ആലപ്പുഴ: ആലപ്പുഴയുടെ പൈതൃകം ശരിയായ രീതിയിൽ സംരക്ഷിക്കാനുള്ള നടപടികളാണ് ഇടതുപക്ഷ സർക്കാർ സ്വീകരിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആലപ്പുഴയിലെ പ്രധാനപ്പെട്ട കനാലുകളുടെ അവസ്ഥ ഏറ്റവും മോശമായിരുന്നു. അത് ശുദ്ധീകരിക്കുക എന്ന ദൗത്യമാണ് ആദ്യ പടിയായി സ്വീകരിച്ചത്. 30 കോടി ചെലവഴിച്ചുള്ള കനാലുകളുടെ ആദ്യഘട്ട ശുചീകരണം പൂർത്തിയായതായും മുഖ്യമന്ത്രി പറഞ്ഞു. ആലപ്പുഴ നഗര പൈതൃക പദ്ധതിയിൽ പൂർത്തീകരിച്ച പദ്ധതികളുടെ സമർപ്പണവും പുതിയ പദ്ധതികളുടെ തറക്കല്ലിടലും ബീച്ചിൽ തയ്യാറാക്കിയ വേദിയിൽ ഓൺലൈനായി നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
കനാലുകൾ വൃത്തിയായി നിലനിറുത്താൻ നഗരവാസികൾ ശ്രദ്ധിക്കണം. വൃത്തികേടായി കിടന്നാൽ ആലപ്പുഴയുടെ പെരുമയ്ക്ക് കോട്ടമുണ്ടാക്കും. കനാൽ നവീകരണം ആലപ്പുഴയുടെ വിനോദസഞ്ചാര സാദ്ധ്യത വലുതാക്കും. 20 മ്യൂസിയങ്ങൾ, 11 സ്മാരകങ്ങൾ, അഞ്ചു പൊതുഇടങ്ങൾ എന്നിങ്ങനെയാണ് നവീകരണ സംരക്ഷണ പ്രവർത്തനങ്ങൾ നടത്തുന്നത്. ഇതിൽ ചിലത് പൂർത്തിയായിട്ടുണ്ട്. യാൺ മ്യൂസിയം, ലിവിംഗ് കയർ മ്യൂസിയം, മ്യൂസിയം ഒഫ് ലേബർ മൂവ്മെന്റ്, മ്യൂസിയം ഒഫ് കയർ എന്നിവ അന്തിമഘട്ടത്തിലാണ്. അതിവേഗം ഇവ നാടിന് സമർപ്പിക്കാൻ കഴിയും. പോർട്ട് മ്യൂസിയം, ഷൗക്കാർ മസ്ജിദ്, മിയാവാക്കി വനം, കനാൽ നവീകരണം ആദ്യ ഘട്ടം തുടങ്ങിയ പൂർത്തീകരിച്ച പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു. പോർട്ട് ഓഫീസിനോട് ചേർന്നുള്ള ഏകദേശം 10 ഏക്കർ വരുന്ന സ്ഥലത്താണ് പോർട്ട് മ്യൂസിയം തയ്യാറാക്കുന്നത്. നഗരപ്രദേശങ്ങളിൽ ഇടതൂർന്ന് പ്രാദേശികമായുള്ള മിയാവാക്കി വനം നിർമ്മിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനവും ഇതോടൊപ്പം നടത്തിയതായി മുഖ്യമന്ത്രി അറിയിച്ചു.
മന്ത്രി കടകംപള്ളി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കനാലിന്റെ തുടർ സംരക്ഷണ പ്രവർത്തനങ്ങൾ മുസരിസ് കമ്പനിയെത്തന്നെ ഏൽപ്പിക്കുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലാണെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക് പറഞ്ഞു. മന്ത്രിമാരായ പി.തിലോത്തമൻ, കെ.കൃഷ്ണൻകുട്ടി, രാമചന്ദ്രൻ കടന്നപ്പള്ളി, എ.എം.ആരിഫ് എം.പി, കളക്ടർ എ.അലക്സാണ്ടർ, നഗരസഭ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ, ടുറിസം സെക്രട്ടറി റാണി ജോർജ്, ടൂറിസം എ.ഡി.ജി വി.ആർ.കൃഷ്ണതേജ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.