ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ കനാലുകൾ നവീകരിച്ചാലും തനതായ രീതിയിൽ സംരക്ഷിച്ചില്ലെങ്കിൽ ടൂറിസം രംഗത്തിന് മങ്ങലേൽക്കുമെന്ന് മന്ത്രി ടി.എം.തോമസ് ഐസക് പറഞ്ഞു. നവീകരണത്തിന്റെ ഒന്നാം ഘട്ട പ്രവൃത്തികളുടെ പൂർത്തീകരണവും രണ്ടാം ഘട്ട പ്രവൃത്തികളുടെ നിർമാണോദ്ഘാടനവും നടന്ന വേദിയിൽ സംസാരിക്കുകയായിരുന്നുമന്ത്രി.
ചടങ്ങിൽ ആലപ്പുഴ പൈതൃകപദ്ധതിയുടെ ലോഗോ ഡിസൈൻ ചെയ്തതിന് ഒരുലക്ഷം രൂപ സമ്മാനം ലഭിച്ച അഭിഷേകിന്റെ മാതാപിതാക്കൾ ആ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു.
കനാൽ നവീകരണത്തിന്റെ ആദ്യഘട്ടത്തിൽ വാടക്കനാലുകളും കമ്മിഷൻഡ് കനാലുകളും ഇവ രണ്ടിനെയും ബന്ധിപ്പിക്കുന്ന ക്രോസ് കനാലുകളും 30 കോടി മുടക്കിൽ നവീകരിച്ചു. കനാലുകളുടെ ഇരുവശവും ആളുകൾക്ക് ഇരിപ്പിടങ്ങളും നടപ്പാതയും മറ്റു സൗകര്യങ്ങളും ഒരുക്കുന്നുണ്ട്.
മന്ത്രി ടി.എം.തോമസ് ഐസക്ക്, എ.എം. ആരിഫ് എം.പി,കളക്ടർ എ.അലക്‌സാണ്ടർ എന്നിവർ വൃക്ഷത്തൈകൾ നട്ടു മിയാവാക്കി വനം രൂപീകരണം ഉദ്ഘാടനം ചെയ്തു. പോർട്ട് മ്യൂസിയം, കടൽപാലം നിർമാണോദ്ഘാടനം, ബീച്ച് സൈഡ് സൗന്ദര്യവത്കരണം എന്നിവയുടെ ശിലാസ്ഥാപനവും നിർവഹിച്ചു.