s

സ്കൂൾ പരിസരങ്ങൾ വൃത്തിയാക്കൽ നിറുത്തിവച്ച് അധികൃതർ

ആലപ്പുഴ: 'നാളെ നാളെ, നീളെ നീളെ' എന്ന രീതിയിൽ സ്കൂൾ തുറപ്പ് അനിശ്ചിതമായി നീളുമ്പോൾ കാടുകയറുകയാണ് അക്ഷരമുറ്റങ്ങൾ. നൂറുകണക്കിന് പാദങ്ങൾ ദിവസവും പതിഞ്ഞിരുന്ന സ്കൂൾ മുറ്റത്തുകൂടി അദ്ധ്യാപകർ ഇടയ്ക്കിടെ ഓഫീസിലേക്ക് വന്നു പോകുന്നുണ്ടെങ്കിലും എട്ട് മാസത്തോളമായി അനക്കമില്ലാതെ കിടക്കുന്ന വിദ്യാലയങ്ങൾ പലതും നൊമ്പരക്കാഴ്ചകളാവുകയാണ്.

അധികം വൈകാതെ തുറക്കാനാവുമെന്ന പ്രതീക്ഷയിൽ പല സ്കൂളുകളും മാസങ്ങൾക്കു മുമ്പുതന്നെ മുറ്റത്തെ പുല്ല് ചെത്തിയും, കെട്ടിടങ്ങൾ പെയിന്റടിച്ചും ഭംഗിയാക്കിയിരുന്നു. എന്നാൽ അനിശ്ചിതത്വത്തിന് വിരാമമാകാത്തതിനാൽ സ്കൂൾ തുറപ്പ് തീയതി പ്രഖ്യാപിക്കുംവരെ ഇനിയൊരു അടിച്ചുതളി വേണ്ടെന്നാണ് മിക്ക സ്കൂൾ മാനേജ്മെന്റുകളും തീരുമാനമെടുത്തിരിക്കുന്നത്. പുല്ല് ചെത്തി രണ്ടാഴ്ച് പിന്നിടുമ്പോഴേക്കും അവ പഴയ അവസ്ഥയിൽ തന്നെയാകും.

കഴിഞ്ഞ വർഷം വയനാട്ടിൽ സ്കൂൾ വിദ്യാർത്ഥിനി ക്ലാസ് മുറിക്കുള്ളിൽ പാമ്പ് കടിയേറ്റ് മരിച്ചത് വിവാദമായിരുന്നു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സ്കൂളുകളിൽ അടിയന്തര ശുചീകരണ പ്രവർത്തതനങ്ങൾ നടത്തിയിരുന്നു. വാർഷിക പരീക്ഷ പോലും നടത്താനാവാതെ സ്കൂളുകൾക്ക് പൂട്ടു വീണതോടെ യാതൊരു ശുചീകരണ പ്രവർത്തനങ്ങളും നടത്തിയിട്ടില്ലാത്ത നിരവധി സ്കൂളുകളുണ്ട്. സാമ്പത്തിക പിന്നാക്കാവസ്ഥയിൽ നിൽക്കുന്ന മാനേജ്മെന്റ് സ്കൂളുകളാണ് ഇവയിൽ അധികവും. വരുമാനമില്ലാത്തതിനാൽ അദ്ധ്യാപകർക്ക് ശമ്പളം പോലും കൊടുക്കാനാവാതെ ബുദ്ധിമുട്ടുന്ന മാനേജ്മെന്റുകളുണ്ട്. സർക്കാർ വിദ്യാലയങ്ങളിൽ തദ്ദേശ സ്ഥാപനങ്ങൾക്കാണ് ശുചീകരണ ചുമതല. തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് സ്കൂൾ പരിസരം വൃത്തിയാക്കാറുണ്ടായിരുന്നെങ്കിലും ഇത്തവണ പല സ്ഥലങ്ങളിലും ഇതു നടന്നിട്ടില്ല. വർണ ച്ചായങ്ങൾ പൂശിയ ഭിത്തികൾ മറയ്ക്കത്തക്ക ഉയരത്തിലാണ് ഒട്ടുമിക്ക സ്കൂളുകളിലും പുല്ല് വളർന്ന് നിൽക്കുന്നത്. പതിവ് പോലെ വേനലവധിക്കാലത്ത് കെട്ടിടം പെയിന്റ് ചെയ്ത സ്കൂളുകളുമുണ്ട്. സ്കൂളിലെത്തിയുള്ള പഠനം വൈകുന്നതിനാൽ കെട്ടിടങ്ങളുടെ ഫിറ്റ്നെസ് പരിശോധനയും പൂർണമായിട്ടില്ല. കെട്ടിടങ്ങളുടെ ബലം, ചോർച്ച, അഗ്നിശമന സംവിധാനങ്ങൾ തുടങ്ങി നിരവധി കാര്യങ്ങൾ കുട്ടികൾ എത്തുന്നതിന് മുമ്പ് പൂർത്തിയാക്കേണ്ടതാണ്.

ഓടാൻ കൊതിച്ച് വാഹനങ്ങളും

മാസങ്ങളായി ഓട്ടമില്ലാതെ കിടക്കുന്ന സ്കൂൾ വാഹനങ്ങളുടെ കാര്യവും ദുരിതത്തിലാണ്. ടയറുകളും ബാറ്ററിയും നശിക്കാൻ സാദ്ധ്യതയുണ്ട്. ഓട്ടം തുടങ്ങുന്ന സമയത്ത് ഇവ നന്നാക്കിയിറക്കാൻ വൻ തുക മുടക്കേണ്ടി വരും.

ആളനക്കമില്ലാതെ കിടക്കുന്നതിനാൽ സ്കൂൾ പരിസരം അടിക്കടി വൃത്തിയാക്കിയിട്ട് കാര്യമില്ല. ആഴ്ചകൾക്കുള്ളിൽ വീണ്ടും കാടുപിടിക്കും. എന്നാലും നഗരപരിധിയിലെ മിക്ക സർക്കാർ സ്കൂളുകളിലും തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്

അഡ്വ. ജി. മനോജ് കുമാർ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, ആലപ്പുഴ നഗരസഭ