ആലപ്പുഴ: എതിരാളിക്കൊപ്പം കൊവിഡിനെയും ശക്തമായി നേരിട്ടു വേണം ഓരോ സ്ഥാനാർത്ഥിയും ഈ തിരഞ്ഞെടുപ്പുകാലം തള്ളിനീക്കാൻ. ആൾക്കൂട്ടവും കൊട്ടിക്കലാശവും ശക്തി പ്രകടനങ്ങളുമില്ലാത്ത ആദ്യ തിരഞ്ഞെടുപ്പാകും ഇത്തവണത്തേത്.
കൊവിഡ് ചതിച്ചാൽ വിധിച്ചു കിട്ടുന്ന ക്വാറന്റൈൻ ദിനങ്ങൾ സ്ഥാനാർത്ഥിയുടെ ജയപരാജയങ്ങളെത്തന്നെ മാറ്റി മറിച്ചേക്കാം എന്നതിനാൽ,കൊവിഡിനെ കരുതിയായിരിക്കും സ്ഥാനാർത്ഥികളുടെ വോട്ടുതേടൽ എന്നുറപ്പ്. സ്ഥാനാർത്ഥിക്കോ ഒപ്പം പ്രചാരണത്തിനിറങ്ങുന്നവർക്കോ കൊവിഡ് ബാധിച്ചാൽ കാര്യങ്ങൾ മാറിമറിയും.
കൊവിഡ് ബാധിച്ച് 10 ദിവസത്തെ നിരീക്ഷണത്തിന് ശേഷം നെഗറ്റീവായാൽ പിന്നെയും ഏഴ് ദിവസം കഴിഞ്ഞേ പ്രചരണത്തിന് ഇറങ്ങാൻ കഴിയൂ. അപ്പോഴേക്കും എതിർ സ്ഥാനാർത്ഥികൾ കളം ഉഴുതുമറിച്ചിരിക്കും. എല്ലാ തവണയും വിമതൻ, വോട്ടുചോർച്ച എന്നിവയൊക്കെയായിരുന്നു സ്ഥാനാർത്ഥികൾക്കു തലവേദനയുണ്ടാക്കിയിരുന്നതെങ്കിൽ ഇത്തവണ ഒരേ ഒരു മഹാമാരിയിലാണ് എല്ലാവരുടെയും പേടി.കൊവിഡ് നിയന്ത്രണങ്ങൾ എല്ലാവർക്കും ഒരുപോലെ ബാധകമാണല്ലോ എന്നതിന്റെ ആശ്വാസത്തിലാണു രാഷ്ട്രീയ കക്ഷികൾ. സ്ഥാനാർത്ഥികൾക്കെതിരെ വ്യാജ പ്രചാരണത്തിനും സാദ്ധ്യതയുണ്ട്.
രക്ഷപ്പെട്ടത് ചെറുപാർട്ടികൾ
പ്രചാരണ പരിപാടികളിൽ ആളെണ്ണം കൂടാതിരിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ കർശന നിയന്ത്രണങ്ങൾ പുറപ്പെടുവിച്ചതോടെ ആശ്വാസമായത് ചെറുകിട പാർട്ടികൾക്കും സ്വതന്ത്ര സ്ഥാനാർഥികൾക്കുമാണ്.വോട്ടു ചോദിക്കാൻ പോകുമ്പോൾ സ്ഥാനാർത്ഥിക്കൊപ്പം നാല് പേർ മാത്രമേ പാടുള്ളൂ എന്നാണ് നിർദ്ദേശം. ചെറു പാർട്ടികൾക്കും സ്വതന്ത്ര സ്ഥാനാർത്ഥികൾക്കും ഇത് നൽകുന്ന അനുഗ്രഹം ചെറുതല്ല. മുന്നണി സ്ഥാനാർത്ഥികൾക്കാകട്ടെ പ്രചാരണ കോലാഹലം കാട്ടാനുമാവില്ല. ജില്ലാതല യോഗങ്ങളിൽപ്പോലും പരമാവധി 40 പേരേ പാടുള്ളൂ.
മറയാകരുത് മാസ്‌ക് !
സ്ഥാനാർത്ഥി പല്ല് 32ഉം വെളിയിൽ കാട്ടി ചിരിച്ചാലും വോട്ടർമാർ ഇത്തവണ അത് കണ്ടെന്നു വരില്ല. മാസ്ക് കാഴ്ച മറയ്ക്കും. മാത്രമല്ല മുഖപരിചയമുള്ളവർക്കു പോലും മാസ്കണിഞ്ഞെത്തുന്ന സ്ഥാനാർത്ഥിയെ പെട്ടെന്ന് തിരിച്ചറിയാനാവില്ല. മുമ്പ് പ്രചാരണ വേദികളിൽ അരങ്ങുവാണിരുന്ന തൊപ്പിക്കും ബാഡ്ജിനും പകരം ഇത്തവണ താരം മാസ്‌ക് ആയിരിക്കുമെന്നതിൽ സംശയമില്ല. തങ്ങളുടെചിത്രം ആലേഖനം ചെയ്ത മാസ്കുകളുമായിട്ടായിരിക്കും സ്ഥാനാർത്ഥികളിൽ പലരുടെയും വോട്ടുപിടിത്തം.