ആലപ്പുഴ : സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള 154 റസ്റ്റ് ഹൗസുകളിലെ മുറികൾ ലഭ്യമാക്കുന്നതിന് സർക്കാർ ജീവനക്കാർക്കും പൊതുജനങ്ങൾക്കും ഓൺലൈൻ ബുക്കിംഗ് സംവിധാനം ഉപയോഗപ്പെടുത്താമെന്ന് മന്ത്രി ജി.സുധാകരൻ അറിയിച്ചു.

ഫോൺ മുഖാന്തിരവും ഇ-മെയിൽ മുഖാന്തിരവും റൂമുകൾ ബുക്ക് ചെയ്യുന്ന രീതിയാണ് കാലങ്ങളായി അവലംബിച്ച് പോരുന്നത്. ഇത് മൂലം പലമുറികളും ഒഴിഞ്ഞുകിടക്കുന്ന സാഹചര്യത്തിനും കാൻസലേഷൻ മൂലമുണ്ടാകുന്ന ബുദ്ധിമുട്ടിനും പരിഹാരമെന്ന നിലയിലാണ് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തുന്നത്. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം സി-ഡിറ്റ് മുഖാന്തിരം തയ്യാറാക്കിയ വെബ്‌സൈറ്റിൽ റസ്റ്റ് ഹൗസുകൾ ജില്ലതിരിച്ച് ബുക്ക് ചെയ്യുന്നതിനും റൂമുകളുടെ സ്ഥിതി സംബന്ധിച്ച് മനസ്സിലാക്കുന്നതിനും ഓൺലൈനായി പണമടയ്ക്കുന്നതിനുമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ബുക്കിംഗ് സംവിധാനം യാഥാർത്ഥ്യമാക്കുന്നതിന്റെ ഭാഗമായി 154 റസ്റ്റ് ഹൗസുകളിലും കംപ്യൂട്ടർ ടാബ്ലറ്റുകൾ നൽകുന്നതിന്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ചീഫ് എഞ്ചിനീയർ ഹൈജീൻ ആൽബർട്ടിന് ടാബ്ലറ്റ് കൈമാറി മന്ത്രി നിർവ്വഹിച്ചു. കൊറോണയുടെ പശ്ചാത്തലത്തിൽ ആദ്യഘട്ടമായി 15 റസ്റ്റ് ഹൗസുകളിലാണ് ഓൺലൈൻ ബുക്കിംഗ് സംവിധാനം ഏർപ്പെടുത്തുന്നത്. തുടർന്ന് എല്ലാ റസ്റ്റ് ഹൗസുകളും ഓൺലൈൻ ബുക്കിംഗ് സംവിധാനത്തിലാകും.
റസ്റ്റ് ഹൗസ് ഓൺലൈൻ ബുക്കിംഗ് വെബ്‌സൈറ്റ് : www.resthouse.pwd.kerala.gov.in