ആലപ്പുഴ: നൃത്തം ചെയ്യാൻ വേദിയില്ലാതെ വിഷമിക്കുന്ന നർത്തകർക്ക് ഒരു സന്തോഷ വാർത്ത. ഒ.ടി.ടി പ്ലാറ്റ്‌ഫോമിൽ സിനിമ റിലീസ് ചെയ്യുന്ന മാതൃകയിൽ നൃത്തം ഇനി ആസ്വാദകരിലെത്തിക്കാം. ശാസ്‌ത്രീയ നർത്തകർക്കും ആസ്വാദകർക്കും കൊവിഡ് കാലത്ത് ഓൺലൈനിൽ വേദികൾ ഒരുക്കുകയാണ് നാട്യഗൃഹ ഓൺലൈൻ ആപ്പ്.
നൃത്തത്തിന് മാത്രമായിട്ടുള്ള ആൻഡ്രോയിഡ് ആപ്പായ ‘നാട്യഗൃഹം’ വിജയദശമി നാളിൽ കലാമണ്ഡലം ക്ഷേമവതിയാണ് പുറത്തിറക്കിയത്. എറണാകുളം ഭാരത മാതാ കോളേജിൽ മൾട്ടി മീഡിയ അധ്യാപകനും ഭവൻസ് മീഡിയ ഇൻസ്റ്റിറ്റ്യൂട്ട് വൈസ് പ്രിൻസിപ്പലുമായിരുന്ന എൻ.ബി. രഘുനാഥാണ് ആപ്പിന്റ നിർമാതാവ്. കൊവിഡ്
മൂലം നാട്യ വേദികൾ അടച്ചിടേണ്ടി വന്ന സാഹചര്യത്തിൽ തുറന്ന വേദിയാവുന്ന ആപ്പിലൂടെ എച്ച്.ഡി ദൃശ്യമികവിൽ നൃത്തങ്ങൾ വീട്ടിലിരുന്ന് കാണാം. നൃത്ത പ്രകടനങ്ങൾ കലാമണ്ഡലം ക്ഷേമവതി, കലാമണ്ഡലം സുഗന്ധി, കലാമണ്ഡലം ചന്ദ്രിക തുടങ്ങിയ മുതിർന്ന നർത്തകരുടെ പരിശോധനയ്ക്കും വിലയിരുത്തലിനും ശേഷമാണ് അപ്‌ലോഡ് ചെയ്യുന്നത്. നിലവിൽ 15 മുതൽ 20 മിനിറ്റ് വരെ ദൈർഘ്യമുള്ള വീഡിയോകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ആദ്യഘട്ടത്തിൽ ക്ലാസിക്കൽ ഇനങ്ങൾ മാത്രമാണ് ഉൾപ്പെടുത്തുക. ആപ്ലിക്കേഷന് കൂടുതൽ സ്വീകാര്യത ലഭിക്കുന്ന മുറയ്ക്ക് മറ്റ് നൃത്തയിനങ്ങളും ഉൾപ്പെടുത്തും. നർത്തകർ മികച്ച ക്വാളിറ്റിയുള്ള വീഡിയോകൾ അയക്കണമെന്ന് നിർബന്ധമാണ്. ഷൂട്ട് ചെയ്യാൻ പരിമിതിയുള്ളവർ സമീപിച്ചാൽ അതിനുള്ള സൗകര്യം അണിയറക്കാർ ഒരുക്കും. പ്രശസ്ത അദ്ധ്യാപകരുടെ ശിഷ്യർ തയാറാക്കിയ വീഡിയോകളാണ് ആദ്യ ഘട്ടത്തിൽ ഉൾപ്പെടുത്തുക.
''ആപ്പിലൂടെ നൃത്തം റിലീസ് ചെയ്യാൻ ആഗ്രഹമുള്ളവർ, ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് നാട്യഗൃഹം ആപ്പ് മൊബൈലിൽ ഇൻസ്‌റ്റാൾ ചെയ്യണം. പരസ്യങ്ങൾ ശല്യപ്പെടുത്താതെ നൃത്തം കാണാൻ സാധിക്കുന്ന ഇതേ ആപ്പിന്റെ പേയ്‌ഡ് വെർഷനും പ്ലേ സ്‌റ്റോറിൽ ലഭ്യമാണ്. ഇതിന് 50 രൂപയാണ് ചാർജ്. സിനിമകൾക്ക് ഉപയോഗിക്കുന്ന തരത്തിലെ മികച്ച എഡിറ്റിംഗ് സോഫ്റ്റ് വെയറുകൾ ഉപയോഗിച്ചാണ് വീഡിയോ തയാറാക്കുന്നത്
- എൻ.ബി. രഘുനാഥ്