ചേർത്തല: പാലക്കാട് വാളയാറിൽ പീഡനത്തിനിരയായ സഹോദരിമാരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കേസിലെ മൂന്നാം പ്രതി, വയലാർ പഞ്ചായത്ത് അഞ്ചാം വാർഡ് കടപ്പള്ളി മുരളീധരൻനായരുടെ മകൻ പ്രദീപ് കുമാറിനെ (36) കുടുംബവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയ്ക്കു പിന്നിലെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. കേസിൽ ഇയാൾ ഉൾപ്പെടെ മുഴുവൻ പ്രതികളെയും കോടതി വെറുതേവിട്ടത് വിവാദമായിരുന്നു.
പ്രദീപ് കുമാർ ഇന്നലെ രാവിലെ മാതാവിനൊപ്പം വയലാറിലെ സഹകരണ ബാങ്കിൽ വായ്പയ്ക്ക് അപേക്ഷിക്കാൻ എത്തിയിരുന്നു. നിലവിൽ മറ്റൊരു വായ്പയുള്ളതിനാൽ പുതിയ വായ്പ നൽകാൻ പറ്റില്ലെന്ന് അധികൃതർ അറിയച്ചതോടെ വീട്ടിലേക്കു മടങ്ങിയ ഇയാൾ വാളയാറിലെ വീട്ടിൽ കഴിയുന്ന ഭാര്യ കല്യാണിയെ വീഡിയോ കോളിൽ വിളിച്ച ശേഷം ഉച്ചയോടെ കിടപ്പു മുറിയിൽ തൂങ്ങുകയായിരുന്നു. വിവാഹശേഷമാണ് ഇയാൾ വാളയാറിലേക്ക് താമസം മാറിയത്. കല്യാണി ബന്ധുക്കളെ വിവരം അറിയിച്ചതിനെ തുടർന്ന് ഇവരെത്തി വാതിൽ തുറന്ന് കെട്ടറുത്ത് താഴെയിറക്കിയെങ്കിലും മരണം സംഭവിച്ചിരുന്നു.
മരിച്ച പെൺകുട്ടികളുടെ വീടിനടുത്താണ് ഇയാളും ഭാര്യയും താമസിച്ചിരുന്നത്. അവിടെ ബേക്കറി നടത്തിയിരുന്ന പ്രദീപ് കേസിൽ കുറ്റവിമുക്തനായതോടെ ആറു മാസം മുൻപാണ് നാട്ടിലെത്തിയത്. തുടർന്ന് ഇവിടെ ബേക്കറി സാധനങ്ങൾ ഉണ്ടാക്കി വില്പന നടത്തുകയായിരുന്നു. 2017ൽ നടന്ന, പെൺകുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് സമർപ്പിച്ച രണ്ട് കുറ്റപത്രങ്ങളിലും ഇയാൾ പ്രതിയായിരുന്നു. 2019 ൽ ആണ് കുറ്റവിമുക്തനാക്കിയത്. ചേർത്തല പൊലീസ് ഇൻക്വസ്റ്റ് തയ്യാറാക്കിയ മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കൊവിഡ് പരിശോധനയ്ക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും. മാതാവ്: ഗീത. സഹോദരങ്ങൾ:പ്രതീഷ്,പ്രജീഷ്.