s

വടക്കേ അങ്ങാടി കവല നവീകരണത്തിന് തുടക്കം

ആലപ്പുഴ:ചേർത്തല നിവാസികൾ ഏറെക്കാലമായി ആഗ്രഹിച്ചിരുന്ന വടക്കേ അങ്ങാടി കവലയുടെ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മന്ത്രി ജി. സുധാകരൻ ഇന്നലെ നിർവഹിച്ചു. ദീർഘനാളത്തെ പരിശ്രമത്തിനൊടുവിലാണ് കവലയുടെ വികസനം സാക്ഷാത്കരിക്കപ്പെടുന്നതെന്ന് മന്ത്രി സുധാകരൻ പറഞ്ഞു.കവലയുടെ വികസനത്തിനായി പ്രവർത്തിച്ച മന്ത്രി പി .തിലോത്തമനെ അദ്ദേഹം അഭിനന്ദിച്ചു.

ജനങ്ങൾ കാത്തിരുന്ന വികസനമാണ് വടക്കേ അങ്ങാടി കവലയിലേതെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച മന്ത്രി പി .തിലോത്തമൻ പറഞ്ഞു. ചേർത്തലയിലെ പ്രധാന കവാടമായ കവലയിലെ വികസനം പുതിയ കാലത്തിന്റെ അനിവാര്യതയാണ്. കവലയുടെ വികസനത്തോടെ ചേർത്തല നഗരത്തിന്റെ വികസനം കൂടിയാണ് യാഥാർത്ഥ്യമാകുന്നത് .വികസന പ്രവൃത്തികൾ പൂർത്തിയായാൽ കവലയ്ക്ക് ' നങ്ങേലി സ്‌ക്വയർ ' എന്ന് പുനർനാമകരണം നടത്തുമെന്നും മന്ത്രി പറഞ്ഞു.

ചേർത്തലയിലെ പ്രധാനപ്പെട്ട റോഡുകളായ ഓൾഡ് എൻ. എച്ച് റോഡ്, മുട്ടം ബസാർ എട്ടുപുരക്കൽ റോഡ്, കോൺവെന്റ് റോഡ്, മുട്ടം മിൽ ലാൻഡിംഗ് റോഡ് എന്നീ റോഡുകളെ ബന്ധിപ്പിക്കുന്ന ഒരു പ്രധാന ജംഗ്ഷനാണിത്. 17.42 സെന്റ് ഭൂമിയാണ് കവലയുടെ വികസനത്തിനായി സർക്കാർ ഏറ്റെടുത്തിട്ടുള്ളത്.മന്ത്രി പി. തിലോത്തമന്റെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള രണ്ടു കോടി രൂപയും സംസ്ഥാന ബഡ്ജറ്റിൽ നിന്നുള്ള 8.5 കോടി രൂപയും വിനിയോഗിച്ചാണ് വികസന പ്രവർത്തനങ്ങൾ നടത്തുക. റോഡിന്റെ വീതി കൂട്ടുന്നതിനൊപ്പം ഇരുവശങ്ങളിലും ടൈൽ വിരിക്കും.

ചടങ്ങിൽ ചേർത്തല മുൻസിപ്പൽ ചെയർമാൻ വി .ടി .ജോസഫ്, വയലാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ് .വി. ബാബു, മുനിസിപ്പൽ പ്രതിപക്ഷ നേതാവ് എൻ .ആർ .ബാബുരാജ്, കൗൺസിലർമാരായ കെ .ബി .മുരളി, ജി. അജിത്ത്, പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടിവ് എൻജിനിയർ ബി.വിനു, അസി. എക്സിക്യൂട്ടീവ് എൻജിനിയർ എൽ. രാജശ്രീ തുടങ്ങിയവർ പങ്കെടുത്തു.