അമ്പലപ്പുഴ: തോട്ടപ്പള്ളിയിൽ മത്സ്യത്തൊഴിലാളികൾക്കുള്ള ഫ്ലാറ്റ് നിർമാണത്തിനെത്തിച്ച സാധനങ്ങൾ ഇറക്കാൻ പ്രാദേശിക തൊഴിലാളികൾ 10,000 രൂപ നോക്കുകൂലി ചോദിച്ചെന്നു പരാതി.

പൈലിംഗിനായി മൂന്നു ലോഡ് സാധനങ്ങൾ തോട്ടപ്പള്ളി മണ്ണുംപുറം കോളനിയിലേക്ക് ചങ്ങനാശേരിയിൽ നിന്നാണ് എത്തിച്ചത്. കരാർ കമ്പനിയുടെ ആറ് തൊഴിലാളികളും ഉണ്ടായിരുന്നു. എന്നാൽ 25 ഓളം പ്രാദേശിക തൊഴിലാളികൾ നോക്കുകൂലി ആവശ്യപ്പെട്ട് രംഗത്തെത്തി. ലോഡിന് 600 രൂപ നിരക്കിൽ 1800 രൂപ നൽകാമെന്ന് കരാറുകാരൻ പറഞ്ഞെങ്കിലും തൊഴിലാളികൾ അംഗീകരിച്ചില്ല. തുടർന്ന് കരാറുകാരൻ നൽകിയ പരാതിയെത്തുടർന്ന് അമ്പലപ്പുഴ പോലീസ് സ്ഥലത്തെത്തി ചർച്ച നടത്തിയെങ്കിലും തൊഴിലാളികൾ മുൻ നിലപാടിൽ ഉറച്ചു നിന്നതോടെ സാധനങ്ങൾ ഇറക്കാൻ കഴിയാതെയായി.

ഉച്ചയക്ക് രണ്ടോടെ പ്രാദേശിക തൊഴിലാളികൾ മടങ്ങിപ്പോയി. വൈകിട്ട് കരാർ കമ്പനിയുടെ തൊഴിലാളികളെ ഉപയോഗിച്ച് സാധനങ്ങൾ ഇറക്കി. നോക്കുകൂലി ആവശ്യപ്പെട്ട് അനാവശ്യമായി നിർമ്മാണം തടസപ്പെടുത്തിയ തൊഴിലാളികൾക്കെതിരെ പൊലീസിൽ പരാതി നൽകണമെന്ന് സ്ഥലം സന്ദർശിച്ച മന്ത്രി ജി.സുധാകരൻ കരാറുകാരനോട് ആവശ്യപ്പെട്ടു.