s

തൊഴിലാളി ക്ഷാമവും പ്രതിസന്ധിയിൽ

ആലപ്പുഴ: തൊഴിലാളി ക്ഷാമം ഒരു വശത്തു നിൽക്കവേ, കമ്പിയും സിമന്റുമുൾപ്പെടെയുള്ളവയുടെ വില പത്തു മുതൽ 45 ശതമാനം വരെ വർദ്ധിച്ചതോടെ നിർമ്മാണമേഖല പ്രതിസന്ധിയിൽ. വൻകിട നിർമ്മാണങ്ങൾ ഏറ്റെടുത്ത കരാറുകാരിൽ 60 ശതമാനവും പ്രവർത്തനം നിറുത്തിയിരിക്കുകയാണ്. ലൈഫ് ഭവന പദ്ധതിയുടെ നിർമ്മാണവും ഇഴഞ്ഞു നീങ്ങുന്നു. ജില്ലയിൽ നാട്ടുകാരായ 30,000ത്തോളം തൊഴിലാളികളും 20,000ത്തോളം അന്യസംസ്ഥാന തൊഴിലാളികളുമാണ് നിർമ്മാണ മേഖലയിൽ പണിയെടുക്കുന്നത്. കൊവിഡിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങിയ അന്യസംസ്ഥാന തൊഴിലാളികളിൽ മൂന്നിലൊന്നുപേർ മാത്രമേ തിരിച്ചെത്തിയിട്ടുള്ളൂ.

നിർമ്മണ മേഖലയിൽ അസംസ്കൃത വസ്തുക്കളുടെ വില നിയന്ത്രിക്കാൻ സർക്കാർ ഇടപെടൽ അനിവാര്യമാണെന്ന് കരാറുകാർ പറയുന്നു. സിമന്റ് കമ്പനികൾ തോന്നുന്നതു പോലെയാണ് വില വർദ്ധിപ്പിക്കുന്നത്. തമിഴ്നാട് സർക്കാർ 'അമ്മ' സിമന്റ് കമ്പനിയുമായി വാർഷിക വില കരാർ ഒപ്പു വെയ്ക്കുകയും 50 കിലോ തൂക്കമുള്ള ബാഗിന് 200 രൂപ നിരക്കിൽ വിപണിയിൽ എത്തിക്കുകയും ചെയ്യുന്നുണ്ട്. ഇതേ മാതൃക കേരളത്തിലും നടപ്പാക്കിയാൽ വില നിയന്ത്രിക്കാൻ കഴിയും. സംസ്ഥാനത്തിന് ആവശ്യമായ സിമന്റിന്റെ ഏഴ് ശതമാനം മാത്രമാണ് സർക്കാർ ഉടമസ്ഥതയിലുള്ള മലബാർ സിമന്റ് കമ്പനിയിൽ ഉത്പാദിപ്പിക്കുന്നത്. ഇവിടെ ഉത്പാദനം വർദ്ധിപ്പിക്കാൻ നടപടിയുണ്ടാകത്തതും സ്വകാര്യ കമ്പനികൾ വിപണി കീഴടക്കാൻ കാരണമായി. സ്വകാര്യ കമ്പനികളെ പോലെ മലബാർ സിമന്റിനും വില വർദ്ധിപ്പിച്ചതും സ്വകാര്യ കമ്പനികളെ നിയന്ത്രിക്കുന്നതിന് തടസമായി.

വിലവ്യത്യാസം (ബ്രായ്ക്കറ്റിൽ പഴയ വില)

 സിമന്റ് ഒരു ചാക്ക്: 440 (300)

 നാടൻ കട്ട: 38 (27)

 പെരുമ്പാവൂർ കട്ട: 35 (25)

 കമ്പി: 53 (45)

 എം സാൻഡ്: 65 (55)

 മുക്കാലിഞ്ച് മെറ്റൽ ഒരടി: 65 (57)

വിപണിയിൽ സർക്കാർ ഇടപെടാത്തതാണ് സ്വകാര്യ കമ്പനികൾ 45 ശതമാനം വരെ വില വർദ്ധിപ്പിക്കാൻ കാരണം. വില നിയന്ത്രണം, ഗുണനിലവാരം, തൂക്കം എന്നിവ പരിശോധിക്കാൻ സംവിധാനം ഏർപ്പെടുത്തണം. ഏഴിൽ നിന്ന് 25 ശതമാനമായി മലബാർ സിമന്റ് ഫാക്ടറിയിലെ ഉത്പാദനം വർദ്ധിപ്പിക്കണം. കൂടുതൽ നികുതി സർക്കാരിന് ലഭിക്കുമെന്നതിനാലാണ് വില നിയന്ത്രണത്തിൽ സർക്കാർ ഇടപെടാത്തത്

വർഗീസ് കണ്ണമ്പള്ളി, സംസ്ഥാന പ്രസിഡന്റ്, ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ