
ചാരുംമൂട്: താമരക്കുളും കണ്ണനാകുഴി ഗവ.എൽ. പി സ്കൂളിലെ പുതിയ സ്കൂൾ കെട്ടിടം ഇന്ന് പകൽ 3 ന് വീഡിയോ കോൺഫറൻസിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് അദ്ധ്യക്ഷനാകും. മന്ത്രി ഡോ.തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തും. മന്ത്രി ജി. സുധാകരൻ, കൊടിക്കുന്നിൽ സുരേഷ് എം. പി, ആർ രാജേഷ് എം.എൽ.എ എന്നിവർ മുഖ്യാതിഥികളാകും.
പൊതു വിദ്യാഭ്യാസ വകുപ്പ് പ്ലാൻ ഫണ്ടിൽ നിന്ന് 70ലക്ഷം ചെലവഴിച്ചാണ് രണ്ടു നിലകളിലായി അഞ്ച് ക്ലാസ് റൂമുകൾ നിർമ്മിച്ചത്. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് 12 ലക്ഷം രൂപ ചെലവഴിച്ച് സ്കൂൾ ഓഫീസും താമരക്കുളം ഗ്രാമപഞ്ചായത്ത് 3 ലക്ഷം മുടക്കി പാചകപ്പുരയും നിർമ്മിച്ചു നൽകിയിട്ടുണ്ട്.
1938 ലാണ് കണ്ണനാകുഴി എൽ. പി. എസ് സ്ഥാപിച്ചത്. 1957 ജൂണിൽ സ്കൂൾ സർക്കാർ ഏറ്റെടുത്തു. ഒന്നു മുതൽ അഞ്ച് വരെയും പ്രീ-പ്രൈമറി, എൽ.കെ.ജി, യു.കെ.ജി വിഭാഗവുമാണ് ഇവിടെയുള്ളത്.
പി.ടി.എ യും നാട്ടുകാരും പൂർവ വിദ്യാർത്ഥി സംഘടനയും ചേർന്ന് നിലവിലുള്ള 25 സെന്റിന് പുറമെ 5 സെന്റ് വസ്തു കൂടി വാങ്ങിയാണ് കെട്ടിടം നിർമ്മിച്ചത്.