ആലപ്പുഴ : ആധുനിക നിലവാരത്തിൽ പുനർനിർമ്മിച്ച കൈതവന - പഴയനടക്കാവ് - അമ്പലപ്പുഴ റോഡിന്റെ ഉദ്ഘാടനം ഇന്ന് മന്ത്രി ജി.സുധാകരൻ നിർവഹിക്കും. 11.78 കി.മീറ്റർ വരുന്ന റോഡ് സർക്കാരിന്റെ അഭിമാന സംരംഭമായ കിഫ്ബി മുഖേന 19.54കോടി രൂപ ചിലവഴിച്ച് ഏറ്റവും നൂതനവും ആധുനികവുമായ സാങ്കേതിക വിദ്യയിലാണ് നിർമ്മാണം പൂർത്തീകരിച്ചത്.
മണ്ഡലത്തിലെ കിഴക്കൻ പ്രദേശത്ത് വസിക്കുന്നവർക്കും നെൽകൃഷിക്കാർക്കും ഏറ്റവും ഉപകാരപ്രദമായ ഈ റോഡ് ആധുനിക സാങ്കേതിക വിദ്യകളുപയോഗിച്ച് പുനർനിർമ്മിക്കുകയായിരുന്നു. കൂടാതെ കോൺക്രീറ്റ് കലുങ്കുകൾ, കാനകൾ, കാൽനട യാത്രക്കാർക്കുവേണ്ടി ഇന്റർലോക്ക് ടൈലുകൾ പാകിയ നടപ്പാതകൾ എന്നിവയും ഉൾപ്പെടുത്തി.
ഇന്ന് വൈകിട്ട് 4 മന് അമ്പലപ്പുഴ വടക്കേ നടയിലും 5 ന് കൈതവന താനാകുളം ജംഗ്ഷനിലും നടക്കുന്ന ചടങ്ങുകളിൽ മന്ത്രി ജി.സുധാകരൻ പുനർനിർമ്മിച്ച റോഡ് നാടിന് സമർപ്പിക്കും.

ഈ സർക്കാർ അധികാരമേറ്റശേഷം അമ്പലപ്പുഴ നിയോജക മണ്ഡലത്തിൽ 2000കോടിയിലധികം രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതായും അവയിൽ ഭൂരിഭാഗവും പൂർത്തീകരിക്കാൻ സാധിച്ചതായും മന്ത്രി ജി.സുധാകരൻ പറഞ്ഞു.ഇതോടൊപ്പം തന്നെ വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി മണ്ഡലത്തിലെ 150ലേറെ വിവിധ നഗര ഗ്രാമീണറോഡുകളും ബി.എം ആൻഡ് ബി.സി നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ച് നാടിന് സമർപ്പിച്ചു.