ആലപ്പുഴ: ഈ സർക്കാരിന്റെ കാലയളവിൽ 1,63, 610 പട്ടയങ്ങൾ വിതരണം നടത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പുതുതായി നിർമിക്കുന്ന സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ സംസ്ഥാനതല നിർമാണത്തിന്റെയും 6526 കുടുംബങ്ങൾക്കുള്ള പട്ടയ വിതരണത്തിന്റെയും ഉദ്ഘാടനം ഓൺലൈനിലൂടെ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
റവന്യൂ വകുപ്പ് ആധുനികവത്കരണത്തിന് തുടക്കമിട്ടു . പൊതുജനങ്ങൾക്ക് നൽകി വരുന്ന 25 ഇനം സർഫിക്കറ്റുകൾ ഇ ഡിസ്ട്രിക്ട് ആപ്പ് വഴി ഓൺലൈനിലൂടെ ലഭിക്കും. സംസ്ഥാനത്തു 1644 വില്ലേജുകളിൽ പോക്കുവരവ് ഓൺലൈൻ ഇ പേയ്‌മെന്റ് സംവിധാനം നടപ്പിലാക്കി. 1218 വില്ലേജുകളിൽ ഇ പോസ് മെഷീൻ സ്ഥാപിച്ചതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
മന്ത്രി ഇ. ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു.
സിവിൽസ്റ്റേഷനിലെ ആസൂത്രണ സമിതി ഹാളിൽ നടന്ന ചടങ്ങിൽ ജില്ല കളക്ടർ എ .അലക്സാണ്ടർ പട്ടയ മേളയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു.
അമ്പലപ്പുഴ താലൂക്കിൽ 15 പേർക്കും ചേർത്തല താലൂക്കിൽ 3 പേർക്കും കുട്ടനാട് താലൂക്കിൽ 6 പേർക്കും കാർത്തികപ്പള്ളി താലൂക്കിൽ 6 പേർക്കും മാവേലിക്കര താലൂക്കിൽ 4 പേർക്കും ചെങ്ങന്നൂർ താലൂക്കിൽ 11 പേർക്കും 3 ദേവസ്വം പട്ടയവും ഉൾപ്പടെ ജില്ലയിൽ 48 പട്ടയങ്ങളാണ് വിതരണം ചെയ്തത്.
പുന്നപ്ര, വയലാർ കിഴക്ക്, ചേപ്പാട്, ആറാട്ടുപുഴ, തെക്കേക്കര, എണ്ണയ്ക്കാട്, കുരട്ടിശ്ശേരി തുടങ്ങിയ 7 വില്ലേജ് ഓഫീസുകളാണ് ജില്ലയിൽ സ്മാർട്ട് വില്ലേജ് ഓഫീസുകളാകുന്നത്.