s

ആലപ്പുഴ ഡിപ്പോയിലെ തിങ്കൾ കളക്ഷൻ 5.09 ലക്ഷം ആലപ്പുഴ: കൊവിഡ് പ്രതിസന്ധികൾക്കിടയിലും ഒറ്റദിവസം വരുമാനം അഞ്ച് ലക്ഷത്തിൽ എത്തിച്ച് കെ.എസ്.ആർ.ടി.സി ആലപ്പുഴ യൂണിറ്റിന് തിളക്കമാർന്ന നേട്ടം. ലോക്ക് ഡൗണിന് ശേഷം ഇതാദ്യമായാണ് വരുമാനം അഞ്ച് ലക്ഷം കവിയുന്നത്. തിങ്കളാഴ്ച നടത്തിയ 77 ഷെഡ്യൂളുകളിൽ നിന്നാണ് ഈ നേട്ടം. കൊവിഡിനു മുമ്പ് പത്ത് മുതൽ പന്ത്രണ്ട് ലക്ഷം വരെയായിരുന്നു ഡിപ്പോയുടെ പ്രതിദിന കളക്ഷൻ. ലോക്ക് ഡൗൺ വന്നതോടെ എല്ലാം താളം തെറ്റി. സർവീസ് പുനരാരംഭിച്ചപ്പോൾ യാത്രക്കാരില്ലാത്തതിനാൽ ഷെഡ്യൂളുകൾ വെട്ടിക്കുറയ്ക്കുന്നതായിരുന്നു പതിവ്. ഇപ്പോൾ സർവ്വീസുകളുടെ എണ്ണം കൂട്ടിയതും യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വർദ്ധനവും വരുമാനം കൂടാൻ കാരണമായി. കൂടാതെ ബോണ്ട് സർവീസ്, പോയിന്റ് ഡ്യൂട്ടി, അൺലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി തുടങ്ങിയ പുത്തൻ സർവ്വീസുകളും ഗുണകരമായി. ഒരു കിലോമീറ്റിൽ ചുരുങ്ങിയത് മുപ്പത് രൂപ വരുമാനം എന്ന തരത്തിൽ നഷ്ടമില്ലാത്ത നിലയിലാണ് പുത്തൻ സർവ്വീസുകൾ നടത്തുന്നത്. കൊവിഡിന്റെ തുടക്കവുമായി താരതമ്യം ചെയ്യുമ്പോൾ, കൂടുതൽ ആളുകൾ ഇപ്പോൾ കെ.എസ്.ആർ.ടി.സിയെ ആശ്രയിക്കുന്നുണ്ട്. തിങ്കളാഴ്ച ദിവസങ്ങളിലാണ് കൂടുതൽ കളക്ഷൻ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ കുറച്ച് ആഴ്ചകളിൽ നാല് ലക്ഷത്തിന് മുകളിലായിരുന്നു തിങ്കളാഴ്ചകളിലെ വരുമാനം. യാത്രക്കാരുടെ എണ്ണം കൂടിയതോടെ ദിവസവും അൻപതോളം ഷെഡ്യൂകളുകൾ നടത്തുന്നുണ്ട്. ................................. കഴിഞ്ഞ തിങ്കൾ ആലപ്പുഴ യൂണിറ്റ് കളക്ഷൻ: ₹ 5,09,942 യാത്ര ചെയ്തവരുടെ എണ്ണം : 17,995 ഷെഡ്യൂൾ: 77 യാത്രക്കാരുടെ എണ്ണം കൂടിയതാണ് വരുമാന വർദ്ധനവിനു കാരണം. കൊവിഡ് ആരംഭിച്ച ശേഷം ഇത്രയധികം വരുമാനം ലഭിക്കുന്നത് ആദ്യമാണ്. യാത്രക്കാരെ ആകർഷിക്കാനായി നടത്തിയ പ്രചാരണങ്ങളും പുത്തൻ സർവീസുകളും ഗുണകരമായി അശോക് കുമാർ, എ.ടി.ഒ