിറ്റുകളുടെ ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് മന്ത്രി കെ. കെ ശൈലജ വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും. യു.പ്രതിഭ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.

നിലവിലുള്ള നാല് യൂണിറ്റിൽ നിന്നും ആഴ്ചയിൽ 28 പേർക്കാണ് ഇപ്പോൾ ചികിത്സ ലഭിക്കുന്നത്. 12 പുതിയ യൂണിറ്റുകൾ കൂടി പ്രവർത്തനം ആരംഭിക്കുന്നതോടെ മൂന്ന് ഷിഫ്റ്റുകളിലായി ആഴ്ചയിൽ 200 മുതൽ 250 പേർക്ക് വരെ ചികിത്സ നൽകാൻ കഴിയും. സി. ടി​ സ്കാൻ, പവർ ലോൺട്രി എന്നിവയുടെ പ്രവർത്തനവും ഉടൻ ആരംഭിക്കും. 2.84 കോടി രൂപയാണ് ഈ പദ്ധതിക്ക് മാത്രമായി വിനിയോഗിക്കുന്നത്. ദേശീയ ആരോഗ്യ ദൗത്യത്തിൽ ഉൾപ്പെടുത്തി 3.5 കോടി രൂപ വിനിയോഗിച്ച് നിർമ്മിക്കുന്ന മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളും അവസാന ഘട്ടത്തിൽ ആണ്. ലേബർ റൂം, മോഡുലാർ ഓപ്പറേഷൻ തീയേറ്റർ, നവജാത ശിശുക്കൾക്കായുളള ഐ.സി.യു, ആന്റി​നേറ്റർ,പോസ്റ്റ്നേറ്റർ, വാർഡുകൾ, ഒരേ സമയം ഇരുപതോളം പേർക്ക് കയറാവുന്ന പാസഞ്ചർ ബെഡ് ലിഫ്റ്റ് എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുളളത്.