അദ്ധ്യാപകരിലും മാനേജ്മെന്റിലും രണ്ടുചേരി
ആലപ്പുഴ: കളർകോട് ഗവ എൽ.പി സ്കൂളിൽ മൂന്ന്, നാല് ക്ലാസുകളിലെ 141 വിദ്യാർത്ഥികളുടെ ജനന സർട്ടിഫിക്കറ്റ് കാണാതായത് വിവാദത്തിൽ. പുതുതായി ചുമതലയേറ്റ പ്രധാനാദ്ധ്യാപിക ശ്രദ്ധയില്ലാതെ സർട്ടിഫിക്കറ്റുകൾ കത്തിച്ചു കളഞ്ഞതായാണ് ഒരു വിഭാഗം അദ്ധ്യാപകർ ആരോപിക്കുന്നത്. അതേ സമയം, തന്നെ സ്കൂളിൽ നിന്ന് പുറത്താക്കി മറ്റൊരാൾക്ക് അവസരം നൽകാനുള്ള ശ്രമത്തിന്റെ ഭാഗമായി ചില അദ്ധ്യാപകർ ചേർന്ന് സർട്ടിഫിക്കറ്റുകൾ ഒളിപ്പിച്ചതാണെന്ന് പ്രധാനാദ്ധ്യാപിക ആരോപിക്കുന്നു. വിഷയത്തിൽ സ്കൂൾ മാനേജിംഗ് കമ്മിറ്റി അംഗങ്ങളും രണ്ടു തട്ടിലാണ്. കാണാതായ ഒറിജിനൽ സർട്ടിഫിക്കറ്റുകൾക്ക് പകരം പുതിയവ സർക്കാരിന്റെ സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്തെടുക്കുകയാണ്.
.................................
അദ്ധ്യാപകരിൽ ഒരുവിഭാഗം പറയുന്നു
ജൂൺ 17ന് ചാർജെടുത്ത പ്രധാനാദ്ധ്യാപിക ഓഫീസ് മുറി വൃത്തിയാക്കുന്നതിന്റെ ഭാഗമായി ജൂലായ് 8ന് നിരവധി പേപ്പറുകൾ കത്തിച്ചു കളഞ്ഞു. ഫയൽ തുറന്നു പോലും നോക്കാതെയാണ് അഗ്നിക്കിരയാക്കിയത്. ഇതിനുള്ളിൽ മൂന്ന്, നാല് ക്ലാസുകളിലെ വിദ്യാർത്ഥികളുടെ ജനന സർട്ടിഫിക്കറ്റുകൾ ഉണ്ടായിരുന്നു. എന്തൊക്കെ രേഖകളാണ് കത്തിച്ചതെന്ന് എഴുതി സൂക്ഷിച്ചിട്ടില്ല. വാട്സാപ്പിലൂടെ രക്ഷിതാക്കളുടെ വിവരങ്ങൾ ശേഖരിച്ച് ഓരോ കുട്ടിയുടെയും ജനന സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യുകയാണിപ്പോൾ.
പ്രധാനാദ്ധ്യാപിക പറയുന്നു
മേയ് 31 ന് മുൻ പ്രധാനാദ്ധ്യാപകൻ വിരമിച്ചതിനാലാണ് സീനിയർ അദ്ധ്യാപികയായ താൻ ചുമതലയേറ്റത്. ഓഫീസ് വൃത്തിയാക്കുന്നതിന്റെ ഭാഗമായി പഴയ നോട്ടീസുകളാണ് കത്തിച്ചത്. ആരോ ഇടയിൽ കളിക്കുന്നുണ്ട്. പ്രധാനാദ്ധ്യാപികയായി മറ്റൊരു ടീച്ചറെ നിയമിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ആരോപണങ്ങൾ ഉന്നയിക്കുന്നത്. അദ്ധ്യാപകരിൽ ചിലർ ജനന സർട്ടിഫിക്കറ്റുകൾ ഒളിപ്പിച്ചു വച്ചിരിക്കുന്നതായി സംശയമുണ്ട്. മുൻ ഹെഡ് മാസ്റ്റർ യാതൊരു റെക്കാർഡുകളും കൃത്യമായി സൂക്ഷിച്ചിരുന്നില്ല. നഗരസഭയിൽ 80 ലക്ഷം രൂപയുടെ ബാദ്ധ്യത വരുത്തിയിട്ടുണ്ടെന്നാണ് മനസിലാക്കുന്നത്.
.........................................
ഉച്ചഭക്ഷണ ഫണ്ട്, ഡ്രൈവറുടെ ശമ്പളം തുടങ്ങി സ്കൂൾ ഫണ്ടിൽ വലിയ തിരിമറികളാണ് മുൻ ഹെഡ്മാസ്റ്റർ നടത്തിയിരുന്നത്. ചോദ്യം ചെയ്യുമ്പോൾ ഒഴിഞ്ഞു മാറുന്നതായിരുന്നു അദ്ദേഹത്തിന്റെ സമീപനം. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം അദ്ധ്യാപകരിൽ ചിലർ സർട്ടിഫിക്കറ്റുകൾ എടുത്ത് മാറ്റിയതാണോയെന്ന് സംശയമുണ്ട്
സ്കൂൾ മാനേജിംഗ് കമ്മിറ്റി അംഗം
....................................
സ്കൂളിൽ നൽകിയ ജനന സർട്ടിഫിക്കറ്റ് സൂക്ഷിക്കാനുള്ള ഉത്തരവാദിത്തം അധികൃതർക്കുണ്ട്. ആലപ്പുഴ മുനിസിപ്പൽ പരിധിയിലുള്ള കുട്ടികളുടെ സർട്ടിഫിക്കറ്റുകൾ അവർ ഡൗൺ ലോഡ് ചെയ്യുന്നുണ്ട്. എന്റെ മകൻ ജനിച്ചത് കൊച്ചി കോർപ്പറേഷൻ പരിധിയിലാണ്. ഞാൻ അവിടെ പോയി അപേക്ഷ നൽകാനാണ് സ്കൂൾ അധികൃതർ പറയുന്നത്. ഇത് നിരുത്തരവാദപരമായ സമീപനമാണ്
രക്ഷിതാവ്