ആലപ്പുഴ: കൊവിഡ് ബാധിച്ച നിർമ്മാണ തൊഴിലാളികൾക്ക് പ്രത്യേക ചികിത്സാ സഹായമായി 2000 രൂപ വിതരണം ചെയ്യുമെന്ന് കേരള ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ ബോർഡ് ചെയർമാൻ വി. ശശികുമാർ പത്രസമ്മേളനത്തിൽ പറഞ്ഞു. കൊവിഡ് മൂലം മരണമടഞ്ഞ നിർമ്മാണ തൊഴിലാളികളുടെ കുടുംബങ്ങൾക്ക് നിലവിലെ മരണാനന്തര ആനുകൂല്യങ്ങൾക്ക് പുറമേ 1000 രൂപ അടിയന്തിരമായി വിതരണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

കൊവിഡ് സഹായ വിതരണം 17ന് മുമ്പ് പൂർത്തിയാക്കും. തൊഴിലാളികളുടെ ആശ്രിതർക്കുള്ള വിദ്യാഭ്യാസ ആനുകൂല്യ വിതരണം വിദ്യാലയങ്ങൾ അടഞ്ഞുകിടക്കുന്നതിനാൽ വൈകിയെങ്കിലും പ്രശ്നം വേഗം പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പത്രസമ്മേളനത്തിൽ ബോർഡ് അംഗങ്ങളായ തമ്പി കണ്ണാടൻ, സി.പി.മുരളി, ഇ.ദിവാകരൻ, മണ്ണാറം രാമചന്ദ്രൻ, പി.നാഗരത്നം, ബോർഡ് സെക്രട്ടറി കെ.എം.സുനിൽ എന്നിവരും പങ്കെടുത്തു.