ക്ഷേത്രവളപ്പിൽ ഒരു സമയം 50 പേർ മാത്രം
ഹരിപ്പാട്: മണ്ണാറശാലയിൽ ഈ വർഷത്തെ ആയില്യം പരമ്പരാഗത ചടങ്ങുകൾ മാത്രം ഉൾപ്പെടുത്തി കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചു നടത്തുമെന്ന് മണ്ണാറശാല നാഗരാജ ക്ഷേത്രം മുഖ്യ കാരണവർ എം.കെ. പരമേശ്വരൻ നമ്പൂതിരി അറിയിച്ചു.
മുഖ്യപൂജാരിണിയായ മണ്ണാറശാല അമ്മ ഉമാദേവി അന്തർജനത്തിന്റെ അനാരോഗ്യം കാരണം ആയില്യം എഴുന്നള്ളത്തും അമ്മ മാത്രം നടത്തുന്ന വിശേഷാൽ പൂജകളും ഈ വർഷവും ഉണ്ടാവില്ല. കുടുംബ കാരണവരുടെ നേതൃത്വത്തിലായിരിക്കും മറ്റു പൂജകളും ചടങ്ങുകളും. പൂയം, ആയില്യം ദിവസങ്ങളിൽ തിരുവാഭരണം ചാർത്തിയാണ് പൂജകൾ നടത്തുന്നത്. കൊവിഡ് സാഹചര്യത്തിൽ അമ്മയുടെ പതിവു ദർശനവും ഉണ്ടാവില്ല. ആയില്യം മഹോത്സവത്തിന്റെ ഭാഗമായുള്ള പുണർതം നാളിലെ മഹാദീപക്കാഴ്ച, ഇതര കലാപരിപാടികൾ എന്നിവയും ഉപേക്ഷിച്ചു.
ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശാനുസരണം ക്ഷേത്രവളപ്പിൽ 50ൽ അധികം ആളുകളെ അനുവദിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. അതിനാൽ ആയില്യത്തോടനുബന്ധിച്ച് 6 മുതൽ 9 വരെ തീയതികളിൽ കൂടുതൽ ഭക്തർ ക്ഷേത്രത്തിലെത്തുന്ന സാഹചര്യം ഒഴിവാക്കണമെന്നും ദർശനം സൗകര്യപ്രദമായ മറ്റ് ദിവസങ്ങളിലേക്ക് മാറ്റി സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രത്യേക വഴിപാടുകൾ ആയില്യത്തിനു ശേഷം നടത്താവുന്നതാണ്. വിവരങ്ങൾക്ക് 04792413214, 04792410200. ഇ മെയിൽ: info@mannarasala. org