photo


ചേർത്തല: മിസോറാം ഗവർണർ അഡ്വ. പി.എസ്.ശ്രീധരൻ പിള്ള എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കണിച്ചുകുളങ്ങരയിലെ വസതിയിലെത്തി സന്ദർശിച്ചു. ഇന്നലെ രാത്രി എട്ടോടെയാണ് ഭാര്യ അഡ്വ.റീത്തയ്ക്കൊപ്പം അദ്ദേഹമെത്തിയത്.

മിസോറാമിലെ ഗ്രാമീണർ ആദരവിനായി തയ്യാറാക്കുന്ന വസ്ത്രം അണിയിച്ച് വെള്ളാപ്പള്ളിയെ ആദരിച്ചു. രാഷ്ട്രീയക്കാരനായി നേരത്തെ എത്തിയിട്ടുണ്ടെങ്കിലും കാലങ്ങളായി തുടരുന്ന സൗഹൃദം പുതുക്കാനാണ് ഇത്തവണ വന്നതെന്ന് ശ്രീധരൻപിള്ള പറഞ്ഞു. ഗുരുവിന്റെ മഹത്തായ കൃതിയായ ദൈവദശകം മിസോറാം ഭാഷയിലേക്ക് തർജ്ജമ ചെയ്ത് രാജ്ഭവനിൽ അതിന്റെ ഉദ്ഘാടനവും നടത്താനായത് ജനറൽ സെക്രട്ടറിയുടെ നിരന്തരമായ പ്രേരണയും പിന്തുണയും മൂലമാണെന്നും അദ്ദേഹം പറഞ്ഞു. വർഷങ്ങളായുള്ള വ്യക്തിബന്ധവും സൗഹൃദങ്ങളും കാത്തുസൂക്ഷിക്കുന്ന ഗവർണർ ശ്രീധരൻപിള്ള എഴുതുന്ന പുസ്തകങ്ങൾ അയച്ചു തരാറുണ്ടെന്നും ഗുരുവിന്റെ ദർശനം പ്രചരിപ്പിക്കാൻ ജാതിക്കും മതത്തിനും അതീതമായി പ്രവർത്തിക്കുന്നയാണ് ശ്രീധരൻപിള്ളയെന്നും വെള്ളാപ്പള്ളി പറഞ്ഞു. പ്രീതി നടേശൻ, എസ്.എൻ.ഡി.പി യോഗം അസി.സെക്രട്ടറി കെ.എ.ബാഹുലേയൻ എന്നിവരും ഉണ്ടായിരുന്നു.