ആലപ്പുഴ: പൈതൃക പദ്ധതിയുടെ ഭാഗമായി ആലപ്പുഴയിൽ ഒരുങ്ങുന്ന കേരളത്തിലെ ആദ്യത്തെ സമഗ്ര ഗാന്ധി മ്യൂസിയത്തിന്റെ ശിലാഫലക അനാച്ഛാദനം മന്ത്രി ടി.എം. തോമസ് ഐസക് നിർവഹിച്ചു.
ഇന്ത്യയിലെ മറ്റ് ഗാന്ധി മ്യൂസിയങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തത പുലർത്തുന്ന ഒന്നായിരിക്കും ഈ ഗാന്ധി മ്യൂസിയമെന്നും ഇതിനായി ഏറ്റെടുത്തിരിക്കുന്ന മധുര കമ്പനി ഗോഡൗൺ കേരളത്തനിമയോടു കൂടി ഉടൻ പുതുക്കി പണിയുമെന്നും അദ്ദേഹം പറഞ്ഞു. കയർഫെഡിന് ഇതുവഴി നഷ്ടപ്പെടുന്ന കെട്ടിടവിസ്തീർണ്ണത്തിന് തുല്യമായ കെട്ടിടം ഗോഡൗണിനും മറ്രുമായി നിർമ്മിച്ചു നൽകും. നാല് ഗാലറികളുള്ള മ്യൂസിയത്തിൽ ഗാന്ധിജിയുടെ ജീവചരിത്രം, കേരളത്തിലെ ദേശീയ പ്രസ്ഥാനത്തിന്റെ ചരിത്രം, ഗാന്ധിജിയുടെ പ്രസംഗങ്ങൾ ഉൾപ്പെടുന്ന ഓഡിയോ, വിഷ്വൽ ഗാലറി എന്നിവയും ഉൾപ്പെടുന്നു. ഗാന്ധിസ്മാരക നിധിയിൽ വർഷങ്ങളുടെ പ്രവർത്തന പരിചയമുള്ള ജഗദീശനാണ് മ്യൂസിയത്തിലെ പ്രദർശനങ്ങളുടെ ഏകോപനം.ഗാന്ധിജിയുടെ കേരള സന്ദർശനങ്ങളെക്കുറിച്ചുള്ള വിശദമായ പ്രതിപാദനത്തോടെയാവും മ്യൂസിയത്തിന്റെ തുടക്കം.ഗാന്ധിജിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന മുഴുവൻ മലയാളികളെയും കുറിച്ചുള്ള വിവരങ്ങൾ മ്യൂസിയത്തിൽ ലഭ്യമാക്കും.
റിച്ചാർഡ് അറ്റൻബറോ സംവിധാനം ചെയ്ത വിശ്വപ്രസിദ്ധ ചലച്ചിത്രമായ ഗാന്ധിജിയുടെ പ്രദർശനം എല്ലാ ദിവസവും ഉണ്ടാവും. ഇതിന് തയ്യാറാക്കുന്ന തീയറ്ററിൽ ഗാന്ധിജിയെക്കുറിച്ചുള്ള മറ്റു പ്രധാന സിനിമകളും ആവശ്യാനുസരണം പ്രദർശിപ്പിക്കും.ഗാന്ധിജിയുടെ പ്രധാന പ്രഭാഷണങ്ങളുടെയും സംഭാഷണങ്ങളുടെയും റെക്കോർഡിംഗ് കേൾക്കാനുള്ള ഓഡിയോ റൂമുകളും ഉണ്ടാവും. ഗാന്ധിഭജനുകൾക്ക് പ്രത്യേക ഇടവും ഒരുക്കും.
ഗാന്ധിജിയുമായി നേരിട്ട് ബന്ധപ്പെടുന്ന ഒറിജിനിൽ രേഖകൾ, ഫോട്ടോകൾ തുടങ്ങിയവ മ്യൂസിയത്തിലേക്ക് ലഭ്യമാക്കാൻ ശ്രമം നടക്കുകയാണെന്നും തോമസ് ഐസക്ക് പറഞ്ഞു.
മധുര കമ്പനിയിൽ നടന്ന ചടങ്ങിൽ എ.എം. ആരിഫ് എം.പി, മുസിരിസ് പ്രൊജക്ട് മാനേജിംഗ് ഡയറക്ടർ പി.എം. നൗഷാദ്, കയർഫെഡ് എം. ഡി സി സുരേഷ് കുമാർ, കെ ജി ജഗദീശൻ, ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.