കായംകുളം: താലൂക്ക് ആശുപത്രിയിൽ പ്രവർത്തിച്ചു വരുന്ന ഡയാലിസിസ് യൂണിറ്റുകളുടെ എണ്ണം വർദ്ധിപ്പിച്ച് നടത്തുന്ന ഉദ്ഘാടനം പ്രഹസനമാണന്ന് യു.ഡി.എഫ് ആരോപിച്ചു. 2015 ആഗസ്റ്റിൽ ആശുപത്രിയിൽ പുതുതായി ഡയാലിസിസ് യൂണിറ്റ് ആരംഭിക്കുവാൻ യു.ഡി.എഫ് നേതൃത്വത്തിലുള്ള നഗരസഭാ ഭരണമാണ് 40 ലക്ഷം രൂപ ആശുപത്രിക്ക് നൽകിയത്. യൂണിറ്റ് പ്രവർത്തനം 2016ൽ ഉദ്ഘാടനം ചെയ്ത ഇന്നത്തെ ആരോഗ്യ മന്ത്രി ആറുമാസത്തിനുള്ളിൽ എട്ടുയൂണിറ്റുകൾ കൂടി ആരംഭിക്കുമെന്ന് പ്രഖ്യാപനം നടത്തിയിരുന്നു.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിനു മുൻപ് ഉദ്ഘാടന മാമാങ്കം നടത്തി രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണ് ഇനിയും മാസങ്ങൾ കഴിഞ്ഞ് പ്രവർത്തനം ആരംഭിക്കുന്ന യൂണിറ്റുകളുടെ ഉദ്ഘാടനം ഇപ്പോൾ നടത്തുന്നത്. ആശുപത്രിയിൽ സി. ടി സ്കാൻ സ്ഥാപിക്കുന്നതിനും ട്രോമാ കെയർ യൂണിറ്റ് ആരംഭിക്കുന്നതിനും ആയി യു.ഡി.എഫ് സർക്കാർ അനുവദിച്ച രണ്ടരക്കോടി രൂപ നഗര ഭരണത്തിലെ പിടിപ്പ്കേട് കാരണം നഷ്ടപ്പെടുത്തി. പ്രഖ്യാപനങ്ങൾ അല്ലാതെ കഴിഞ്ഞ 5 വർഷമായി ആശുപത്രി വികസനത്തിന് കാതലായ ഒരു പ്രവർത്തനവും നടത്താൻ എൽ.ഡി.എഫ് ഭരണത്തിന് കഴിഞ്ഞിട്ടില്ലെന്ന് യു.ഡി,.എഫ് പാർലമെന്ററി പാർട്ടി ലീഡർ അഡ്വ. യു. മുഹമ്മദ് ആരോപിച്ചു.