 സ്ഥലമേറ്റെടുക്കൽ മാർച്ചോടെ പൂർത്തിയാക്കും

ആലപ്പുഴ: കുട്ടനാട് കുടിവെള്ള പദ്ധതിക്കായി പഞ്ചായത്തുകൾ വിട്ടുകൊടുത്ത സ്ഥലം ഏറ്റെടുത്ത് വാട്ടർ അതോറിട്ടിക്ക് കൈമാറാനും പോരായ്മയുള്ള സ്ഥലം ഏറ്റെടുക്കാനും സർക്കാർ ഉത്തരവിറക്കി. സ്ഥലം ഏറ്റെടുക്കാൻ ഡെപ്യൂട്ടി തഹസീൽദാറെയും നിയമിച്ചു. മാർച്ചോടെ ഏറ്റെടുക്കൽ പൂർത്തിയാവുമെന്നാണ് പ്രതീക്ഷ.

പ്രാഥമിക എൻജിനീയറിംഗ് റിപ്പോർട്ട് സമർപ്പിച്ച് ഭരണാനുമതി വാങ്ങിയെങ്കിലും വിശദമായി റിപ്പോർട്ട് സമർപ്പിക്കുന്നതിൽ ഉദ്യോഗസ്ഥർ അനാസ്ഥ കാട്ടിയതായി ആക്ഷേപമുയർന്നിരുന്നു. ആറ് മാസം മുമ്പാണ് കിഫ്ബിയിൽ നിന്ന് കുട്ടനാട് പദ്ധതിക്ക് 289.5 കോടി അനുവദിച്ചത്. പമ്പയാറ്റിൽ നിന്ന് വെള്ളം ശേഖരിച്ച് നീരേറ്റുപുറം ശുദ്ധജല ട്രീറ്റ്‌മെന്റ് പ്‌ളാന്റിന് സമീപം മറ്റൊരു പ്‌ളാന്റുകൂടി സ്ഥാപിച്ച് ശുദ്ധീകരിക്കാനായിരുന്നു ലക്ഷ്യമിട്ടത്. കുട്ടനാട് താലൂക്കിലെ 13 പഞ്ചായത്തുകളിൽ കുടിവെള്ള ക്ഷാമം ഇതോടെ പൂർണമായും ഇല്ലാതാകും. തോമസ് ചാണ്ടി എം.എൽ.എ മുൻകൈയെടുത്താണ് അധിക പ്‌ളാന്റ് നീരേറ്റുപുറത്ത് സ്ഥാപിക്കാൻ അനുമതി വാങ്ങിയതെങ്കിലും വേണ്ടത്ര സ്ഥലം വിട്ടുകിട്ടിയിട്ടില്ല. പുളിങ്കുന്ന്, വെളിയനാട് ഒഴികെയുള്ള പഞ്ചായത്തുകൾ സ്ഥലം നൽകാമെന്ന് അറിയിച്ചിട്ടുണ്ട്.

പദ്ധതി വേഗം ആരംഭിച്ചില്ലെങ്കിൽ വിനയാകും. കുട്ടനാട്ടിലെ എട്ടുപഞ്ചായത്തുകൾ എ-സി റോഡിന് വടക്കു ഭാഗത്താണ്. എ-സി റോഡ് നവീകരണപ്രവർത്തനങ്ങൾ ആരംഭിച്ച സാഹചര്യത്തിൽ ഏത് ഭാഗത്തുകൂടി എത്രവ്യാസമുള്ള പൈപ്പ് റോഡിന് കുറുകെ സ്ഥാപിക്കണമെന്നതിൽ ധാരണയില്ല. പാടശേഖരങ്ങളിൽക്കൂടി മൂന്ന് മീറ്റർ താഴ്ചയിൽ ഹൈ ഡെൻസിറ്റി പൈപ്പ് സ്ഥാപിച്ചാൽ കൃഷിക്ക് ദോഷകരമല്ലാതെ കുറഞ്ഞ ദൈർഘ്യത്തിൽ എല്ലാ പഞ്ചായത്തുകളിലും കുടിവെള്ളമെത്തിക്കാൻ കഴിയും.

 സ്വന്തം ഓഫീസ് ഇല്ല

കിഫ്ബിയിൽ അനുവദിച്ച 690 കോടിയുടെ കുടിവെള്ള പദ്ധതി നടത്തിപ്പിന് ഒരു ഡിവിഷൻ ഓഫീസ് അനുവദിച്ചു. ആലപ്പുഴ നഗരസഭ, കുട്ടനാട്, ചെങ്ങന്നൂർ പദ്ധതികളാണ് ഡിവിഷന്റെ ചുമതലയിലുള്ളത്. സ്വന്തമായി ഓഫീസ് ഇല്ലാത്തത് പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്. നീരേറ്റുപുറത്തെ ആദ്യപദ്ധതിക്ക് 13-ാം ധനകാര്യ കമ്മിഷൻ 70 കോടിയാണ് അനുവദിച്ചത്. ഇതിനായി നെടുമുടിയിൽ ഒരു അസിസ്റ്റന്റ് എക്‌സിക്യുട്ടിവ് എൻജിനിയറും രണ്ട് അസി.എൻജിനിയർമാരും ഉൾപ്പെടുന്ന ഓഫീസ് തുറന്നു. ഓഫീസിന്റെ പ്രവർത്തനം മന്ദഗതിയിലാണ്. തകഴി പഞ്ചായത്തിലെ കേന്ദ്രീകൃത ജലസംഭരണിയുടെ പ്‌ളാന്റ് പൂർത്തീകരിച്ചിട്ടില്ല.

 എം.എൽ.എ ഇല്ല

തോമസ് ചാണ്ടി എം.എൽ.എയുടെ മരണത്തോടെ കുട്ടനാട്ടിൽ പല വികസനപദ്ധതികളും ഉദ്യോഗസ്ഥർ തട്ടിക്കളിക്കുകയാണെന്ന് ആരോപണമുണ്ട്. സാങ്കേതികതയുടെ പേരിലാണ് കുട്ടനാട് കുടിവെള്ള പദ്ധതി വൈകാൻ കാരണം. വൈകി അനുവദിച്ച ചെങ്ങന്നൂർ കുടിവെള്ള പദ്ധതിയുടെ നിർമ്മാണോദ്ഘാടനം നടന്നു. കുട്ടനാട് പദ്ധതിയുടെ അന്തിമ പ്‌ളാൻ പോലും തയ്യാറായിട്ടില്ല.മന്ത്രി ഡോ. ടി.എം.തോമസ് ഐസക് താത്പര്യമെടുത്താണ് സെപ്തംബർ 29ന് പുതിയ ഡിവിഷൻ പ്രവർത്തനമാരംഭിച്ചത്.

.................................

ഡിവിഷൻ പ്രവർത്തനം ആരംഭിച്ചിട്ട് ഒരുമാസം പിന്നിടുന്നു. പദ്ധതിക്കാവശ്യമായ സ്ഥലം ഏറ്റെടുക്കൽ മാർച്ചിൽ പൂർത്തീകരിക്കും. പദ്ധതി വേഗം കമ്മിഷൻ ചെയ്യുകയാണ് ലക്ഷ്യം

ഡിവിഷൻ അസി. എക്‌സിക്യുട്ടീവ് എൻജിനിയർ

...............................

അരനൂറ്റാണ്ടായി കുട്ടനാട്ടുകാരെ കുടിവെള്ള പദ്ധതികളുടെ പേരുപറഞ്ഞ് കബളിപ്പിക്കുകയാണ് മാറിമാറി വരുന്ന സർക്കാരുകൾ. എം.എൽ.എ മരിക്കുന്നതിന് മുമ്പ് പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗത്തിൽ നിർമ്മാണം ഒരുമാസത്തിനുള്ളിൽ നടക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും ഒന്നും നടക്കുന്നില്ല

എം.കെ.ജോസഫ്, മുട്ടാർ പഞ്ചായത്ത് പ്രസിഡന്റ്

..................................

 289.5കോടി: കുട്ടനാട് കുടിവെള്ള പദ്ധതിക്ക് കിഫ്ബിയിൽ നിന്ന് അനുവദിച്ച തുക

...................................