ആലപ്പുഴ: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിലെ ഒന്നു മുതൽ നാലു വരെയുള്ള പ്രതികൾ ആലപ്പുഴ അഡിഷണൽ സെഷൻസ് കോടതി മൂന്നിൽ സമർപ്പിച്ച മുൻകൂജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത് ജഡ്ജി പി.എൻ. സീത പത്താം തീയതിയിലേക്ക് മാറ്റി. പ്രതിഭാഗം കൂടുതൽ സമയം ആവശ്യപ്പെട്ടതിനാലാണ് നടപടി. കേസിലെ അഞ്ചാം പ്രതി ഡോ. റിയാ നൽകിയ മുൻകൂർ ജാമ്യാപക്ഷയും പത്തിലേക്ക് മാറ്റി. ജാമ്യാപേക്ഷ പരിഷണിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കോടതി പൊലിസ് റിപ്പോർട്ട് തേടിയിരുന്നു. ജാമ്യം അനുവദിക്കരുതെന്ന റിപ്പോർട്ട് ഇന്നലെ കോന്നി പൊലീസ് കോടതിയിൽ സമർപ്പിച്ചു. പ്രോസിക്യൂഷൻ വാദത്തിന് തയ്യാറായിരുന്നെങ്കിലും റിപ്പോർട്ട് പഠിക്കാൻ കൂടുതൽ സമയം പ്രതിഭാഗം ആവശ്യപ്പെട്ടു. കേസിലെ അഞ്ചാം പ്രതി ഡോ.റിയയെ ഇന്ന് രാവിലെ ഒൻപത് മുതൽ തിങ്കളാഴ്ച രാവിലെ 11വരെ കോന്നി പൊലീസിന്റെ കസ്റ്റഡിയിൽ വിട്ടു. പത്തനംതിട്ട ഇലവുംതിട്ട സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രതികളുടെ റിമാൻഡ് രേഖപെടുത്താനും സബ്ജയിലിൽ എത്തി പ്രതികളെ ചോദ്യം ചെയ്യാനും കോടതി അനുമതി നൽകി. പോപ്പുലർ ഫിനാൻസ് ഉടമ റോയ് ഡാനിയേൽ, ഭാര്യ പ്രഭ ഡാനിയേൽ, മക്കളായ റിനു മറിയം തോമസ്, റീബ മറിയം തോമസ് എന്നിവരാണ് അഭിഭാഷകനായ മനു മുഖേന കോടതിയെ സമീപിച്ചത്.