s

ടൂറിസം മേഖലയ്ക്ക് ജീവൻ വയ്ക്കുന്നു

ആലപ്പുഴ : കൊവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്ത വിനോദസഞ്ചാരികൾ യാത്രക്കെത്തുന്നത്, കൊവിഡിൽ തകർന്നമർന്ന ജില്ലയിലെ ടൂറിസം മേഖലയ്ക്ക് ജീവൻ പകരുന്നു. കഴിഞ്ഞ ഒക്ടോബർ 18 മുതൽ ഇതുവരെ 3000ത്തോളം സഞ്ചാരികൾ ആലപ്പുഴയിൽ എത്തി . ഇതിലൂടെ 600 ന് മുകളിൽ ട്രിപ്പുകൾ ഹൗസ് ബോട്ടുകൾക്ക് ലഭിച്ചു.

ടൂറിസം രംഗത്ത് ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും ജില്ലയിൽ നിലനിൽക്കുന്ന നിരോധനാജ്ഞ വിലങ്ങുതടിയാണ്. 15ന് നിരോധനാജ്ഞ അവസാനിക്കുന്നതോടെ കൂടുതൽ ഇളവുകൾ ഉണ്ടാകുമെന്നാണ് ടൂറിസം രംഗത്തുള്ളവരുടെ പ്രതീക്ഷ.

ജില്ലാഭരണകൂടം നിർദ്ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാണ് ഹൗസ് ബോട്ടിൽ സഞ്ചാരികളെ പ്രവേശിപ്പിക്കുന്നത്. ഈ മാനദണ്ഡങ്ങൾ ലഘൂകരിക്കണമെന്നാണ് ഹൗസ് ബോട്ടുടമകളുടെ ആവശ്യം. സഞ്ചാരികളുടെ ശരീര താപനില പരിശോധിച്ചശേഷമാണ് പ്രവേശനം. ലഗേജ് അണുവിമുക്തമാക്കും. മലപ്പുറം, കോഴിക്കോട്,കൊല്ലം, തിരുവനന്തപുരം, എറണാകുളം, പാലക്കാട് തുടങ്ങിയ ജില്ലകളിൽ നിന്നുള്ള സഞ്ചാരികളാണ് ഇപ്പോൾ കൂടുതൽ എത്തുന്നത്. കുടുംബങ്ങളേക്കാളുപരി യുവാക്കളുടെ സംഘമാണ് അധികവും.

ഒരുബോട്ടിൽ പരമാവധി പത്ത് പേർക്ക് മാത്രമാണ് യാത്രചെയ്യാൻ അനുമതി. മലബാറിൽ നിന്ന് എത്തുന്ന വലിയ കുടുംബങ്ങളിൽ 15 പേരെങ്കിലും കാണും. അവർ രണ്ട് ബോട്ടുകളിൽ യാത്ര ചെയ്യാൻ വിസമ്മതിക്കുന്നത് ബോട്ടുടമകൾക്ക് വെല്ലുവിളിയാണ്. ദീപാവലി പ്രമാണിച്ച് ഹൗസ് ബോട്ടുകൾക്കായി സഞ്ചാരികളുടെ അന്വേഷണം കൂടുതലായി എത്തുന്നത് മേഖലയ്ക്ക് പ്രതീക്ഷ പകരുന്നു.

10%

1500 ൽ അധികം ഹൗസ് ബോട്ടുകളുള്ള ജില്ലയിൽ പത്ത് ശതമാനം മാത്രമാണ് സർവീസിന് തയ്യാറായിട്ടുള്ളത്. നാളുകളായി ഓട്ടമില്ലാതെ കിടക്കുന്നതിനാൽ ഭൂരിഭാഗം ബോട്ടുകൾക്കും തകരാറുകളുണ്ട്.

സുരക്ഷ മുഖ്യം

ഹൗസ് ബോട്ടുകളും വിനോദസഞ്ചാരികളുടെ ലഗേജും ചെക്ക് ഇൻ സമയത്തും ചെക്ക് ഒൗട്ടിലും അണുവിമുക്തമാക്കും. ഓരോ അതിഥിയും പോയിക്കഴിഞ്ഞ് 24 മണിക്കൂറിന് ശേഷമാണ് ഹൗസ്ബോട്ടുകൾ അടുത്ത സവാരിക്ക് പോകുന്നത്. വിനോദസഞ്ചാരികളുമായി ബോട്ട് ജീവനക്കാർ അധികം ഇടപഴകാറില്ല.

ശ്രദ്ധിക്കാൻ

1.വിനോദസഞ്ചാരികൾക്കുള്ള വില്ലേജ് വാക് ഉൾപ്പടെയുള്ളവ പാടില്ല

2.യാത്രക്കാരുടെ വിവരങ്ങൾ വിനോദസഞ്ചാര വകുപ്പ് രജിസ്റ്ററിൽ സൂക്ഷിക്കും

3.രജിസ്റ്റർ ചെയ്ത യാത്രക്കാരാണെന്ന് ഉറപ്പിക്കാൻ പ്രത്യേക പാസ് നൽകും

4.സർക്കാർ നിർദേശങ്ങൾ ലംഘിച്ചാൽ പിടികൂടാൻ പ്രത്യേക സ്‌ക്വാഡ്

5.ടൂറിസം കേന്ദ്രങ്ങളിലെത്തുന്നവരുടെ പേരും വിശദവിവരങ്ങളും രേഖപ്പെടുത്തണം

6.ഹൗസ് ബോട്ടിലെ ഒരു മുറിയിൽ രണ്ടു പേരെ മാത്രമേ പ്രവേശിപ്പിക്കൂ.


''ഹൗസ് ബോട്ട് മേഖല മാത്രമേ സജീവമായുള്ളൂ. ജില്ലയിലെ കൊവിഡ് വ്യാപനം കൂടി കണക്കിലെടുത്ത് 15 ന് ശേഷം ടൂറിസം മേഖലയ്ക്ക് കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കും. ജില്ലാ ഭരണ കൂടത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും നിർദേശങ്ങൾ പാലിച്ചാണ് ഹൗസ് ബോട്ടുകൾ പ്രവർത്തിക്കുന്നത്.

-എം..മാലിൻ ,ഡി.ടി.പി.സി ഡയറക്ടർ

'' ഒരു ബോട്ടിൽ പത്ത് പേർ യാത്ര ചെയ്യുന്നത് വലിയ ഹൗസ് ബോട്ടുകൾക്ക് നഷ്ടമാണ്. ഒന്നിടവിട്ട ദിവസങ്ങളിൽ സർവീസ് നടത്തുന്നതുകൊണ്ട് പലർക്കും ബുക്കിംഗ് സ്വീകരിക്കാൻ കഴിയുന്നില്ല.

-വിജയൻ,ഹൗസ് ബോട്ട് അസോ.. സംസ്ഥാന സെക്രട്ടറി