തുറവൂർ:തുറവൂർ മഹാക്ഷേത്രത്തിലെ ദീപാവലി ഉത്സവത്തിന് നാളെ കൊടിയേറും. 14നാണ് വലിയ വിളക്കുത്സവം. 15 ന് ആറാട്ടോടെ സമാപിക്കും. കൊവിഡ് പശ്ചാത്തലത്തിൽ കലാപരിപാടികൾ ഒഴിവാക്കി, ആചാര അനുഷ്ഠാനങ്ങൾക്ക് ഭംഗം വരാത്തവിധം പ്രധാന ചടങ്ങുകളോടെ മാത്രമായിരിക്കും ഉത്സവം. നാളെ വൈകിട്ട് 6 ന് വളമംഗലം കോങ്കേരിൽ കുടുംബ ക്ഷേത്രത്തിൽ നിന്നു കൊടിക്കയറും കണ്ണുവള്ളി കുടുംബ ക്ഷേത്രത്തിൽ നിന്നു കൊടിക്കൂറയും എഴുന്നള്ളിക്കും. വൈകിട്ട് 7.30 നും 8.15നും മദ്ധ്യേ ക്ഷേത്രം തന്ത്രി പുതുമന ദാമോദരൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ നരസിംഹ മൂർത്തിയുടെയും മഹാസുദർശന മൂർത്തിയുടെയും സ്വർണ ധ്വജത്തിൽ കൊടിയേറും. 14 ന് രാത്രി 9.30 മുതൽ 11.30 വരെ വലിയ വിളക്ക്. ആറാട്ട് ദിവസമായ 15 ന് പുലർച്ചെ 6 ന് ഗരുഡ വാഹനപ്പുറത്ത് എഴുന്നള്ളത്ത്. രാവിലെ 8.30 മുതൽ 9.15 വരെ തിരുവാറാട്ട്..ഉത്സവ ദിനങ്ങളിൽ പുലർച്ചെ 4 ന് നടതുറപ്പ്, രാവിലെ 8.30 ന് ശ്രീബലി, വൈകിട്ട് 5.30ന് കാഴ്ച ശ്രീബലി,6.30ന് ദീപാരാധന എന്നിവ നടക്കും. ദർശനത്തിനെത്തുന്ന ഭക്തർ കൊവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിക്കാൻ ശ്രദ്ധിക്കണമെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ടി.എം വിജയൻ പിള്ള അറിയിച്ചു.